പഴശ്ശി ഷട്ടർ അടച്ചില്ല; ജലനിരപ്പ് താഴുന്നു
text_fieldsഇരിട്ടി: ജില്ലയിലെ പ്രധാന കുടിവെള്ള സ്രോതസ്സായ പഴശ്ശി പുഴയിൽ കടുത്ത വരൾച്ചയുടെ സൂചന നൽകി അതിവേഗം ജലനിരപ്പ് താഴ്ന്നതോടെ മലയോരം കടുത്ത കുടിവെള്ള ഭീഷണിയിൽ. പുഴയിലെ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നതോടൊപ്പം തീരത്തുള്ള കിണറുകളിലെ ജലനിരപ്പും താഴ്ന്ന് വറ്റിവരളുകയാണ്. ഇനിയും ജലനിരപ്പ് താഴ്ന്നാൽ പുഴയെ ആശ്രയിച്ചു നിലനിൽക്കുന്ന ജില്ലയിലെ പ്രധാന കുടിവെള്ള വിതരണ കേന്ദ്രങ്ങളുടെ പ്രവർത്തനത്തെയും ബാധിക്കുമെന്ന ആശങ്കയിലാണ് ജനങ്ങൾ.
പഴശ്ശി ഷട്ടർ അടച്ച് വെള്ളം സംഭരിക്കാൻ വൈകുന്നതാണ് പുഴയിലെ ജലനിരപ്പ് ആശങ്കയാകുംവിധം കുറയാൻ കാരണം. സാധാരണ നിലയിൽ ഒക്ടോബർ അവസാനമോ നവംബർ ആദ്യമോ ഷട്ടർ അടച്ച് പഴശ്ശി ജലസംഭരണിയിൽ ജലം സംഭരിച്ചുനിർത്താനുള്ള പ്രവർത്തനങ്ങൾ ജലസേചന അധികൃതർ നടത്താറുണ്ട്. ഇത്തവണ പതിവിൽനിന്ന് വ്യത്യസ്തമായി കാലവർഷവും തുലാവർഷവും കുറഞ്ഞ് ജലലഭ്യത നന്നേ കുറഞ്ഞിട്ടും നേരത്തെതന്നെ ഷട്ടർ അടച്ച് വെള്ളം ശേഖരിക്കാൻ പഴശ്ശി ഇറിഗേഷൻ അധികൃതർ മുൻകരുതൽ എടുക്കാത്തതാണ് പുഴയിൽ ജലനിരപ്പ് കുറയാൻ കാരണമായത്.
പുഴയിലെ ജലനിരപ്പ് കുറഞ്ഞതോടെ പുഴയോട് ചേർന്ന ഇരിട്ടി ടൗൺ, നേരമ്പോക്ക്, പെരുമ്പറമ്പ്, പടിയൂർ, പെരുവംപറമ്പ്, എടക്കാനം, വള്ളിയാട്, ചേളത്തൂർ, നിടിയോടി, ചെറുവോട്, മേഖലകളിലെ കിണറുകളും ജലനിരപ്പ് താഴ്ന്ന് വറ്റിവരളുകയാണ്. പഴശ്ശി പുഴയുമായി കൂടിച്ചേരുന്ന ബാരാപുഴയും ബാവലിപുഴയും നീരൊഴുക്ക് കുറഞ്ഞ് മെലിഞ്ഞതോടെ പുഴകളുടെ മധ്യഭാഗങ്ങളിലടക്കം മണൽതിട്ടകൾ തെളിഞ്ഞിട്ടുണ്ട്. മറ്റൊരു കാലത്തുമില്ലാത്ത വിധത്തിൽ പുഴയിലെ ജലനിരപ്പ് താഴുന്നത് പുഴയെ ആശ്രയിച്ചുള്ള പ്രദേശത്തെ വാഴ, പച്ചക്കറി, മരച്ചീനി, നെൽ കൃഷിയെയും ബാധിച്ചു.
ഷട്ടർ അടക്കാതിരിക്കുകയും ജലനിരപ്പ് ഇനിയും താഴുകയും ചെയ്താൽ കടുത്ത വരൾച്ചയായിരിക്കും മലയോരത്തെ കാത്തിരിക്കുന്നത്. ഇരിട്ടി പുഴയില്‍ ജലനിരപ്പ് താഴുന്നത് ജില്ലയിലെ പ്രധാന കുടിവെള്ള പദ്ധതിയായ പഴശ്ശി പമ്പിങ് സ്റ്റേഷന്റെ പ്രവര്‍ത്തനങ്ങളെയും ബാധിക്കുമെന്നും ഇത് ജില്ലയിലെ കുടിവെള്ള വിതരണത്തെയുൾപ്പെടെ തടസ്സപ്പെടുത്തുമെന്നുമുള്ള ആശങ്കയിലാണ് ജനങ്ങൾ. പഴശ്ശി ഷട്ടർ ഉടൻ അടച്ച് ജലസംഭരണം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.