ഇതുവരെ പൊലിഞ്ഞത് 12 ജീവനുകൾ
text_fieldsകേളകം: ആറളം, കൊട്ടിയൂർ വനപരിധികളിൽ കാട്ടാനക്കൊമ്പിൽ ജീവൻ പൊലിയുന്നവരുടെ എണ്ണം പെരുകുന്നു. കഴിഞ്ഞ ആറ് കൊല്ലത്തിനിടെ കൊട്ടിയൂർ പഞ്ചായത്തിലും ആറളം ഫാമിലും ആദിവാസി പുനരധിവാസ മേഖലയിലുമായി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം പന്ത്രണ്ടായി. വ്യാഴാഴ്ച രാവിലെ വിറക് ശേഖരിക്കാനിറങ്ങിയ നാൽപത്തിയഞ്ചുകാരൻ ദാമുവാണ് ഒടുവിലായി കാട്ടാനയുടെ കാൽച്ചുവട്ടിൽ ജീവൻ പൊലിഞ്ഞ ആദിവാസി ഭൂമിയിലെ രക്തസാക്ഷി. കഴിഞ്ഞ ജനുവരി 31ന്കാട്ടാനയുടെ ചവിട്ടേറ്റ് ചെത്ത് തൊഴിലാളി മട്ടന്നൂർ കൊളപ്പ സ്വദേശി റിജേഷിനെ ഫാം ഒന്നാം ബ്ലോക്കിൽ കാട്ടാന ചവിട്ടിക്കൊന്നിരുന്നു. ഫാം ഏഴാം ബ്ലോക്കിലെ ബാബു - സിന്ധു ദമ്പതികളുടെ മകൻ ബിബിഷ് എന്ന യുവാവും കൊല്ലപ്പെട്ടു. തുടർന്ന് ഇരിട്ടിക്കടുത്ത ഉളിക്കൽ മട്ടിണിയിലെ പെരിങ്കരി ചെങ്ങഴശ്ശേരിയിൽ ജസ്റ്റിൻ ഭാര്യക്കൊപ്പം ബൈക്കിൽ പള്ളിയിലേക്ക് പോകുംവഴി കാട്ടാനക്കൊമ്പിൽ ജീവൻ പൊലിഞ്ഞു. ഒപ്പമുണ്ടായിരുന്ന ഭാര്യ ജിനി ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടു. ആറളം ഫാം ആദിവാസി പുനരധിവാസ കേന്ദ്രമാക്കി മാറ്റിയതിനുശേഷം 2014 ഏപ്രിലിൽ ചോമാനിയിൽ മാധവി എന്ന ആദിവാസിയായിരുന്നു ആദ്യം അക്രമത്തിന് ഇരയായത്. പിന്നീട് 2016ൽ ബാലൻ, 2017 മാർച്ച് 7 ന് അമ്മിണി എന്നിവരും കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. അമ്മിണിയുടെ മരണം കഴിഞ്ഞു ഒരു മാസം തികയുമ്പോൾ ഏപ്രിൽ 6ന് ഫാമിലെ കൈതച്ചക്ക കൃഷിയുടെ വാച്ചർ ആയിരുന്ന എടപ്പുഴ സ്വദേശി റജി എബ്രഹാം ഫാമിനകത്തുതന്നെ കൊല്ലപ്പെട്ടു. തുടർന്ന് കൃഷ്ണനും കാട്ടുകൊമ്പന്റെ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ടു. ഇവരെല്ലാം മരണം വരിച്ചത് തങ്ങളുടേതല്ലാത്ത കാരണത്താൽ ആണ്. ആനകൾക്ക് പുറമേ കാട്ടുപന്നിയുടെ ആക്രമണത്തിൽ ചീര എന്ന ഒരു ആദിവാസി സ്ത്രീ കൂടി 10 വർഷത്തിനു മുമ്പ് ഫാമിൽ മരണമടഞ്ഞിരുന്നു. ഫാമിന് പുറത്ത് ഇതേ വനമേഖല പങ്കിടുന്ന കേളകം, കൊട്ടിയൂർ പഞ്ചായത്തുകളിലും കാട്ടാന ആക്രമണത്തിൽ അടുത്തകാലത്ത് മൂന്നു പേർ മരിച്ചിരുന്നു. ഇതോടെ പേരാവൂർ മണ്ഡലത്തിൽ കാട്ടാനകളുടെയും വന്യമൃഗങ്ങളുടേയും ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം പന്ത്രണ്ടായി. കൃഷിയിടങ്ങളിൽ നട്ടുനനച്ചുണ്ടാക്കിയ വിളകളും വ്യാപകമായി നശിപ്പിക്കപ്പെടുകയാണ്.
• പ്രഖ്യാപനങ്ങൾ പാഴ്വാക്കുകൾ
വന്യജീവികളിൽനിന്ന് സംരക്ഷണം നൽകുമെന്ന ഭരണകൂടങ്ങളുടെ പ്രഖ്യാപനം വെറും പാഴ് വാക്കാകുന്നതിന്റെ നേർക്കാഴ്ചയാണ് മലയോരവാസികളുടെ കണ്മുന്നിൽ കണ്ടുകൊണ്ടിരിക്കുന്നത്. കാടുവിട്ട് നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങൾക്ക് മാത്രം സംരക്ഷണം നൽകുന്ന നയംമൂലം മനുഷ്യജീവനുകൾക്ക് വിലയില്ലാതാവുന്ന കാഴ്ചകളാണ് ഇവയെല്ലാം.
ശാശ്വതമായ ഒരു നടപടിയും ഇല്ലാതെ ഓരോ ജീവൻ പൊലിയുമ്പോഴും അധികൃതർ നടപ്പാക്കാത്ത വാഗ്ദാനങ്ങൾ നൽകി പ്രതിഷേധം തണുപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. മുമ്പ് ദേവു എന്ന ആദിവാസി വയോധികയെ കാട്ടാന ചവിട്ടിക്കൊന്നപ്പോൾ വൻ പ്രതിഷേധമാണ് ഉടലെടുത്തത്. വന്യജീവികൾ കാട്ടിൽനിന്നും കാടതിർത്തികളിൽ നിന്നും കിലോമീറ്ററുകളോളം സഞ്ചരിച്ച് ജനവാസ കേന്ദ്രങ്ങളിൽ പ്രവേശിച്ച് മനുഷ്യജീവിതങ്ങൾ ചവിട്ടിമെതിക്കുമ്പോൾ, സർക്കാർ സംവിധാനങ്ങൾ മനുഷ്യജീവനുകളേക്കാൾ മൃഗങ്ങളുടെ സംരക്ഷണത്തിനാണ് മുഖ്യ പരിഗണന നൽകുന്നതെന്നാണ് കർഷകരുടെ നിലപാട്. ജനങ്ങളുടെ ജീവൻ കാട്ടുമൃഗങ്ങളുടെ കാൽച്ചുവട്ടിൽ പൊലിഞ്ഞുകൊണ്ടിരിക്കുമ്പോൾ ഇനിയും ക്ഷമിച്ചുനിൽക്കാനാവിെല്ലന്ന നിലപാടാണ് പുനരധിവാസ മേഖലയിലെ ജനങ്ങളും നാട്ടുകാരും.
കൊലക്കുറ്റത്തിന് കേസെടുക്കണം -കോൺഗ്രസ്
പേരാവൂർ: ആറളം ഫാമിൽ കാട്ടാനയുടെ ചവിട്ടേറ്റ് യുവാവ് മരിക്കാനിടയായ സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ഇരിട്ടി ബ്ലോക്ക് കോൺഗ്രസ്. യുവാവിന്റെ കുടുംബത്തിന് അടിയന്തരമായി നഷ്ടപരിഹാരം ലഭ്യമാക്കാനും ആശ്രിതർക്ക് ജോലി നൽകാനും ഉത്തരവാദിത്തപ്പെട്ടവർ തയാറാകണമെന്നും പ്രസിഡന്റ് തോമസ് വർഗീസ് പറഞ്ഞു. ആദിവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ച രാവിലെ 10ന് സത്യഗ്രഹ സമരം നടത്തും.
ആനമതിൽ എവിടെ
കാട്ടാനകളുടെ ആക്രമണത്തിൽ ദാരുണ മരണങ്ങൾ പെരുകാതിരിക്കാൻ വനാതിർത്തികളിൽ ആന മതിൽ ഉൾപ്പെടെ പ്രതിരോധ സംവിധാനം ശക്തമാക്കണമെന്ന ആവശ്യത്തിനും പഴക്കമുണ്ട്. എന്നാൽ നടപ്പായിട്ടില്ല. കാട്ടാന ഭീതി മൂലം വനാതിർത്തിപ്രദേശത്തെ ജനങ്ങൾ ശാന്തമായുറങ്ങിയിട്ട് വർഷങ്ങളായി. ജനവാസ കേന്ദ്രങ്ങളിൽ വട്ടമിടുന്ന കാട്ടാനകളെ തുരത്തി പ്രതിരോധ സംവിധാനങ്ങൾ ഫലവത്തായി നടപ്പാക്കുകയാണ് പരിഹാര മാർഗം. ആറളം ഫാമിന്റെ അതിർത്തിയിൽ ആനമതിൽ സ്ഥാപിക്കാനുള്ള 22 കോടി രൂപയുടെ പദ്ധതി വനംവകുപ്പ് മേധാവികൾതന്നെ അട്ടിമറിച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് പ്രദേശവാസികൾ. ആനമതിൽ വേണമെന്ന മന്ത്രിതല സമിതിയുടെ നിർദേശത്തിനും കടക്കൽ കത്തിവെച്ച് വനാതിർത്തിയിൽ തൂക്ക് വൈദ്യുതി വേലി മതിയെന്നായിരുന്നു ഉന്നത വനം ഉദ്യോഗസ്ഥരുടെ നിർദ്ദേശം. ഫലം പദ്ധതി വർഷങ്ങളായി ചുവപ്പ് നാടയിൽ കുടുങ്ങുകയും ആറളത്തും പരിസരങ്ങളിലും ആനക്കലി മൂലമുള്ള മരണപ്പട്ടിക പെരുകുകയും ചെയ്യുന്നു. ഇനി വിട്ടുവീഴ്ചക്കില്ലെന്ന നിലപാടിലാണ് ആറളത്തെ ആദിവാസി ജനത. ആറളം വനാതിർത്തിയിൽ യുദ്ധകാലാടിസ്ഥാനത്തിൽ ആനമതിൽ നിർമിക്കണമെന്നാണ് എക്കാലെത്തയും ആവശ്യം. ഈ വിഷയത്തിൽ സർക്കാർ ഉറച്ച നിലപാടെടുത്തില്ലെങ്കിൽ കാടിന്റെ മക്കളുടെ രോദനം വീണ്ടും വനരോദനമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.