വേഗം കുറഞ്ഞ് പുനർഗേഹം
text_fieldsകണ്ണൂർ: മത്സ്യത്തൊഴിലാളികള്‍ക്ക് വീടും ഫ്ലാറ്റും നിര്‍മിച്ചുനല്‍കി സുരക്ഷിതമായി മാറ്റിപ്പാർപ്പിക്കുന്ന പുനര്‍ഗേഹം പദ്ധതി പണമില്ലാത്തതിനാൽ മെല്ലെപ്പോക്കിൽ. 2017ല്‍ സര്‍ക്കാര്‍ നടത്തിയ സര്‍വേയിൽ കണ്ടെത്തിയ 1587 കുടുംബങ്ങളിൽ മാറിത്താമസിക്കാന്‍ താൽപര്യം പ്രകടിപ്പിച്ച 314 ഉപഭോക്താക്കൾക്കായി 51 വീടുകൾ മാത്രമാണ് ഇതുവരെ പൂർത്തിയായത്. ഒച്ചിഴയും വേഗത്തിലാണ് ജില്ലയിൽ പദ്ധതി മുന്നോട്ടുപോകുന്നത്. ധനവകുപ്പ് തുക അനുവദിക്കാത്തതിനാൽ മത്സ്യത്തൊഴിലാളികൾക്കുള്ള ഗഡു വിതരണം പ്രതിസന്ധിയിലാണ്. ജനുവരിയിൽ അനുവദിച്ച 40 ലക്ഷത്തിൽ 25 പേർക്ക് വിവിധ ഗഡുക്കൾ വിതരണം ചെയ്തു. 10 വീതം പേർക്ക് ഒന്നും മൂന്നും ഗഡുക്കളും അഞ്ചുപേർക്ക് രണ്ടാം ഗഡുവുമാണ് അനുവദിച്ചത്. പദ്ധതിക്ക് പണം അനുവദിക്കുന്നതിനായി ഫിഷറീസ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കഴിഞ്ഞ നവംബറിൽ ധനകാര്യ വകുപ്പിന് കത്തയച്ചിരുന്നു. തീരമേഖലയിലെ പുനർഗേഹം പദ്ധതിക്ക് 40 കോടി നീക്കിവെച്ചതായും ഭൂമിയേറ്റെടുക്കൽ വേഗത്തിലാക്കുമെന്നും ധനമന്ത്രി അറിയിച്ചെങ്കിലും പദ്ധതിക്ക് ജീവൻ വെച്ചില്ല. പദ്ധതിയുടെ കാലാവധി അടുത്തവർഷം മാർച്ച് 31 വരെ നീട്ടിയിട്ടുണ്ട്. ഭൂമിയുടെ രജിസ്ട്രേഷനും പ്രതിസന്ധിയിലാണ്. 181 കുടുംബങ്ങളുടെ ഭൂമി രജിസ്ട്രേഷൻ നടത്താനായി 60 ലക്ഷത്തിലേറെ ഇതിനായി വേണം. ജില്ലയിൽ പുനർഗേഹം പദ്ധതിയുടെ ഭാഗമായി 15 കോടിയിലേറെ ചെലവഴിച്ചു.
181 കുടുംബങ്ങളുടെ ഭൂമി രജിസ്ട്രേഷൻ നടത്താനായി 10 കോടി രൂപയാണ് നൽകിയത്. മത്സ്യഭവൻ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. കുറിച്ചിയിൽ, ചാലിൽഗോപാലപ്പേട്ട എന്നീ രണ്ട് മത്സ്യഗ്രാമങ്ങൾ അടങ്ങിയ തലശ്ശേരിയിലാണ് കൂടുതൽ വീടുകൾ അനുവദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.