പട്ടികവിഭാഗ വിദ്യാർഥികൾക്ക് ഡിജിറ്റൽ വിദ്യാഭ്യാസത്തിന് മുഖ്യപരിഗണന -മന്ത്രി
text_fieldsകണ്ണൂർ: പട്ടികജാതി-വർഗ വിദ്യാർഥികൾക്ക് ഡിജിറ്റൽ വിദ്യാഭ്യാസം നൽകുന്നതിന് മുഖ്യപരിഗണന നൽകുമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ. കണ്ണൂർ താണയിൽ പട്ടികജാതി വികസനവകുപ്പിന്റെ കീഴിലെ ബോയ്സ് പോസ്റ്റ്മെട്രിക് ഹോസ്റ്റലിനായി പുതുതായി നിർമിച്ച കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുതിയകാലത്ത് ഡിജിറ്റൽ സാക്ഷരത അനിവാര്യമാണ്. ആധുനിക സാങ്കേതികവിദ്യകൾ ഗുണകരമായ മാറ്റത്തിന് ഉപയോഗപ്പെടുത്തണം. പ്രീ മെട്രിക്, പോസ്റ്റ് മെട്രിക് ഹോസ്റ്റൽ സൗകര്യങ്ങൾ ഒരുക്കുന്നതോടെ പിന്നാക്ക വിഭാഗങ്ങളിൽനിന്ന് കൂടുതൽ കുട്ടികൾ ഉന്നത വിദ്യാഭ്യാസത്തിന് കടന്നുവരുന്നുണ്ട്.
അവർക്കുള്ള എല്ലാ ഭൗതികസാഹചര്യങ്ങളും സർക്കാർ ഒരുക്കും. പട്ടികജാതി-വർഗ വിഭാഗത്തിന്റെ ഉന്നമനത്തിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നൽകുന്ന ഫണ്ട് കാര്യക്ഷമമായി വിനിയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ അധ്യക്ഷത വഹിച്ചു. മേയർ ടി.ഒ. മോഹനൻ, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യ എന്നിവർ വിശിഷ്ടാതിഥികളായി.
ഹോസ്റ്റൽ ആധുനിക സൗകര്യങ്ങളോടെ
ആധുനിക സൗകര്യങ്ങളോടുകൂടിയ ജില്ലയിലെ ഏക പോസ്റ്റ് മെട്രിക് ഹോസ്റ്റലാണ് താണയിലേത്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ബിരുദം, ബിരുദാനന്തര ബിരുദം, മറ്റ് ടെക്നിക്കല്‍ കോഴ്സുകള്‍ക്ക് പോകുന്ന പട്ടികജാതി വിഭാഗത്തില്‍പെടുന്ന വിദ്യാര്‍ഥികള്‍ക്കായാണ് ഹോസ്റ്റല്‍ പ്രവര്‍ത്തിക്കുന്നത്.
നേരത്തെയുള്ള കെട്ടിടം കാലപ്പഴക്കംകാരണം പഴകിയതോടെ രാമചന്ദ്രന്‍ കടന്നപ്പള്ളി എം.എൽ.എയുടെ ഇടപെടലിനെ തുടര്‍ന്ന് പുതിയ കെട്ടിടത്തിന് കിഫ്ബിയില്‍ ഉള്‍പ്പെടുത്തി രണ്ടു കോടി അനുവദിക്കുകയായിരുന്നു.
പുതിയ കെട്ടിടത്തില്‍ മൂന്ന് നിലകളിലായി കിടപ്പുമുറികള്‍, വിനോദം, വായന, രോഗശുശ്രൂഷ എന്നിവക്കുള്ള സ്ഥലം, വാര്‍ഡനും സന്ദര്‍ശകര്‍ക്കുമുള്ള മുറികള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. വിശാലമായ പാര്‍ക്കിങ് സ്ഥലം, ഭക്ഷണശാല, അടുക്കള എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. പുതിയ ഹോസ്റ്റലില്‍ 60 പേര്‍ക്ക് താമസിക്കാനാകും.
താമസവും ഭക്ഷണവും സൗജന്യമാണ്. ഭാവിയില്‍ സോളാര്‍ പാനല്‍, ലിഫ്റ്റ് എന്നിവ സ്ഥാപിക്കാനുള്ള സൗകര്യവുമുണ്ട്. കണ്ണൂരിന് പുറമെ മലപ്പുറം, കോഴിക്കോട്, കാസര്‍കോട്, വയനാട്, പത്തനംതിട്ട എന്നിവിടങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികളും ഹോസ്റ്റലിൽ താമസിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.