ഇനി കീശ കാലിയാകും: കുതിച്ചുയർന്ന് പുസ്തക വില
text_fieldsകണ്ണൂർ: അച്ചടി അനുബന്ധ സാമഗ്രികളുടെ വില കുതിച്ച് കയറുന്നതോടെ നോട്ട്ബുക്കിനും പാഠപുസ്തകങ്ങൾക്കും ഇക്കുറി ചിലവേറും. വിവിധയിനം പേപ്പറുകൾക്ക് 50 ശതമാനത്തിലേറെ വില കൂടുകയും ക്ഷാമം നേരിടുകയും ചെയ്തതാണ് പുസ്തകങ്ങളുടെ വില കുതിക്കാൻ കാരണം.
200 പേജ് നോട്ട്ബുക്കിന് മാത്രം 10 രൂപയിലധികം വർധനവാണ് വന്നത്. 52 രൂപയുണ്ടായിരുന്ന നോട്ടുബുക്കുകൾക്ക് 60 രൂപയാകും. നോട്ട് പുസ്തകങ്ങൾക്ക് പുറമെ പാഠപുസ്തകങ്ങൾക്കും വൻ വില വർധനവാണ്. കൂടാതെ എഫോർ ഷീറ്റുകൾക്ക് 100 രൂപ വർധനവാണുണ്ടായത്. 150 രൂപയുണ്ടായിരുന്ന ഒരു കെട്ട് എ ഫോർ ഷീറ്റിന് ഇപ്പോൾ 250 രൂപയാണ് വില.
സാധാരണ ബ്രാൻഡഡ് അല്ലാത്ത നോട്ടു പുസ്തകങ്ങള്‍ക്ക് വില കുറവായാണ് വിപണിയില്‍ ലഭിക്കാറുള്ളത്. നിലവിലെ സാഹചര്യത്തില്‍ അവയുടെ വിലയും വര്‍ധിച്ചിട്ടുണ്ട്. കൂടാതെ പഠനോപകരണങ്ങളായ പേന, പെന്‍സിൽ എന്നിവയുടെ വിലയിലും വർധനവുണ്ടായിട്ടുണ്ട്. ഇതോടെ കുട്ടികളെ സ്കൂളിലയക്കാൻ വലിയൊരു തുക കണ്ടെത്തേണ്ടി വരുന്ന സ്ഥിതിയാണ്. വിദ്യാലയങ്ങള്‍ തുറക്കുമ്പോഴേക്കും ഇനിയും വില കൂടാന്‍ സാധ്യതയുണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്.
2016ലെ നോട്ട് നിരോധനം മുതൽക്കാണ് അച്ചടിമേഖലയിൽ പ്രതിസന്ധിയുണ്ടായത്. തുടർന്നുള്ള ജി.എസ്.ടി പ്രഖ്യാപനവും മേഖലക്ക് കനത്ത തിരിച്ചടിയായി.
നികുതി വിമുക്തമായിരുന്ന അച്ചടി മേഖലയിൽ 2005ൽ വാറ്റ് നടപ്പാക്കിയപ്പോൾ അഞ്ച് ശതമാനം നികുതി ഏർപ്പെടുത്തിയിരുന്നു. 2017ൽ ജി.എസ്.ടി കൂടി വന്നപ്പോൾ മുതൽ കൃത്യമായ ധാരണയും വ്യക്തതയുമില്ലാതെയുള്ള നിരക്കാണ് നടപ്പാക്കിയത്. അഞ്ച് ശതമാനം, 12 ശതമാനം എന്നതായിരുന്നു ഭൂരിപക്ഷം അച്ചടി ഉൽപന്നങ്ങളുടെയും നികുതി നിരക്ക്. 2021ൽ ജി.എസ്.ടി നിരക്ക് 18 ശതമാനമാക്കി കുത്തനെ കൂട്ടിയതും അച്ചടി മേഖലക്ക് തിരിച്ചടിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.