പെരിങ്ങത്തൂരിൽ പുസ്തകങ്ങൾക്ക് ‘തടവറ’
text_fieldsപെരിങ്ങത്തൂർ: 20 വർഷമായി ഒരു തദ്ദേശ സ്ഥാപനം ഗ്രന്ഥാലയവും വായനശാലയും പൂട്ടിയിട്ടിരിക്കുകയാണ്. പാനൂർ നഗരസഭയുടെ പെരിങ്ങത്തൂർ ടൗണിലുള്ള സാംസ്കാരിക കേന്ദ്രത്തിന്റെ അവസ്ഥയാണിത്. സ്വന്തം കെട്ടിടത്തിൽ വായനശാലക്കും ഗ്രന്ഥാലയത്തിനും പ്രത്യേക മുറികളുണ്ടിവിടെ. ഗ്രന്ഥാലയത്തിലെ അലമാരയിൽ എണ്ണൂറോളം പുസ്തകങ്ങൾ വർഷങ്ങൾക്ക് മുമ്പ് പൂട്ടിയിട്ട നിലയിലാണ്. പരിസരത്തൊന്നും മറ്റു വായനശാലയോ ഗ്രന്ഥാലയമോ ഇല്ലാത്തപ്പോഴാണ് വായനക്കാരോട് പ്രാദേശിക ഭരണകൂടത്തിന്റെ ഈ അവഗണന.
പെരിങ്ങളം പഞ്ചായത്തിന്റെ ഉടമസ്ഥതയിലായിരുന്നു വർഷങ്ങൾക്ക് മുമ്പേ ഈ കേന്ദ്രം. 1991 ഡിസംബർ ആറിനാണ് കേന്ദ്രം ഉൾപ്പെടുന്ന കെട്ടിടം ഉദ്ഘാടനം ചെയ്തത്. പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ചായിരുന്നു നിർമാണം. അക്കാലത്താണ് പത്രങ്ങളും മാസികകളും ഇവിടെ അവസാനമായി വന്നത്. മിക്ക പ്രസിദ്ധീകരണങ്ങളും അന്നുണ്ടായിരുന്നു. പെരിങ്ങത്തൂരിലെ സഹൃദയരായ വായനക്കാർ ഓരോ മാസികകളും പ്രസിദ്ധീകരണങ്ങളും സംഭാവനയായി നൽകി നിലനിർത്തിയ കേന്ദ്രമായിരുന്നു ഇത്. കുറച്ചുകാലം നന്നായി പ്രവർത്തിച്ചു. പിന്നീടുവന്ന പഞ്ചായത്ത് ഭരണസമിതിക്കും താൽപര്യമില്ലാതായതോടെ പ്രവർത്തനം നിലച്ചു. അന്ന് പെരിങ്ങളം സാംസ്കാരിക കേന്ദ്രം എന്നായിരുന്നു പേര്.
2015ൽ പാനൂർ നഗരസഭ നിലവിൽ വന്നതോടെ പെരിങ്ങളം നഗരസഭയുടെ ഭാഗമായി. പിന്നീട് കേന്ദ്രത്തിന്റെ പേര് മാത്രം മാറ്റി. ചുമരുകൾക്ക് പുതിയ ചായംതേച്ച് നഗരസഭയുടെ പേരെഴുതിച്ചേർത്തു.
നഗരസഭയുടെ കീഴിൽ എട്ടു വർഷമായിട്ടും കേന്ദ്രം തുറക്കാൻ ഒരു നടപടിയുമുണ്ടായില്ല. ടൗണിന്റെ ഹൃദയഭാഗത്ത് തലയുയർത്തി നിൽക്കുന്ന ഈ കേന്ദ്രം തുറന്നുകിട്ടാൻ സാംസ്കാരിക-രാഷ്ടീയ മേഖലകളിലെ പ്രവർത്തകർ പലതവണ നിവേദനം നൽകിയെങ്കിലും നിരാശയായിരുന്നു ഫലം.
ഈ കേന്ദ്രം എപ്പോൾ തുറക്കുമെന്നാണ് നാട്ടുകാർക്ക് അറിയേണ്ടത്. പുസ്തങ്ങളും ഫർണിച്ചറുകളും ഈ മുറിയിൽ നശിക്കുമ്പോൾ അക്ഷരസ്നേഹികൾ പ്രതിഷേധത്തിലാണ്. ടൗണിൽ തന്നെ ഹയർ സെക്കൻഡറി, ടി.ടി.ഐ, ബി.എഡ് സെന്റർ തുടങ്ങിയവയും പ്രവർത്തിക്കുന്നുണ്ട്. കൂടാതെ നിരവധി സ്കൂളുകളും ഈ പരിസരങ്ങളിലുമുണ്ട്. വിദ്യാർഥികൾക്കാവശ്യമായ നിരവധി റഫറൻസ് ഗ്രന്ഥങ്ങൾ ഈ ലൈബ്രറിയിലുണ്ട്. ഉപയോഗപ്പെടുത്താൻ ആയിരക്കണക്കിന് വിദ്യാർഥികളും മറ്റും പ്രദേശത്ത് ഉണ്ടായിരിക്കെയാണ് വായനശാലയും ഗ്രന്ഥാലയവും നാഥനില്ലാത്തെ അടഞ്ഞുകിടക്കുന്നത്. വല്ലപ്പോഴും ഈ സാംസ്കാരിക നിലയം തുറന്ന് യോഗാ ക്ലാസുകൾ നടക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.