കാമറക്കണ്ണിലൂടെ പറവകളുടെ 'പുത്തരി'
text_fieldsതൃക്കരിപ്പൂർ: വിളവെടുപ്പുമായി ബന്ധപ്പെട്ട, ചിങ്ങമാസത്തിലെ പുത്തരി ആഘോഷം മനുഷ്യർക്ക് മാത്രമാണോ? പറവകളും പുത്തരി കേമമാക്കിയതായി യുവ ഫോട്ടോഗ്രാഫർ അഭിലാഷ് പത്മനാഭൻ. കോവിഡ് കാലത്ത് പ്രകൃതിയുടെ സൂക്ഷ്മഭാവങ്ങൾ പകർത്തിവെക്കുകയാണ് അഭിലാഷ്. പൂന്തലയൻ തത്തകൾ (പ്ലം ഹെഡഡ് പാരക്കീറ്റ്) കതിർക്കുലകൾ കൊത്തിയെടുത്ത് ഞൊടിയിടയിൽ പറന്നകലുന്നത് പകർത്തിയതാണ് അവയിലൊന്ന്.
മുട്ടയിടുന്ന ഓന്തിനെ ദിവസങ്ങളോളം നിരീക്ഷിച്ച് അഭിലാഷ് ചെയ്ത സീരീസ് ശ്രദ്ധേയമായിരുന്നു. തവളയുടെ ഒറ്റക്കൈയിൽ തൂക്കിയെടുത്ത് നടന്നുവരുന്ന കുളക്കൊക്ക് (ജാവൻ പോണ്ട് ഹെറൻ) ഏറെ ശ്രദ്ധിക്കപ്പെട്ടു. ഓൺലൈൻ മത്സരങ്ങളിൽ നിരവധി അംഗീകാരങ്ങൾ ഈ ചിത്രത്തെ തേടിയെത്തി.
എടാട്ടുമ്മൽ -കുണിയൻ ചതുപ്പിൽനിന്ന് തുടങ്ങിയ പ്രകൃതിനോട്ടം കണ്ണൂർ, കാസർകോട് ജില്ലകളിലെ വനമേഖലകളിൽ എത്തിനിൽക്കുന്നു. സാധാരണക്കാരനായ അഭിലാഷ് പരിസരപഠനം ആരംഭിച്ചത് കാമറക്കണ്ണുകളിലൂടെയാണ്. തുമ്പിയും വേലിത്തത്തയും വണ്ണാത്തിപ്പുള്ളും നാഗമോഹനും എല്ലാമെല്ലാം അഭിലാഷിെൻറ കാമറയിലൊതുങ്ങി. വെള്ളത്തിലേക്ക് ഊളിയിടുന്ന വലിയ വേലിത്തത്തയുടെ ചിത്രം ഈ പറവകളുടെ അപൂർവ സ്വഭാവ വിശേഷത്തിെൻറ ചിത്രീകരണം കൂടിയായി. പൊതുവെ തുമ്പികളുമായി കെട്ടിമറിയുന്ന ഭാവത്തിലാണ് വേലിത്തത്തകൾ ചിത്രീകരിക്കപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.