ടി.പി കേസ് പ്രതികൾക്ക് ശിക്ഷയിളവ്; ഉദ്യോഗസ്ഥർക്കെതിരായ നടപടിയിൽ പൊലീസിൽ അതൃപ്തി
text_fieldsകണ്ണൂർ: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് ശിക്ഷയിളവ് നൽകാനുള്ള സർക്കാർ നീക്കം പൊളിഞ്ഞതോടെ ഉദ്യോഗസ്ഥരെ ബലിയാടാക്കുന്നതിൽ പൊലീസിലും ജയിൽ ജീവനക്കാർക്കിടയിലും അമർഷം പുകയുന്നു. ശിക്ഷയിളവിനുള്ള ശിപാർശയിൽ ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ തടവുകാരെ ഉൾപ്പെടുത്തി പൊലീസ് റിപ്പോർട്ട് തേടിയ ജയിൽ ഉദ്യോഗസ്ഥരെയും പൊലീസുകാരെയുമാണ് ബലിയാടാക്കിയത്.
കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന്റെ ചുമതലയുള്ള ജോയന്റ് സൂപ്രണ്ട് കെ.എസ്. ശ്രീജിത്ത്, അസി. സൂപ്രണ്ട് ഗ്രേഡ്-ഒന്ന് ബി.ജി. അരുൺ, അസി. പ്രിസൺ ഓഫിസർ ഒ.വി. രഘുനാഥ് എന്നിവരെയാണ് അന്വേഷണവിധേയമായി സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തത്.
ടി.പി കേസ് പ്രതി സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറി കുന്നോത്തുപറമ്പിലെ ട്രൗസർ മനോജിന് ശിക്ഷയിളവ് നൽകുന്നതുമായി ബന്ധപ്പെട്ട് മൊഴിയെടുക്കാൻ കെ.കെ. രമ എം.എൽ.എയെ ഫോണിൽ വിളിച്ച കൊളവല്ലൂർ സ്റ്റേഷനിലെ എ.എസ്.ഐ ശ്രീജിത്തിനെ കഴിഞ്ഞദിവസം വയനാട്ടിലേക്ക് സ്ഥലംമാറ്റുകയും ചെയ്തു.
കൂടുതൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് വിവരം. ഈ സാഹചര്യത്തിൽ പൊലീസ് സേനക്കുള്ളിലും ജയിൽ ജീവനക്കാർക്കിടയിലും വൻ അതൃപ്തിയുണ്ട്. സർക്കാർ കരിനിഴലിലാകുമ്പോൾ ഉദ്യോഗസ്ഥരെ പഴിചാരി രക്ഷപ്പെടുന്നതിനെതിരെയാണ് പ്രതിഷേധം.
പൊലീസ് അസോസിയേഷനിലും വിഷയം ചർച്ചയായി. ഇടത് അനുകൂലികളായ ഉദ്യോഗസ്ഥർക്കിടയിലും അമർഷമുണ്ട്. ജീവനക്കാരുടെ വാട്സ്ആപ് ഗ്രൂപ്പുകളിലടക്കം ശിക്ഷാനടപടിയെ വിമർശിച്ചുകൊണ്ടുള്ള ചർച്ച നടക്കുന്നുണ്ട്. രണ്ടാം പിണറായി സർക്കാറിൽ പൊലീസ് സേനയിൽ അസോസിയേഷന് കാര്യമായ ഇടപെടലിന് സാധ്യതയില്ലാതായതിൽ നേതാക്കൾക്ക് നേരത്തേ അതൃപ്തിയുണ്ട്.
ടി.പി കേസ് പ്രതികൾക്ക് ശിക്ഷയിളവ് നൽകുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നിയമസഭയില് സബ് മിഷനായി ഉന്നയിക്കുന്നതിന്റെ തൊട്ടുമുമ്പാണ് മുഖ്യമന്ത്രിയുടെ ഓഫിസ് ജയിൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത് കൈകഴുകിയത്. ഇത് ജയിൽ ജീവനക്കാർക്കിടയിൽ വലിയ ചർച്ചയുണ്ടാക്കിയിരുന്നു.
പിന്നാലെയാണ് കൊളവല്ലൂർ സ്റ്റേഷനിലെ എ.എസ്.ഐയെ വയനാട്ടിലേക്കു സ്ഥലംമാറ്റിയത്. തടവുകാരുടെ പട്ടിക പുറത്തുവന്നു വിവാദമായശേഷവും ട്രൗസർ മനോജിനുവേണ്ടി പൊലീസ് ടി.പിയുടെ ഭാര്യ രമയുടെ മൊഴിയെടുത്തത് വിവാദമായിരുന്നു.
പാനൂർ സ്റ്റേഷനിലെ എ.എസ്.ഐമാരായ പ്രവീൺ, ഷാജു എന്നിവരിൽനിന്ന് അസി. കമീഷണർ മൊഴിയെടുത്തിട്ടുണ്ട്. പൊലീസിലെ വിവരങ്ങൾ ചോർത്തിയെന്ന കാരണം പറഞ്ഞ് ഇവർക്കെതിരെയും വൈകാതെ നടപടിയുണ്ടാകുമെന്നാണ് വിവരം.
ഇവരുടെ കാൾ ലിസ്റ്റ് അടക്കം സൈബർ പൊലീസിൽനിന്ന് ഉന്നത ഉദ്യോഗസ്ഥർ എടുപ്പിച്ചിരുന്നു. കൂടുതൽ പേർക്കെതിരെ നടപടിയുണ്ടാകുമ്പോൾ ബന്ധപ്പെട്ടവരെ പ്രതിഷേധം അറിയിക്കാനുള്ള ഒരുക്കത്തിലാണ് ഉദ്യോഗസ്ഥർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.