ഇന്ധനക്കടത്ത്; നാളെ കണ്ണൂർ ജില്ലയിലെ പമ്പുകൾ അടച്ചിടും
text_fieldsകണ്ണൂർ: മാഹിയിൽനിന്നും കർണാടകയിൽനിന്നുമുള്ള അനിയന്ത്രിത ഇന്ധനക്കടത്ത് തടയാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി ജില്ലയിലെ പെട്രോൾ പമ്പുകൾ നാളെ അടച്ചിടും. പൊതുമേഖലയിലും സ്വകാര്യമേഖലയിലുമുള്ള 200ൽ പരം പെട്രോൾ പമ്പുകളാണ് രാവിലെ ആറു മുതൽ 24 മണിക്കൂർ അടച്ചിട്ട് പ്രതിഷേധിക്കുകയെന്ന് പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
സുചന സമരമാണ് 30ന് നടത്തുക. പരിഹാരമായില്ലെങ്കിൽ അനിശ്ചിതകാല അടച്ചിടൽ നടത്തും. വിൽപന നികുതിയിലെ വ്യത്യാസം കാരണം മാഹിയിൽ പെട്രോളിന് ലിറ്ററിന് 15 രൂപയും ഡീസലിന് 13 രൂപയും കർണാടകയിൽ ഡീസലിന് എട്ടു രൂപയും പെട്രോൾ അഞ്ചു രൂപയും വിലക്കുറവിലാണ് ഇന്ധനം ലഭിക്കുന്നത്. സാധ്യത പഠനം നടത്തി മാത്രം പുതിയ പമ്പുകൾ അനുവദിക്കുക, പെട്രോളിയം ഉൽപന്നങ്ങൾക്ക് ഇന്ത്യയോട്ടാകെ ഏകീകൃത വില നടപ്പാക്കുക, അപൂർവ ചന്ദ്ര കമീഷൻ റിപ്പോർട്ട് പ്രകാരം കാലാകാലങ്ങളിൽ ഡീലർ കമീഷൻ വർധിപ്പിക്കുക എന്നീ ആവശ്യങ്ങൾ കൂടി ഉന്നയിച്ചാണ് സമരം. 30ന് രാവിലെ 10ന് കലക്ട്രേറ്റ് മാർച്ചും നടത്തും.
വില വ്യത്യാസത്തിന്റെ മറവിൽ ജില്ലക്കകത്തെ ക്വാറികളിലും വ്യാവസായിക സ്ഥാപനങ്ങളിലേക്കും ടാങ്കറുകളിലും കന്നാസുകളിലുമായി ദിവസംതോറും ലക്ഷക്കണക്കിന് ലിറ്റർ ഇന്ധനമാണ് കടത്തികൊണ്ടുവരുന്നത്. സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെ പൊതുസർവീസ് ബസുകളിലും കാനുകളിൽ ഇന്ധനം കടത്തിക്കൊണ്ടുവരുന്നുണ്ട്. ഇതുവഴി സംസ്ഥാന സർക്കാരിന് കോടിക്കണക്കിന് രൂപയാണ് വിൽപന നികുതിയിലൂടെ നഷ്ടമാകുന്നത്.
ജില്ലക്കകത്തെ പമ്പുകൾക്ക് നിലനിൽപ്പിന് ആവശ്യമായ ഇന്ധന വിതരണം പോലും നടക്കുന്നില്ലെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ജില്ല പ്രസിഡന്റ് ടി.വി. ജയദേവൻ, എം. അനിൽ, സി. ഹരിദാസ്, ഇ.എം. ശശീന്ദ്രൻ, കെ.വി. രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.