ബി.ജെ.പി വിദ്വേഷ പ്രകടനം; തലശ്ശേരിയിൽ പ്രതിഷേധമിരമ്പി
text_fieldsതലശ്ശേരി: കെ.ടി. ജയകൃഷ്ണൻ ബലിദാന ദിനത്തോടനുബന്ധിച്ച് ബുധനാഴ്ച വൈകീട്ട് തലശ്ശേരിയിൽ ബി.ജെ.പി പ്രവർത്തകർ നടത്തിയ ജില്ല റാലിയിൽ മുസ്ലിംകൾക്കെതിരെ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയ സംഭവത്തിൽ നാടെങ്ങും പ്രതിഷേധമിരമ്പി. വിവിധ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി.
പ്രകോപനപരമായ മുദ്രാവാക്യമുയർത്തിയവർക്കെതിരെ കർശനമായ ശിക്ഷാ നടപടി വേണമെന്നാണ് വിവിധ സംഘടനകൾ ആവശ്യപ്പെട്ടിട്ടുള്ളത്. പൊലീസ് സംഭവം വേണ്ടത്ര ഗൗരവത്തിലെടുത്തില്ലെന്ന ആക്ഷേപവും ഇതിനിടെ ഉയർന്നുവന്നിട്ടുണ്ട്. യൂത്ത് ലീഗ്, യൂത്ത് കോൺഗ്രസ്, എസ്.ഡി.പി.ഐ സംഘടനകളുടെ നേതൃത്വത്തിൽ വ്യാഴാഴ്ച വൈകീട്ട് തലശ്ശേരിയിൽ പ്രതിഷേധ പ്രകടനം നടന്നു. നൂറുകണക്കിന് ആളുകൾ പങ്കെടുത്ത പ്രകടനത്തിൽ യുവമോർച്ച - സംഘ് പരിവാർ വിദ്വേഷ മുദ്രാവാക്യത്തിനെതിരെ കടുത്ത പ്രതിഷേധം അലയടിച്ചു.
യൂത്ത് ലീഗ് പ്രവർത്തകർ തലശ്ശേരിയിൽ നടത്തിയ പ്രതിഷേധ പ്രകടനം
യൂത്ത് ലീഗ് പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് പൊതുയോഗം സംഘടിപ്പിച്ചു. അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്തു. മുസ്ലിംകൾക്കെതിരെ വിദ്വേഷ പ്രചാരണം നടത്തുന്ന സംഘ്പരിവാറിനെതിരെ നടപടി വേണമെന്ന് ഐ.എൻ.എൽ ജില്ല ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു. മഹ്മൂദ് പറക്കാട്ട് അധ്യക്ഷത വഹിച്ചു. കെ.പി. യൂസുഫ്, ഇഖ്ബാൽ പോപുലർ, ബി.പി. മുസ്തഫ, ഡി. മുനീർ, ഹമീദ് ചെങ്ങളായി, മൂസ സിറ്റി, ഉമ്മർകുട്ടി വളപട്ടണം, അഹമ്മദ് തലശ്ശേരി, അബ്ദുറഹ്മാൻ പാവന്നൂർ എന്നിവർ സംസാരിച്ചു.
എസ്.ഡി.പി.ഐ പ്രവർത്തകർ തലശ്ശേരിയിൽ നടത്തിയ പ്രതിഷേധ പ്രകടനം
ഡി.വൈ.എഫ്.ഐ, യൂത്ത് ലീഗ്, യൂത്ത് കോൺഗ്രസ്, വെൽഫെയർ പാർട്ടി കമ്മിറ്റികളും സംഭവത്തിൽ തലശ്ശേരി പൊലീസിൽ പരാതി നൽകി. നിലവിലെ രാഷ്ട്രീയ സ്ഥിതി കണക്കിലെടുത്ത് തലശ്ശേരിയിൽ എത്രയും പെട്ടെന്ന് സർവകക്ഷി സമാധാന യോഗം വിളിക്കണമെന്ന് വെൽെഫയർ പാർട്ടി തലശ്ശേരി മണ്ഡലം കമ്മിറ്റി മുഖ്യമന്ത്രി, തലശ്ശേരി എ.എസ്.പി, തലശ്ശേരി ആർ.ഡി.ഒ എന്നിവർക്ക് അയച്ച സന്ദേശത്തിൽ ആവശ്യപ്പെട്ടു.
ബി.ജെ.പിയുടെ പ്രകോപന മുദ്രാവാക്യത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ നടത്തിയ ജാഗ്രത സദസ്സ്
സംഘികളുടെ ഒരു അജണ്ടയും ഇവിടെ നടപ്പാവില്ലെന്ന് പി. ജയരാജൻ
കണ്ണൂർ: എൽ.ഡി.എഫ് സർക്കാറും സി.പി.എമ്മും കേരളത്തിൽ ഉള്ളിടത്തോളം കാലം സംഘികളുടെ ഒരു അജണ്ടയും നടപ്പാവില്ലെന്ന് ഖാദി ബോര്ഡ് വൈസ് ചെയര്മാനും സി.പി.എം നേതാവുമായ പി. ജയരാജൻ. ആർ.എസ്.എസ് ഉയർത്തുന്ന വെല്ലുവിളി നേരിടാൻ സി.പി.എമ്മിനും മതനിരപേക്ഷ പ്രസ്ഥാനത്തിനും നല്ല കരുത്തുണ്ടെന്നും തലശ്ശേരിക്ക് ഒരു പ്രത്യേക ചരിത്രമുണ്ടെന്ന കാര്യവും ബി.ജെ.പിക്കാർ ഓർക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പ്രതികരിച്ചു. തലശ്ശേരിയിൽ കെ.ടി. ജയകൃഷ്ണൻ ബലിദാന ദിനാചരണ റാലിയിൽ ബി.ജെ.പി പ്രവർത്തകർ നടത്തിയ പ്രകോപനപരമായ വിദ്വേഷ മുദ്രാവാക്യം വിളിയിൽ പ്രതികരിക്കുകയായിരുന്നു ജയരാജൻ.
അഞ്ചു നേരം നമസ്കരിക്കാൻ പള്ളികൾ ഉണ്ടാവില്ലെന്നും അത് തങ്ങൾ തകർക്കുമെന്നാണ് അവരുടെ ഭീഷണി. ബി.ജെ.പി രൂപപ്പെടുന്നതിന് മുമ്പുള്ള തലശ്ശേരിയുടെ ചരിത്രം അവർ ഓർക്കണം. അവരുടെ ആത്മീയ ആചാര്യന്മാരായ ആർ.എസ്.എസ് നടത്തിയ 1971 ലെ തലശ്ശേരി വർഗീയ കലാപത്തിെൻറ ഭാഗമായി അന്ന് മുസ്ലിം പള്ളികൾക്ക് നേരെയും വീടുകൾക്ക് നേരെയും ആക്രമണമുണ്ടായി. ചിലയിടത്ത് മുസ്ലിം വർഗീയ വാദികളും കടകൾക്കും മറ്റും നേരെ തിരിച്ച് ആക്രമണം നടത്തി. അപ്പോൾ സി.പി.എമ്മിെൻറ കരുത്ത് ആർ.എസ്.എസുകാർക്ക് ബോധ്യമായതാണ്. പള്ളികൾ രാഷ്ട്രീയ പ്രചാരവേലക്ക് ദുരുപയോഗം ചെയ്യാനുള്ള ലീഗ് ശ്രമമാണ് ഹിന്ദുത്വ തീവ്രവാദികൾക്ക് അവസരമുണ്ടാക്കി കൊടുത്തതെന്നും ഏതായാലും കേരളത്തിലെമ്പാടുമുള്ള മതനിരപേക്ഷ വാദികൾ അങ്ങേയറ്റം ജാഗ്രത പുലർത്തേണ്ട സന്ദർഭമാണിതെന്നും അദ്ദേഹം പോസ്റ്റിൽ പറഞ്ഞു.
പ്രകോപന മുദ്രാവാക്യത്തിൽ പ്രതിഷേധിച്ച് യൂത്ത്കോൺഗ്രസ് നടത്തിയ സെക്കുലർ മാർച്ച്
ബോധവും സംസ്കാരവുമുള്ള പ്രസ്ഥാനം ഇങ്ങനെയൊരു മുദ്രാവാക്യം മുഴക്കില്ല –കെ. സുധാകരൻ
കണ്ണൂർ: കഴിഞ്ഞ ദിവസം തലശ്ശേരിയിൽ കെ.ടി. ജയകൃഷ്ണൻ ബലിദാന ദിനാചരണ റാലിയിൽ ബി.ജെ.പി പ്രവർത്തകർ നടത്തിയ വിദ്വേഷ മുദ്രാവാക്യം വിളിയിൽ പ്രതികരണവുമായി കെ.പി.സി.സി പ്രസിഡൻറ് കെ. സുധാകരൻ എം.പി. ഒരു മതേതര രാജ്യത്ത് ബോധവും സംസ്കാരവുമുള്ള രാഷ്ട്രീയ പ്രസ്ഥാനം ഇങ്ങനെയൊരു മുദ്രാവാക്യം മുഴക്കില്ല.
ആ മുദ്രാവാക്യത്തോട് അസഹിഷ്ണുത കാണിച്ചിരുന്നുവെങ്കിൽ എന്തായിരുന്നു സംഭവിക്കുകയെന്നും അദ്ദേഹം ചോദിച്ചു. സി.പി.എം നടത്തിയ കൊലയിൽ അവർക്കെതിരെ മുദ്രാവാക്യമില്ല. സി.പി.എമ്മും ബി.ജെ.പിയും ചേട്ടൻ ബാവയും അനിയൻ ബാവയുമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ സി.പി.എമ്മിെൻറ ബി ടീം ആരാണെന്നറിയാൻ ഈ മുദ്രാവാക്യം മാത്രം മതി. എത്ര ഏജൻസികൾ മുഖ്യമന്ത്രിയുടെ ഒാഫിസിൽ എത്തി അന്വേഷണം നടത്തി. ഏതെങ്കിലും ഒന്നിലെങ്കിലും സി.ബി.ഐ അന്വേഷണം വേണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടില്ല. ആർക്കുവേണ്ടിയാണ് അന്വേഷണം മാറ്റിവെച്ചതെന്ന് എല്ലാവർക്കുമറിയാമെന്നും സുധാകരൻ പറഞ്ഞു.
തലശ്ശേരിയിൽ കേട്ടത് കലാപത്തിനുള്ള മുന്നൊരുക്കമാണെന്ന് ഡി.സി.സി പ്രസിഡൻറ് മാർട്ടിൻ ജോർജ് പറഞ്ഞു. ഹിന്ദു മുസ്ലിം സ്പർധ ഉണ്ടാക്കി ആ വർഗീകരണത്തിൽ നിന്നും കുെറപ്പേരെ കൂടെ നിർത്താമെന്ന വ്യാമോഹം ഇവിടെ നടക്കില്ല. തലശ്ശേരി കലാപത്തിെൻറ നേട്ടത്തിൽ ഇപ്പോഴും ഊറിച്ചിരിക്കുന്ന സി.പി.എം സർക്കാർ സംഘ്പരിവാറിന് ചൂട്ടു പിടിക്കുന്നതു കൊണ്ടാണ് സംഘാടകർക്കെതിരെ കേസെടുക്കാൻ മടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.