ലോക പഞ്ചഗുസ്തിയിലേക്ക് യോഗ്യതയായി; ഷിജുവിന് സ്പോൺസർ വേണം
text_fieldsകീഴല്ലൂർ: ലോക പഞ്ചഗുസ്തിയിലേക്ക് യോഗ്യത നേടിയ ദേശീയ താരം സ്പോൺസറെ തേടുന്നു. ആരെങ്കിലും തയാറായി മുന്നോട്ടുവന്നാൽ പാലയോട്ടെ എം.എം. ഷിജുവിന് രാജ്യത്തെ പ്രതിനിധീകരിച്ച് ഖസാഖ്സ്താനിൽ നടക്കുന്ന ലോക പഞ്ചഗുസ്തി മത്സരത്തിൽ പങ്കെടുക്കാനാവും. ഉത്തർപ്രദേശിലെ മഥുര ജി.എൽ.എ യൂനിവേഴ്സിറ്റിയിൽ നടന്ന ദേശീയ പാര പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ കേരളത്തിനായി മത്സരിച്ച് 70 കിലോ വിഭാഗത്തിൽ വെള്ളി മെഡൽ സ്വന്തമാക്കിയാണ് ലോക പഞ്ചഗുസ്തി മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടിയത്.
ആഗസ്റ്റ് 24 മുതൽ സെപ്റ്റംബർ മൂന്നുവരെ ഖസാക്കിസ്ഥാൻ ആൽമറ്റിയിലെ സാഡു ഹോട്ടലിലാണ് ലോക ചാമ്പ്യൻഷിപ് നടക്കുന്നത്. ഇതിൽ പങ്കെടുക്കണമെങ്കിൽ ഒന്നര ലക്ഷം രൂപയോളം ചിലവ് വരും. നിർമാണ തൊഴിലാളിയായ ഷിജുവിന് ഇത്രയും തുക താങ്ങാനാകാത്തതാണ്. അതിനാലാണ് സ്പോൺസറെ തേടുന്നത്. വടംവലി രംഗത്തെ മികച്ച താരം കൂടിയാണ് ഷിജു.
എറണാകുളത്ത് നടന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടിയാണ് ഷിജു യു.പിയിൽ നടന്ന ദേശീയ മത്സരത്തിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ചത്. 2018 തുർക്കിയിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ രാജ്യത്തെ പ്രതിനിധീകരിക്കാൻ അവസരം കിട്ടിയിരുന്നെങ്കിലും സ്പോൺസറെ കിട്ടാത്തതിനാൽ പോകാൻ കഴിഞ്ഞിരുന്നില്ല.
ആങ്കെിലും സ്പോൺസറാകാൻ മുന്നോട്ടുവന്നാൽ ഇത്തവണയെങ്കിലും രാജ്യത്തെ പ്രതിനിധീകരിച്ച് ഖസാക്കിസ്ഥാനിലേക്ക് പോകാൻ കഴിയുമെന്ന പ്രതീക്ഷയാണ് ഷിജുവിനുള്ളത്. പാലയോട്ടെ കെ. കുഞ്ഞിരാമന്റെയും എം.എം. ജാനകിയുടെയും മകനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.