ഇങ്ങനെ പോയാൽ ഡബ്ൾ ബെൽ നിലക്കും...
text_fieldsകണ്ണൂർ: ലോക്ഡൗണ്‍ പിന്‍വലിച്ച് പൊതുഗതാഗതം പുനരാരംഭിച്ചിട്ടും ലാഭകരമാകാതെ ബസ് സർവിസുകൾ. കോവിഡും ഇന്ധനവിലവര്‍ധനയും വരുത്തിവെച്ച ഭീമമായനഷ്ടം സഹിച്ച് സര്‍വിസ് നടത്താനാവില്ലെന്ന നിലപാടിലാണ് ബസുടമകൾ. ഇതിന് പിന്നാലെ സർക്കാറിെൻറ ഒറ്റ -ഇരട്ടയക്ക ക്രമീകരണം ഇരട്ടി പ്രതിസന്ധിയാണ് മേഖലയിൽ വരുത്തി തീർത്തിരിക്കുന്നത്.
രജിസ്ട്രേഷൻ ഒറ്റ, ഇരട്ട അക്കം അനുസരിച്ച് ഒന്നിടവിട്ട ദിവസങ്ങളിൽ ബസുകൾ സർവിസ് നടത്തണമെന്നാണ് സർക്കാറിെൻറ നിർദേശം. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ നിരത്തുകളിൽ ബസുകളുടെ തിരക്ക് ഒഴിവാക്കാനാണ് സർക്കാർ ഇങ്ങനെയൊരു ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, കോവിഡ് പ്രതിസന്ധിക്കിടയിൽ നഷ്ടം കാരണം മിക്ക ബസുകളും സർവിസ് നടത്താത്ത അവസ്ഥയാണ്.
അതിനാൽ ഇത്തരമൊരു ക്രമീകരണത്തിെൻറ ആവശ്യമില്ലെന്നാണ് ബസുടമകളും തൊഴിലാളികളും യൂനിയൻ നേതാക്കളും ഒരുപോലെ പറയുന്നത്. പുതിയ മാർഗനിർദേശം തൊഴിൽ മേഖലയെ കൂടുതൽ ദുരിതത്തിലാക്കുമെന്നാണ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷെൻറ നിലപാട്.
വ്യാഴം, വെള്ളി ദിവസങ്ങളിൽ സർവിസ് നടത്തിയെങ്കിലും ഇന്ധനത്തിനുള്ള വരുമാനം പോലും ബസുടമകൾക്ക് ലഭിച്ചിട്ടില്ല. ദീർഘദൂര റൂട്ടുകളിലടക്കം വിരലില്ലെണ്ണാവുന്ന യാത്രക്കാർ മാത്രമാണ് ബസിൽ കയറിയത്. റോഡ് നികുതിയില്‍ ഇളവ് അനുവദിച്ചാല്‍പോലും നിലവിലെ സാഹചര്യത്തില്‍ സര്‍വിസ് ലാഭകരമാകില്ലെന്നാണ് ഉടമകളുടെ നിലപാട്.
ഒന്നരമാസമായി സ്വകാര്യ ബസുകള്‍ ഓട്ടം നിര്‍ത്തിയിട്ട്. ചില ജില്ലകളിൽ പച്ചക്കറിവ്യാപാരത്തിനും തട്ടുകട നടത്താനും ബസ് ഉപയോഗിച്ച് തുടങ്ങിയ വ്യാപാരികളുമുണ്ട്. ഇന്ധനവില പ്രതിദിനം വർധിക്കുകയാണ്.
ഈ നിരക്കില്‍ ഡീസല്‍ നിറച്ച് സര്‍വിസ് നടത്തുമ്പോള്‍ ഇന്ധനച്ചെലവും ജീവനക്കാരുടെ ശമ്പളവുമടക്കം പ്രതിദിനം 8000 രൂപയോളം ചെലവാകും. ജീവനക്കാരുടെ ബോണസ്, ക്ഷേമനിധി, ബസ് പരിപാലനം എന്നീ ഇനങ്ങളിലെ ചെലവു വേറെ.
കൂടാതെ കോവിഡ് ഭീതിമൂലം ജനങ്ങള്‍ പൊതുഗതാഗതത്തെ ആശ്രയിക്കാന്‍ മടിക്കുമെന്നതിനാല്‍ കൂടുതല്‍ വരുമാനം കിട്ടില്ലെന്നും ഇത്രയും വലിയ നഷ്ടം സഹിച്ച് സര്‍വിസ് മുന്നോട്ടുകൊണ്ടുപോകാനാകില്ലെന്നുമാണ് ജില്ല ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ നേതാക്കൾ പറയുന്നത്.
സ്വകാര്യ ബസ് വ്യവസായത്തെ സർക്കാർ അവഗണിക്കുന്നു
സർക്കാർ സ്വകാര്യ ബസ് വ്യവസായത്തെ അവഗണിക്കുകയാണ്. നികുതിയിളവ്, ഡീസൽ സബ്സിഡി തുടങ്ങിയ ബസ് ഉടമകളുടെ ആവശ്യങ്ങളൊന്നും സർക്കാർ അംഗീകരിച്ചില്ല. ഇതിനിടയിലാണ് നമ്പർ ക്രമീകരണം ഏർപ്പെടുത്തിയത്. കോവിഡ് മഹാമാരിക്കിടയിൽ വീണ്ടും മറ്റൊരു പ്രതിസന്ധിയാണ് നമ്പർ വരുത്തി തീർത്തിരിക്കുന്നത്.
വരും ദിവസങ്ങളിൽ കൂടുതൽ ബസുകൾ സർവിസ് നിർത്തിവെക്കും. ദിനംപ്രതി കൂടുന്ന ഇന്ധനവില താങ്ങാവുന്നതിനപ്പുറമാണ്. ഈ നിലയിൽ വ്യവസായത്തിന് മുന്നോട്ടുപോകാൻ സാധിക്കില്ല. ഇൻഷുറൻസ് പ്രീമിയം തുക കുറക്കണമെന്ന ആവശ്യം പോലും സർക്കാർ അംഗീകരിച്ചിട്ടില്ല. അതിനാൽ വരും ദിവസങ്ങളിൽ കൂടുതൽ സർവിസുകൾ നിർത്തിവെക്കും. സർക്കാർ ഒരു ആലോചനയും നടത്താതെയാണ് ഒറ്റ -ഇരട്ടയക്ക ക്രമീകരണം ഏർപ്പെടുത്തിയത്.
–രാജ്കുമാർ കരുവാരത്ത് (ജില്ല ബസ് ഓപറേറ്റേഴ്സ് അസോ. സെക്രട്ടറി)
സർവിസ് തീർത്തും നഷ്ടം –ജില്ല ഡി.ടി.ഒ
നിലവിലെ സ്ഥിതിയിൽ മുഴുവൻ കെ.എസ്.ആർ.ടി.സി സർവിസുകളും നഷ്ടത്തിലാണ് ഓടുന്നതെന്ന് ജില്ല ഡി.ടി.ഒ. ഇന്ധനം നിറക്കാനുള്ള വരുമാനം പോലും ലഭിക്കുന്നില്ല. ഒറ്റ -ഇരട്ടയക്ക ക്രമീകരണം കെ.എസ്.ആർ.ടി.സിക്ക് ബാധകമല്ല. എങ്കിലും കോവിഡ് ഭീതിയിൽ മിക്കവരും ബസ് യാത്രക്ക് മുതിരുന്നില്ല. വരും ദിവസങ്ങളിൽ കൂടുതൽ ബസുകൾ സർവിസ് നടത്തുമെന്നും ഡി.ടി.ഒ അറിയിച്ചു.
നമ്പർ നയം പരിഷ്കരിക്കണം –മോട്ടോർ ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂനിയൻ
കണ്ണൂർ: ആഴ്ചയിൽ അഞ്ചുദിവസം മാത്രം സർവിസ് നടത്തേണ്ടുന്ന ബസുകളിൽ ഒറ്റ, ഇരട്ട നമ്പർ തീരുമാനം പ്രായോഗികമാവാൻ ഇടയില്ലെന്ന് മോട്ടോർ ട്രാൻസ്പോർട്ട് എംേപ്ലായീസ് യൂനിയൻ (സി.ഐ.ടി.യു).ഇന്ധന വിലവർധനവും ലോക്ഡൗൺ പരിക്കുകളും കഴിഞ്ഞ് ഓടാൻ സാധ്യതയുള്ള ബസുകളിൽ പിന്നെയും നിയന്ത്രണം വരുമ്പോൾ പൊതുയാത്ര ദുസ്സഹമാവും.
ഉത്തരവ് ഉടമകളോടും തൊഴിലാളി സംഘടനകളോടും ചർച്ച ചെയ്ത് പരിഷ്കരിച്ച് നടപ്പാക്കണമെന്ന് യൂനിയൻ സെക്രട്ടറി കെ. ജയരാജൻ മുഖ്യമന്ത്രി പിണറായി വിജയനോട് അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.