ജീവച്ഛവമാക്കും, പിന്നെ ജീവനെടുക്കും
text_fieldsമൂന്നുപേരെ തട്ടിക്കൊണ്ടുപോവുന്നു. അതിലൊരാൾ കൊല്ലപ്പെടുന്നു. 'വെറുതെ' വിട്ടവരുടെ സ്ഥിതി എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. അതറിയണമെങ്കിൽ മൊഗുറോഡിലെ സിദ്ദീഖിന്റെ സഹോദരൻ അൻവറും സുഹൃത്ത് അൻസാരിയും പറയുന്നത് കേൾക്കണം.
ക്വട്ടേഷൻ സംഘത്തിന്റെ ദയയിൽ വിട്ടയക്കപ്പെട്ടവരാണ് ഇരുവരും. കൊടിയ പീഡനം നടന്ന് നാലുമാസം പിന്നിട്ടിട്ടും ആരോഗ്യസ്ഥിതി പഴയപടിയായിട്ടില്ല. ഇവർക്കുമുണ്ട് ആശ്രയിച്ചു കഴിയുന്ന കുടുംബങ്ങൾ. കാൽ നിലത്തുറക്കാൻപോലും കഴിയാതെ തീ തിന്ന ദിനങ്ങളാണ് ഇരുവരും കടന്നുപോന്നത്.
നിത്യചെലവിന് കടം വാങ്ങി ഗത്യന്തരമില്ലാതെ അൻവർ ദിവസങ്ങൾക്കു മുമ്പ് ഹോട്ടൽ പണിക്ക് കയറി. എത്രകാലം വീട്ടിൽ കഴിയുമെന്ന് വിചാരിച്ചാണ് പണിക്കിറങ്ങിയതെന്ന് 48കാരനായ ഇയാൾ ചോദിക്കുന്നു. 32കാരനായ അൻസാരി ജോലിക്ക് പോയി ത്തുടങ്ങിയില്ല.
കൊല്ലപ്പെടുന്നതോ ജീവച്ഛവമാക്കുന്നതോ ആയ കേസുകൾ മാത്രമാണ് പുറത്തറിയുന്നത്. നിത്യരോഗികളാക്കിയതൊന്നും ആരുമറിയാതെ ഒതുങ്ങും. ഇക്കഴിഞ്ഞ മേയിൽ ഉപ്പള സ്വദേശിയായ അജ്മലെന്ന യുവാവിനുണ്ടായ പീഡനം സമാനതകളില്ലാത്തതാണ്.
ഏൽപിച്ച പണം ലക്ഷ്യസ്ഥാനത്ത് ഏൽപ്പിക്കാത്തതാണ് കുറ്റം. ഷോക്കേൽപിക്കൽ ഉൾപ്പെടെ അതിക്രൂരമായ മർദനങ്ങൾക്കുശേഷം വിട്ടയച്ചു. ഇരുവൃക്കകളും തകരാറിലായി ഡയാലിസിസ് ചെയ്യുകയാണ് ആ യുവാവ്. ജില്ലയിൽ ചേരൈങ്കയിൽ 19കാരനെ തട്ടിക്കൊണ്ടുപോയി മർദിച്ചത് മാസങ്ങക്കൈുമുമ്പാണ്.
കണ്ണിലിരുട്ട് കയറും കാഴ്ചകൾ
അൻവറിലേക്കും അൻസാരിയിലേക്കും തന്നെ വരാം. തട്ടിക്കൊണ്ടുപോയി മർദിച്ച് ജീവനോടെ വിട്ട അപൂർവം ആളുകളിൽപെട്ടവരാണ് ഇരുവരും. ഒരു ട്രാവൽ ഉടമയും ചിലരുമാണ് 'ഡോളർ അടങ്ങിയ ബാഗ്' ദുബൈയിലുള്ള സിദ്ദീഖിനെ ഏൽപിക്കാൻ നാട്ടിൽനിന്ന് അൻസാരി വശം അയച്ചത്.
ഡോളറിനു പകരം കടലാസുകെട്ടുകളാണ് ബാഗിലുണ്ടായിരുന്നതെന്നാണ് കൈപ്പറ്റിയയാൾ അറിയിച്ചത്. ഡോളർ അടിച്ചുമാറ്റിയെന്ന് വിധിയെഴുതിയാണ് സിദ്ദീഖിനെ വകവരുത്താൻ ക്വട്ടേഷൻ സംഘത്തെ ഏൽപിച്ചത്.
ഞൊടിയിട വേഗത്തിലാണ് പിന്നീടുള്ള കാര്യങ്ങൾ. നാട്ടിൽ വരാൻ സിദ്ദീഖിനോട് സംഘം ആവശ്യപ്പെട്ടു. വൈകുമെന്ന് കണ്ടപ്പോഴാണ് ബാഗ് കൊണ്ടുപോയ അൻസാരിയെയും അൻവറിനെയും തട്ടിക്കൊണ്ടുപോയത്.
ആരു കേൾക്കാൻ, ആ നിലവിളി?
പൈവളികെ നൂത്തലയിലെ ഇരുനിലവീട്ടിലേക്കാണ് അൻവറിനെയും അൻസാരിയെയും എത്തിച്ചത്. എന്തും സംഭവിക്കാമെന്ന് ഇരുവരും ഉറപ്പിച്ചു. മുകളിലെ മുറിയിൽനിന്ന് അൻസാരിയുടെ നിലവിളി കേൾക്കാൻ തുടങ്ങിയതോടെ ജീവിതം അവസാനിച്ചെന്ന് അൻവർ ഉറപ്പിച്ചു.
എന്തിനും തയാറായ അഞ്ചെട്ടുപേരുടെ ചോദ്യം ചെയ്യൽ. ഹാമറിന്റെ പിടിയും മരവടിയും ഉപയോഗിച്ച് കാൽവെള്ളയിലും അരക്കെട്ടിലുമാണ് കൊടിയ മർദനം. ഡോളർ എവിടെയെന്നു ചോദിച്ച് തുടർച്ചയായ മർദനം. അറിയില്ലെന്നും എന്തും ചെയ്യാമെന്നും കേണപേക്ഷിക്കുമ്പോഴും മർദനം മാത്രമാണ്.
ശരീരത്തിൽ ഇറച്ചിയുള്ള ഭാഗം അടിച്ചുകലക്കുന്നു. എന്ത് സംഭവിച്ചാലും നിലവിളിക്കൊന്നും അവിടെ ഒരു ഇളക്കവും സൃഷ്ടിക്കാൻ കഴിയില്ല. അവശനായി, എണീറ്റ് നിൽക്കാൻപോലും കഴിയാതെ വന്നപ്പോൾ അൻസാരിയെ പിടിച്ചുവലിച്ച് താഴെ അൻവറിന്റെ മുറിയിൽ എത്തിച്ചു. കാലിന്റെ വെള്ളയിൽ തുടർച്ചയായുള്ള മർദനത്തിൽ നിലത്ത് കാലുറക്കാത്ത സ്ഥിതിയായി.
എങ്ങോട്ടു പോയെന്ന് ഇരുവരുടെയും വീട്ടുകാർക്കറിയില്ല. ഒരു വെള്ളിയാഴ്ച പുറപ്പെട്ടതാണ്. കാണാനില്ലെന്ന പരാതി ഒഴിവാക്കാൻ പിറ്റേന്ന് ഇരുവരുടെയും ഫോണിൽനിന്ന് വീട്ടിലേക്ക് വിളിപ്പിക്കുന്നു. 'ഞങ്ങൾ ഇവിടെയുണ്ടെന്നും ഉടൻ വരുമെന്നും' സ്പീക്കർ മോഡിലിട്ട് ഭാര്യമാരെ വിളിച്ച് വിശ്വസിപ്പിക്കുന്നു. ഫോണിൽ പറയേണ്ട കാര്യങ്ങളെല്ലാം ക്വട്ടേഷൻ സംഘം ഇവരോട് നിർദേശിച്ചിരുന്നു.
സ്ഥിരം തൂക്കുമരം, ഇതും കേരളമാണ്
വെള്ളി, ശനി ദിവസങ്ങളിലെ മർദനത്തിനുശേഷം ഞായറാഴ്ച പകൽ രണ്ടരയോടെ ക്വട്ടേഷൻ സംഘം രണ്ടുപേരെയും കാറിൽ കയറ്റിക്കൊണ്ടുപോയി. ഇരിക്കാനോ നിൽക്കാനോ കഴിയാത്ത അവസ്ഥയിലായിരുന്നു അവർ. ബോളംകള ഗ്രൗണ്ടിനോട് ചേർന്ന കാട്ടിലേക്കാണ് എത്തിയത്.
അവിടത്തെ കാഴ്ച കണ്ട് ശ്വാസം നിലക്കുന്നതായി തോന്നി. അൻവറിന്റെ കൂടപ്പിറപ്പ് സിദ്ദീഖിനെ തല കീഴായി കെട്ടിത്തൂക്കി മർദിക്കുന്നു. തൊട്ടടുത്തായി ഇവരെയും തൂക്കി മർദനം തുടങ്ങി. ഫുട്ബാൾ പോസ്റ്റിന്റെ മാതൃകയിൽ കെട്ടിത്തൂക്കാനുള്ള സ്ഥിരംവേദിയുണ്ടിവിടെ. ചോദിക്കാനും പറയാനും ആരുമില്ലാത്ത നാട്ടിൽ കൊലയാളി സംഘം നിയമിച്ച തൂക്കുമരമാണത്. എത്രപേരെ ഇവിടെ തൂക്കിയിട്ട് മർദിച്ചുകാണും?.
ദുബൈയിലുള്ള സിദ്ദീഖ് എപ്പോൾ നാട്ടിലെത്തിയെന്ന് ഇവർക്കറിയില്ല. ഇഞ്ചിഞ്ചായി ഇല്ലാതാവുമ്പോഴുള്ള അലമുറ. ജീവനുവേണ്ടിയുള്ള യാചനകൾ.. പേടിപ്പെടുത്തുന്ന അന്തരീക്ഷം. ആറുമണിയോടെ ക്വട്ടേഷൻ സംഘത്തിലെ ഒരാൾ അൻവറിനെയും സിദ്ദീഖിനെയും അവിടെനിന്ന് മാറ്റുന്നു.
'ഡോളർ കിട്ടി'യെന്നും 'വാ പോവാ'മെന്നും പറഞ്ഞ് കാറിൽ കയറ്റി. പൈവളികെയിൽ ഇറക്കിവിട്ടു. അനങ്ങാൻപോലും കഴിയില്ലെങ്കിലും ഡോളർ കിട്ടിയല്ലോ, പ്രശ്നമെല്ലാം തീർന്നല്ലോ എന്ന ആശ്വാസമായിരുന്നു അവർക്ക്.
സുഹൃത്തുക്കളെ വിളിച്ച് അവർക്കൊപ്പം ആശുപത്രിയിലേക്ക് പോവുമ്പോഴാണ് ബന്ദിയോട്ടെ സ്വകാര്യ ആശുപത്രിയിൽ സിദ്ദീഖിനെ ഉപേക്ഷിച്ച് ഒരുസംഘം രക്ഷപ്പെട്ടെന്ന വിവരം ലഭിച്ചത്. നേരെ അങ്ങോട്ട് കുതി ച്ചു. അപ്പോഴേക്കും സിദ്ദീഖ് ഈ ലോകം വിട്ടുപോയിരുന്നു.
അനിയൻ മരിച്ചതിനാലാണ് ഡോളർ കിട്ടിയെന്നു പറഞ്ഞ് ഇവരെ വിട്ടയച്ചതെന്ന് ഇവർക്ക് മനസ്സിലായി. കൊടുംമർദനത്തിന് ഇരയായ ഇരുവരെയും മംഗളൂരുവിലെ സ്വകാര്യ ആശുപത്രി ഐ.സി.യുവിലാക്കി.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.