ഒഴുക്കില്ലാതെ പുല്ലൂപ്പിക്കടവ് ടൂറിസം പദ്ധതി
text_fieldsകണ്ണൂര്‍: ജില്ലയിലെ ജലസാഹസത്തിന് പുത്തൻ ഉണർവ് പകരാൻ ടൂറിസം വകുപ്പ് തുടങ്ങിയ പുല്ലൂപ്പിക്കടവ് ടൂറിസം പദ്ധതി ഉണരാതെ ഉറങ്ങുന്നു. ജലസാഹസിക ടൂറിസത്തിന്റെ ഭാഗമായി ഫ്ലോട്ടിങ് ഡൈനിങ് പ്രധാന ആകര്‍ഷണമാക്കി പൂർത്തിയാക്കിയ പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തിട്ട് ഒരു വർഷം കഴിഞ്ഞിട്ടും ഇതുവരെ പ്രവർത്തനം ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല.
4.01 കോടി രൂപ ചെലവിൽ പൂർത്തിയാക്കിയ പദ്ധതിയിൽ സഞ്ചാരികളെ ആകർഷിക്കാൻ കാര്യമായ പദ്ധതികളൊന്നുമില്ലാതിരിക്കെ രണ്ടാംഘട്ട പദ്ധതിക്കുകൂടി തുടക്കം കുറിക്കാൻ പോവുകയാണെന്നാണ് നാറാത്ത് ഗ്രാമ പഞ്ചായത്തിലെ പ്രതിപക്ഷം ആരോപിക്കുന്നത്.
ഫ്ലോട്ടിങ് ഡൈനിങ്ങിനായി നാല് വിൽപന സ്റ്റാളുകളാണ് പുല്ലൂപ്പിക്കടവിൽ സജ്ജീകരിച്ചത്. ആവശ്യമായ പരിശോധനയും അനുമതി ലഭിക്കാത്തതാണ് പദ്ധതി വൈകാൻ കാരണം. അഗ്നിശമന സേനയുടെ നിരാക്ഷേപ പത്രവും ഫ്ലോട്ടിങ് ഡൈനിങ്ങിനായി മണ്ണ് പരിശോധിച്ചിട്ടും അനുമതി നൽകിയില്ല. ഇതാണ് ടെൻഡർ ഏറ്റെടുക്കാൻ ഏജൻസികൾ തയാറാകാതിരിക്കാൻ കാരണം.
പ്രാദേശിക ഭക്ഷണ വിഭവങ്ങള്‍ അടക്കമുള്ള മലബാറിന്റെ തനത് രുചികള്‍ പരിചയപ്പെടുത്തുന്ന ഭക്ഷ്യ വിപണന കേന്ദ്രങ്ങളായി നാല് കിയോസ്കുകളും ആധുനിക റസ്റ്ററന്റുകളും തുടങ്ങുമെന്നായിരുന്നു ടൂറിസം വകുപ്പ് അറിയിച്ചിരുന്നത്. പുഴയിലൂടെ യാത്ര ചെയ്യുന്ന സഞ്ചാരികള്‍ക്ക് ബോട്ടുകള്‍, നാടന്‍ വള്ളം, കയാക്കിങ് സംവിധാനം എന്നിവ വഴി പുഴയുടെ സൗന്ദര്യം ആസ്വദിച്ച് ഫ്ലോട്ടിങ് ഡൈനിങ്ങില്‍ എത്താമെന്നും പറഞ്ഞിരുന്നു.
എന്നാൽ, ഇതെക്കെ ജലരേഖയായി മാറി. നാറാത്ത് പഞ്ചായത്തില്‍ വളപട്ടണം പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പുല്ലൂപ്പിക്കടവിൽ ഒഴിവു ദിവസങ്ങളിൽ മാത്രമാണ് സന്ദർശകരുടെ ഒഴുക്കുള്ളത്. അതു ടൂറിസം കേന്ദ്രത്തിന് അകത്ത് കയറാതെ പുറത്ത് നിന്ന് സന്ദർശിച്ചു പോവുകയാണ്. കേന്ദ്രത്തിന് അകത്ത് കാര്യമായ പദ്ധതികൾ ഇല്ലാത്തതാണ് സന്ദർശകരെ പിന്നോട്ടു വലിക്കുന്നത്. 20 രൂപയാണ് സന്ദർശന ഫീസ് ഈടാക്കുന്നത്.
വാക്ക് വേ, ഇരിപ്പിട സൗകര്യങ്ങൾ, ടോയ്ലറ്റ് എന്നിവയാണ് നിലവിൽ തുറന്നുനൽകിയത്. കൂടാതെ കഫ്റ്റീരിയ പോലുള്ള ചായക്കട പോലുമില്ലാത്തതും സന്ദർശകരെ ഇങ്ങോട്ടേക്ക് എത്തിക്കുന്നതിൽ പിന്നോട്ടുവലിക്കുന്നുണ്ട്.
പുല്ലൂപ്പിക്കടവില്‍ ടൂറിസം നിക്ഷേപത്തിന്റെ സാധ്യതകള്‍ തേടുമെന്ന് പോലും മന്ത്രി ഉദ്ഘാടന സമയം പറഞ്ഞിരുന്നു. കേരള ടൂറിസം ഇന്‍ഫ്രാ സ്ട്രക്ചര്‍ ലിമിറ്റഡിന്റെ (കെ.ടി.ഐ.എല്‍) ജനറല്‍ മാനേജര്‍, എം.ഡി എന്നിവരോട് പുല്ലൂപ്പിക്കടവ് സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. കഴിഞ്ഞ രണ്ടുമാസം മുന്നെ പുല്ലൂപ്പിക്കടവ് പൂർണ തോതിൽ സജ്ജമാക്കുമെന്ന് ഡി.ടി.പി.സിയും വാർത്തക്കുറിപ്പ് ഇറക്കിയിരുന്നു. ഇതെക്കെ വെറും പ്രഹസനമായി മാറിയെന്നാണ് പ്രതിപക്ഷ പാർട്ടികളും നാട്ടുകാരും ആരോപിക്കുന്നത്. അതേസമയം ഈ മാസം അവസാനത്തോടെ ഫ്ലോട്ടിങ് ഡൈനിങ് ആരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.