പുതിയതെരു ടൗണിൽ വ്യാപക കവർച്ച ശ്രമം
text_fieldsപുതിയതെരു: ടൗണിലും പരിസരത്തുമുള്ള കച്ചവട സ്ഥാപനങ്ങളിൽ വ്യാപക കവർച്ച ശ്രമം. ബുധനാഴ്ച അർധരാത്രിയോടെയാണ് ടൗണിൽ ദേശീയപാതയിലുള്ള വ്യാപാര സ്ഥാപനങ്ങളിലും കാട്ടാമ്പള്ളി റോഡിലും കടലായി അമ്പലം റോഡിലും പനങ്കാവ് റോഡിലും പുതിയതെരു മാർക്കറ്റിനകത്തുമുള്ള 13 ഓളം വ്യാപാര സ്ഥാപനങ്ങളുടെ ഷട്ടർ കുത്തിപ്പൊളിച്ച് കവർച്ച ശ്രമം നടന്നത്.
ദേശീയപാതയിൽ ടെൻകോ സെൻററിൽ പ്രവർത്തിക്കുന്ന ലൈറ്റ് ആൻഡ് സൗണ്ട് ഷോപ്പിൽനിന്ന് 80,000 രൂപയും മാർക്കറ്റിനകത്തെ രണ്ട് പലചരക്ക് കടകളിൽ നിന്നായി 1000 രൂപ വീതവും കവർന്നു.
മറ്റു കടകളിൽ ഷട്ടർ കുത്തിത്തുറന്ന് കവർച്ച ശ്രമം നടന്നെങ്കിലും ഒന്നും നഷ്ടപ്പെട്ടില്ല. കാട്ടാമ്പള്ളി റോഡിൽ അബ്ദുൽ റഷീദിെൻറ ഉടമസ്ഥതയിലുള്ള എം.കെ മൊബൈൽ ഷോപ്, കടലായി അമ്പലം റോഡിൽ മുഹമ്മദ് കുഞ്ഞിയുടെ ഉടമസ്ഥതയിലുള്ള കെ.എൻ.എം സ്റ്റേഷനറി ഷോപ്, ഗോഡൗൺ, പുതിയതെരു മാർക്കറ്റിനകത്തെ മൊയ്തീൻ ഹാജിയുടെ ഉടമസ്ഥതയിലുള്ള ഫാത്തിമ ഫൂട്വെയർ, മുഹമ്മദ് അലിയുടെ ഉടമസ്ഥതയിലുള്ള എസ്.എ സ്റ്റോർ സ്റ്റേഷനറി ഷോപ്, വി.കെ സ്റ്റോർ പലചരക്ക് കട, നാസ്കോ ട്രേഡേഴ്സ് സ്റ്റേഷനറി ഷോപ്,
പനങ്കാവ് റോഡിലെ രാമചന്ദ്രെൻറ ഉടമസ്ഥതയിലുള്ള റിഷി സൈക്കിൾ ഷോപ്, സുജാത ബാബുവിെൻറ ഉടമസ്ഥതയിലുള്ള വി.കെ സ്റ്റോർ സ്റ്റേഷനറി ആൻഡ് മൊബൈൽ ഷോപ്, ദേശീയപാതയിൽ ടെൻകോ സെൻററിൽ പാർക്കിങ് സ്ഥലത്ത് പ്രവർത്തിക്കുന്ന ഖലീലിെൻറ ഉടമസ്ഥതയിലുള്ള കെ.എൻ.കെ പലചരക്ക് മൊത്ത വ്യാപാര സ്ഥാപനം, മഷൂദിെൻറ ഉടമസ്ഥതയിലുള്ള അൽമദീന ജ്യൂസ് സെൻറർ തുടങ്ങിയ സ്ഥാപനങ്ങളിലാണ് ഷട്ടർ കുത്തിത്തുറന്ന് കവർച്ച ശ്രമം നടന്നത്.
കവർച്ച നടന്ന സ്ഥാപനങ്ങൾ വളപട്ടണം പൊലീസ് അഡീഷനൽ എസ്.ഐ എം. വേണു, സീനിയർ സിവിൽ പൊലീസ് ഓഫിസർ കെ.പി. സിനോബ്, സിവിൽ പൊലീസ് ഓഫിസർ എ. മുനീർ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.
ടൗണിൽ വ്യാപാരികളുടെ സഹകരണത്തോടെ ലക്ഷങ്ങൾ ചെലവിട്ട് പൊലീസ് സ്ഥാപിച്ച നിരീക്ഷണ കാമറ തകരാറായിട്ട് ഒരു വർഷമായി. പുതിയതെരുവിൽ ദേശീയപാതയിൽ സ്ഥാപിച്ച തെരുവ് വിളക്കുകൾ കത്താതായിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും തകരാർ പരിഹരിക്കാത്തതിൽ വ്യാപാരി സംഘടനകൾക്കിടയിൽ പ്രതിഷേധമുയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.