വളപട്ടണം-മന്ന സിറ്റി റോഡ് പദ്ധതിക്ക് ഗതിവേഗം
text_fieldsപുതിയതെരു: ഗതാഗതക്കുരുക്കഴിക്കാൻ സിറ്റി റോഡ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന വളപട്ടണം മന്ന റോഡ് പദ്ധതിക്ക് ഗതിവേഗം. വളപട്ടണം മന്ന മുതൽ പുതിയ ബൈപാസ് റോഡുമായി ബന്ധിപ്പിക്കുന്ന നാലുവരിപ്പാതയാണിത്. 24 മീറ്റർ വീതിയുണ്ടാകും. പുതിയതെരു സ്റ്റൈലൊ കോർണറിലെ നിലവിലുള്ള വളവ് നികത്താതെ പോകുന്ന റോഡ് നിർമാണത്തിൽ പള്ളിക്കുളത്തെ യോഗേശ്വര സമാധി മണ്ഡപവും നീക്കപ്പെടും.
പൊടിക്കുണ്ടിലെ വലിയ വലിയ വളവ് നിലനിർത്തിയാണ് റോഡ് പോകുന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ജയിലിന്റെ മതിൽക്കെട്ടുകൾ തകർത്തു റോഡ് നിർമിക്കുമ്പോൾ ജയിൽ മുറ്റത്തുള്ള ഗാന്ധിപ്രതിമ നിലനിൽക്കും. ജയിലിന്റെ വലിയ ഭിത്തി പൊളിച്ച് ഉദ്ദേശം എഴുമീറ്ററോളം ഉള്ളില്‍ പ്രവേശിക്കുന്ന നിലയിലാണ് റോഡ്. ജയിലിന്റെ പടിഞ്ഞാറുഭാഗം ആവശ്യാനുസരണം ഒഴിഞ്ഞു ഭൂമി ഉണ്ടെങ്കിലും അലൈൻമെന്റ് തയാറാക്കിയവർ അത് പരിഗണിച്ചില്ലെന്ന ആക്ഷേപവുമുണ്ട്. പൊളിക്കുന്ന മതില് നിർമിച്ചു നൽകുമെന്ന് അധികൃതര്‍ അറിയിച്ചു. റോഡ് നവീകരണവുമായി നാട്ടുകാരിലും വ്യാപാരികളിൽ നിന്നും നിരവധി പരാതികളാണ് ഉയരുന്നത്.
വളപട്ടണം ജങ്ഷനിൽനിന്ന് ആരംഭിക്കുന്ന റോഡ് പുതിയതെരു പട്ടണത്തിലെ പടിഞ്ഞാറുഭാഗത്തെ കടകമ്പോളങ്ങൾ പൊളിച്ചുനീക്കിയാണ് നടപ്പാക്കുന്നത്. എന്നാൽ പ്രധാനപ്പെട്ട ചില സ്ഥാപനങ്ങൾ നിലനിർത്തുകയും പ്രധാന വളവുകൾ നിവർത്താതെയുമാണ് അലൈൻമെന്റ്തയാറാക്കിയതെന്നാണ് വ്യാപാരികളുടെ ആക്ഷേപം. പുതിയ നാലുവരിപ്പാത വേളാപുരം വരെ നീട്ടണമെന്നും ജനങ്ങള്‍ ആവശ്യപ്പെടുന്നു. പുതിയതെരു പട്ടണത്തിലെ വ്യാപാരസ്ഥാപനങ്ങൾ പൊളിച്ചു നീക്കുന്നതിൽ വ്യാപാരികൾ കടുത്ത പ്രതിഷേധത്തിലാണ്.
വ്യാപാരം നടത്തുന്നതിനും ജീവിതാവശ്യത്തിനും വീട് നിർമാണത്തിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും മറ്റുമായി എടുത്ത ലോണുകളുടെ തിരിച്ചടവ് പ്രയാസത്തിലാകുമെന്നാണ് പരാതി. മിക്കവരുടെയും ജീവിതംതന്നെ തകർന്നു പോകുവാനുള്ള സാധ്യതയുണ്ടെന്നാണ് ഇവർ ഭയപ്പെടുന്നത്. 2013ലെ അലൈൻമെൻറ് 2018ല്‍ പുതുക്കിയപ്പോൾ നഗരത്തിന്റെ നട്ടെല്ലൊടിക്കുന്നതാണെന്ന് പുതിയതെരു റോഡ് നവീകരണ ആക്ഷൻ കമ്മിറ്റി കോഓഡിനേറ്റർ മെഹ്റൂഫ് പറയുന്നു. റോഡ് സർവേ നടപടികൾ തകൃതിയായി നടന്നുവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.
പ്രവൃത്തികൾ ത്വരിതഗതിയില്‍
പദ്ധതി പ്രവൃത്തികൾ ത്വരിതഗതിയില്‍ നടന്നുവരികയാണ്. 24 മീറ്ററിലാണ് പുതിയതെരു ടൗണില്‍ ഭൂമി ഏറ്റെടുക്കുന്നത്. മാർച്ച് മാസത്തോടെ സ്ഥലമേറ്റെടുക്കൽ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. പരമാവധി ജനങ്ങളുടെ സഹകരണത്തോടെയാണ് പ്രവൃത്തികൾ നടന്നുവരുന്നത്. പരാതികള്‍ ഉണ്ടായാല്‍ അത് ജില്ല കലക്ടര്‍ മുമ്പാകെ പരിഹരിച്ചുവരുന്നുണ്ട്''.
സി. ദേവേശന്‍, പ്രോജക്ട് കോഓഡിനേറ്റര്‍, റോഡ് വികസനപദ്ധതി.
17 മീറ്ററിൽ തന്നെ ആവശ്യമായ വീതി കിട്ടും
ഇപ്പോള്‍ നടക്കുന്ന വികസനം 17 മീറ്ററിൽ നിർമിച്ചാൽ തന്നെ റോഡിന് ആവശ്യമായ വീതി കിട്ടും. അതുപോലെ പുതിയ ദേശീയപാത വരുന്നതോടെ നിലവിലുള്ള വാഹനക്കുരുക്കും ഇല്ലാതാകും.
24 മീറ്റർ വീതിയിൽ ഭൂമി ഏറ്റെടുക്കുന്നത് കൊണ്ടാണ് വ്യാപാര സ്ഥാപനങ്ങൾ പൊളിച്ചുനീക്കേണ്ടിവരുന്നത്. വ്യാപാരികളുടെ ജീവിതം കടകമ്പോളങ്ങളെ ആശ്രയിച്ചുകൊണ്ടു മാത്രമാണ്. പദ്ധതി നടപ്പാക്കുന്നതിന് സർക്കാർ പാക്കേജ് പ്രഖ്യാപിച്ചിട്ടില്ല.
സുനില്‍ പോത്തന് വ്യാപാരി, സംയുക്ത ആക്ഷൻ കമ്മിറ്റി കൺവീനർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.