മേയർ ടി.ഒ. മോഹനനെതിരെ പ്രതിഷേധം തുടരുന്നു; പ്രതിരോധിക്കാൻ വനിത കൗൺസിലർമാർ
text_fieldsകണ്ണൂർ: കോർപറേഷൻ വളപ്പിലെ കുടുംബശ്രീ ഹോട്ടൽ പൊളിച്ചുമാറ്റിയതിൽ പ്രതിഷേധിച്ച് കുടുംബശ്രീ അംഗങ്ങൾ നടത്തുന്ന സമരം തുടരുന്നു. കോർപറേഷൻ ഓഫിസിന് സമീപം പന്തൽ കെട്ടിയാണ് സമരം. വെള്ളിയാഴ്ച രാവിലെ ഓഫിസിലെത്തിയ മേയർ ടി.ഒ. മോഹനനെതിരെ പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു.
സംഘർഷ സാധ്യത കണക്കിലെടുത്ത് രാവിലെ മുതൽ ഓഫിസ് പരിസരത്ത് പൊലീസ് നിലയുറപ്പിച്ചിരുന്നു. വിവിധ ആവശ്യങ്ങൾക്കായി എത്തിയവരോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞാണ് ഗേറ്റിനുള്ളിലേക്ക് കടത്തിവിട്ടത്. കുടുംബശ്രീ പ്രവർത്തകർ മേയറെ തടയുന്നത് തടയാനായി യു.ഡി.എഫ് വനിത കൗൺസിലർമാർ ഓഫിസിന് മുന്നിൽ നിലയുറപ്പിച്ചിരുന്നു.
എന്നാൽ, വ്യാഴാഴ്ച നടത്തിയ പോലെയുള്ള കൈയാങ്കളിക്ക് കുടുംബശ്രീക്കാർ മുതിർന്നില്ല. വ്യാഴാഴ്ച ഓഫിസിലേക്ക് കയറ്റാതെ മേയറെ തടയുകയും അപമാനിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ 18 കുടുംബശ്രീ പ്രവർത്തകരെ അറസ്റ്റ് ചെയ്തിരുന്നു. മേയറെ തടഞ്ഞ പ്രവർത്തകരെ വനിത പൊലീസുകാർ ഏറെ പണിപ്പെട്ടാണ് അറസ്റ്റ് ചെയ്തത്. കോർപറേഷൻ വളപ്പിൽ പ്രവർത്തിച്ചിരുന്ന ചുരുങ്ങിയ ചെലവിൽ ഭക്ഷണം ലഭിച്ചിരുന്ന ടേസ്റ്റ് ഹട്ട് ഹോട്ടൽ കോർപറേഷൻ അധികൃതർ പൊളിച്ചുമാറ്റിയതോടെയാണ് സംഭവങ്ങൾക്ക് തുടക്കം. റഫ്രിജറേറ്റർ, മിക്സി അടക്കമുള്ള മൂന്നുലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയതായി കാണിച്ച് കുടുംബശ്രീ അംഗങ്ങൾ സിറ്റി പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. ഇതേ തുടർന്ന് ടൗൺ പൊലീസ് കോർപറേഷനെതിരെ കേസെടുത്തു. എന്നാൽ, പുതിയ ഓഫിസ് നിർമാണവുമായി ബന്ധപ്പെട്ടാണ് ഹോട്ടൽ പൊളിച്ചതെന്നും നേരത്തെ കുടുംബശ്രീ അംഗങ്ങൾക്ക് നോട്ടീസ് നൽകിയിരുന്നെന്നും മേയർ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.