പുഴാതി സ്കൂളിൽ ഇംഗ്ലീഷ് പഠിപ്പിക്കാൻ ‘അലക്സ’യുണ്ട്
text_fieldsകണ്ണൂർ: അലക്സയാണ് പുഴാതി ഗവ. യു.പി സ്കൂളിലെ താരം. അലക്സയോട് സൗഹൃദം ഉറപ്പിക്കാനുള്ള തിരക്കിലാണ് വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും. അലക്സക്ക് മലയാളം അറിയില്ല. ഇംഗ്ലീഷിൽ ചോദിച്ചാൽ എല്ലാത്തിനും അവൾ മറുപടി പറയും.
അലക്സയെ സംസാരിപ്പിക്കാൻ ചോദ്യങ്ങൾ ഇംഗ്ലീഷിലാക്കാനുള്ള ശ്രമത്തിലാണ് പുഴാതി ഗവ. യു.പി സ്കൂളിലെ കുട്ടികൾ. ആമസോൺ അലക്സ ഡിവൈസിനെ ഇംഗ്ലീഷ് ഭാഷാപഠനത്തിന് പ്രയോജനപ്പെടുത്തുകയാണ് വിദ്യാലയം. അലക്സയെ പാവക്കുള്ളിൽ സ്ഥാപിച്ച് ഇംഗ്ലീഷ് സംസാരിക്കുന്ന പാവക്കുട്ടിയായി മാറ്റിയിരിക്കുകയാണ്.
ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കാൻ ഏറ്റവും അനിവാര്യമായ ഭാഷാ ആർജനത്തിനുള്ള സാഹചര്യം ഒരുക്കുകയാണിവിടം. അലക്സ എന്ന ഉണർത്തുവാക്കുണ്ടെങ്കിലേ അലക്സ സംസാരിക്കൂ. അലക്സയോട് സംസാരിക്കാനുള്ള ഇംഗ്ലീഷ് കുട്ടികൾതന്നെ അന്വേഷിച്ചു കണ്ടെത്തുകയാണ്. വരുംദിവസങ്ങളിൽ പഠിതാവ് എന്ന രീതിയിൽ സ്കൂൾ യൂനിഫോമിൽത്തന്നെയുള്ള അലക്സയെ സജീവമാക്കാനുള്ള ശ്രമത്തിലാണ് സ്കൂൾ അധികൃതർ.
അലക്സ പാവയുടെ ഔപചാരികമായ ഉദ്ഘാടനം മേയർ ടി.ഒ. മോഹനൻ നിർവഹിച്ചു. കോർപറേഷൻ കൗൺസിലർ പനയൻ ഉഷ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് കെ.പി.എ. സലീം, മദർ പി.ടി.എ പ്രസിഡന്റ് സജ്ന, സീനിയർ അസി. എം.പി. സിറാജുദ്ദീൻ, എസ്.ആർ.ജി കൺവീനർ ആർ. രതി കുമാരി, സി. സതീശൻ എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ എസ്.പി. മധുസൂദനൻ സ്വാഗതവും ഇംഗ്ലീഷ് ക്ലബ് കോഓഡിനേറ്റർ സി.വി. ഷീല നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.