കുതിച്ചുയർന്ന് വില; അടിതെറ്റി അടുക്കള
text_fieldsകണ്ണൂർ: നിത്യോപയോഗ സാധനങ്ങൾക്ക് വില കുതിക്കുന്നതോടെ അടുക്കളയുടെ താളംതെറ്റി. ദൈനംദിന ആവശ്യങ്ങൾക്ക് കടയിലേക്ക് പോകുന്നവർ നാലിരട്ടിയോളം തുകയെങ്കിലും ചെലവഴിക്കേണ്ട സ്ഥിതിയാണ്. എല്ലാ ദിവസവും വില കൂടുമ്പോൾ എന്ത് ചെയ്യണമെന്നറിയാതെ നെടുവീർപ്പിടുകയാണ് സാധാരണക്കാർ. പലചരക്കു സാധനങ്ങൾ, പച്ചക്കറി, പഴങ്ങൾ തുടങ്ങി സർവ്വതിനും വില കുതിച്ചുയരുകയാണ്. വിലനിയന്ത്രണത്തിൽ സർക്കാർ സംവിധാനം പൂർണ പരാജയമെന്നാണ് നാട്ടുകാരുടെ പരാതി. എല്ലാ ദിവസവും വില കൂടുന്നതിനാൽ പൂഴ്ത്തിവെപ്പും കൂടി. സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരുടെ പരിശോധനയൊന്നും കാര്യക്ഷമമല്ല.
വിലകൂടുമ്പോൾ വീട്ടിലെത്തുന്ന സാധനങ്ങളുടെ അളവിലും കുറവുവന്നു. ഇത് അടുക്കളയെ സാരമായി ബാധിച്ചെന്നാണ് വീട്ടമ്മമാർ പറയുന്നത്. ‘വിലയല്ലേ കൂടിയുള്ളൂ ഭക്ഷണ അളവ് എങ്ങനെ കുറക്കു’മെന്നാണ് ഇവരുടെ ചോദ്യം. വിവാഹ സൽക്കാരങ്ങളെയാണ് പച്ചക്കറി വില കാര്യമായി ബാധിച്ചത്.
തക്കാളിക്കും ഇഞ്ചിക്കുമാണ് പച്ചക്കറി ഇനത്തിൽ തീപിടിച്ച വില. ഇഞ്ചിക്ക് 280 രൂപയും തക്കാളിക്ക് 115 രൂപയുമാണ് വെള്ളിയാഴ്ച കണ്ണൂർ നഗരത്തിലെ വില. ചെറിയ ഉള്ളി 120, ബീൻസ് 90, പച്ചക്കായ 55, പൂവൻ പഴം 75, പയർ 65, പച്ചമുളക് 65, നേന്ത്രപ്പഴം 60, കാബേജ് 35, വെണ്ട 60, ഉരുളക്കിഴങ്ങ് 30, ചേന 65, ചെറുനാരങ്ങ 65 എന്നിങ്ങനെയാണ് നഗരത്തിലെ വിലക്രമം. ഗ്രാമങ്ങളിൽ വിലയിൽ നേരിയ വ്യത്യാസമുണ്ട്.
വിലവർധന കച്ചവടത്തെയും പ്രതികൂലമായി ബാധിച്ചെന്ന് വ്യാപാരികൾ പറഞ്ഞു. 25 കിലോയുടെ ഒരുപെട്ടി തക്കാളി ഇപ്പോൾ ഇറക്കുന്നേയില്ല. പത്തും പന്ത്രണ്ടും കിലോയാണ് മാർക്കറ്റിൽനിന്ന് ഇപ്പോൾ ഇറക്കുന്നതെന്നും ഇവർ പറയുന്നു. ഒരുകിലോ തക്കാളി വാങ്ങിയിരുന്ന വീട്ടുകാരാവട്ടെ നൂറും 200ഉം ഗ്രാം മാത്രമാണ് വാങ്ങുന്നത്. ചിലർ പച്ചമാങ്ങയാണ് പകരമായി ചോദിക്കുന്നത്. പച്ചമാങ്ങക്ക് കിലോ 50 രൂപയാണ് വില. എല്ലാ സാധനങ്ങൾക്കും വില ചോദിച്ചാണ് ആളുകൾ വാങ്ങുന്നതെന്നും ഇക്കാരണത്താൽ കച്ചവടം നേർപകുതിയായി കുറഞ്ഞെന്നും തെക്കിബസാറിലെ പച്ചക്കറി വ്യാപാരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.