വേളാപുരത്ത് പേരിനൊരു അടിപ്പാതയോ?
text_fieldsപാപ്പിനിശ്ശേരി: ദേശീയപാത വികസനത്തിന്റെ ഭാഗമായി വേളാപുരത്ത് അനുവദിച്ച അടിപ്പാതക്കെതിരെ വ്യാപക പ്രതിഷേധം.
രണ്ടു മീറ്റർ വീതിയിൽ അടിപ്പാത അനുവദിക്കാമെന്ന് മാസങ്ങൾക്കു മുമ്പേ സമരസമിതി ചെയർമാനും പഞ്ചായത്ത് പ്രസിഡന്റുമായ എ.വി. സുശീലക്ക് ദേശീയപാത അധികൃതരുടെ കത്ത് ലഭിച്ചതായി അറിയിച്ചിരുന്നു.
എന്നാൽ, അതിൽനിന്ന് ഒരു മാറ്റവും വരുത്താതെയാണ് ഇപ്പോൾ അടിപ്പാത അനുവദിച്ചത്. ഇതിനെതിരെ വേളാപുരത്ത് വീണ്ടും ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ സമരസമിതിയും പ്രദേശവാസികളും തീരുമാനിച്ചു.
അടിപ്പാത നിർമിക്കുമ്പോൾ ബസ് കടന്നുപോകാനുള്ള സൗകര്യമില്ലെങ്കിൽ പ്രവൃത്തി തടയാനും സമരം ശക്തമാക്കാനുമാണ് തീരുമാനം. എം.പി അടക്കമുള്ള ജനപ്രതിനിധികളെയും പ്രദേശവാസികളെയും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് കേന്ദ്രമന്ത്രി ഇപ്പോൾ ഇറക്കിയ ഉത്തരവ്. നിരവധി ബസുകൾ കടന്നുപോകുന്ന പ്രധാന കവലയാണ് വേളാപുരം കവല. കണ്ണൂർ ഭാഗത്തുനിന്ന് അരോളി മാങ്കടവ് വഴി പറശ്ശിനിക്കടവിലേക്ക് എളുപ്പം എത്താവുന്ന മാർഗമായതിനാൽ എട്ട് ബസുകൾ നിലവിൽ വേളാപുരം കവല വഴി പറശ്ശിനിക്കടവിലേക്ക് സർവിസ് നടത്തിവരുന്നുണ്ട്.
അരോളി ഹയർ സെക്കൻഡറി സ്കൂൾ, നിരവധി പ്രൈമറി സ്കൂളുകൾ, ക്ഷേത്രങ്ങൾ, വില്ലേജ് ഓഫിസ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് കണ്ണൂർ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾക്ക് കടക്കാൻ പാകത്തിലുള്ള അടിപ്പാത വേളാപുരത്ത് കൂടിയേ തീരൂ എന്നാണ് ജനം ആവശ്യപ്പെടുന്നത്.
കെ. സുധാകരൻ എം.പി ഉൾപ്പെടെ മന്ത്രിമാർക്കും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾക്കും കർമസമിതി നിവേദനങ്ങൾ നൽകിയിരുന്നു. എന്നാൽ, ഇപ്പോൾ അനുവദിച്ച അടിപ്പാത പ്രകാരം ബസുകൾക്ക് കടന്നുപോകാൻ സാധ്യമല്ല. ഇത്തരം അടിപ്പാത ഇവിടെ ആവശ്യമില്ലെന്നും സമരസമിതി നേതാക്കൾ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.