പരിധിവിട്ട് കുട്ടികൾ, നിസ്സഹായരായി രക്ഷിതാക്കൾ
text_fieldsകണ്ണൂർ: മുമ്പ് കോളജുകളിൽ വ്യാപകമായിരുന്ന റാഗിങ് കേസുകൾ ഇപ്പോൾ കൂടുതലും റിപ്പോർട്ട് ചെയ്യുന്നത് സ്കൂളുകളിൽ. ആവേശം സിനിമ സ്റ്റൈലിൽ ഗാങ്ങുകളുണ്ടാക്കിയാണ് ചില സീനിയർ വിദ്യാർഥികളുടെ അഴിഞ്ഞാട്ടം. എല്ലാ അതിരുകളും മറികടന്ന് ജീവന് ഭീഷണിയാവുന്ന തരത്തിലേക്ക് വിഷയം മാറിയതോടെ കാര്യങ്ങൾ കൈവിട്ട് തുടങ്ങി. കുട്ടികളുടെ ഭാവി അവതാളത്തിലാക്കുന്ന വിഷയത്തിൽ നിസ്സഹായത പ്രകടിപ്പിക്കുകയാണ് രക്ഷിതാക്കൾ. സ്കൂൾതല റാഗിങ് വിരുദ്ധ സമിതികളുടെ റിപ്പോർട്ട് ലഭിച്ചാലുടൻ ജാമ്യമില്ല കേസ് രജിസ്റ്റർ ചെയ്ത് നടപടികൾ ശക്തമാക്കുകയാണ് പൊലീസ്.
കടവത്തൂരിൽ പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ സംഘടിച്ച് ക്രൂരമായി മർദിച്ച സംഭവത്തിൽ രണ്ട് ഡസനോളം പേർക്കെതിരെയാണ് കൊളവല്ലൂർ പൊലീസ് കേസെടുത്തത്. കടവത്തൂർ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിയായ പുല്ലൂക്കരയിലെ വെള്ളോട്ട് കണ്ടിയിൽ അജ്മലി (16) നെയാണ് ഒരു സംഘം പ്ലസ്ടു വിദ്യാർഥികൾ ക്രൂരമായി മർദിച്ചത്. ഗുരുതരമായി പരിക്കേറ്റ അജ്മൽ തലശ്ശേരി ഇന്ദിരഗാന്ധി സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. ഉമ്മത്തൂർ എസ്.ഐ ഹയർ സെക്കഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയെ സീനിയർ വിദ്യാർഥിനികൾ റാഗിങ്ങിനിരയാക്കി മർദിച്ചതായി പരാതിയുണ്ട്. വളയം പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്.
നൂറോളം റാഗിങ് കേസുകൾ
ചെറുതും വലുതുമായ നൂറോളം റാഗിങ് കേസുകളാണ് ജില്ലയിൽ ഇതിനകം റിപ്പോർട്ട് ചെയ്തത്. റാഗിങ്ങിനെതിരെ ശക്തമായ നിയമം നിലനിൽക്കുമ്പോഴും കേസുകൾക്ക് കുറവൊന്നുമില്ല. സംഘം ചേർന്ന് ജൂനിയർ വിദ്യാർഥികളെ മർദിച്ച് അവശരാക്കിയ സംഭവങ്ങളാണ് ഏറെയും. റാഗിങ് റിപ്പോർട്ട് ചെയ്താലും കേസെടുക്കാനാവുമ്പോൾ പറഞ്ഞുതീർക്കുന്നതാണ് അക്രമികൾക്ക് സൗകര്യമാവുന്നത്. കുട്ടികളുടെ ഭാവിയെ കരുതി രക്ഷിതാക്കളും അധ്യാപകരും ഇടപെട്ട് പൊലീസിന്റെ സഹായത്തോടെ പ്രശ്നം പറഞ്ഞുതീർക്കും.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് ശ്രീകണ്ഠപുരം ഗവ.എച്ച്.എസ്.എസിൽ രണ്ട് പ്ലസ് വൺ വിദ്യാർഥികളെ മർദിച്ചതിന് 21 സീനിയർ വിദ്യാർഥികൾക്കെതിരെ കേസെടുത്തിരുന്നു. തളിപ്പറമ്പിൽ ജൂനിയർ വിദ്യാർഥിയെ റാഗിങ്ങിന് ഇരയാക്കാൻ ശ്രമിച്ച ഹയർ സെക്കൻഡറി വിദ്യാർഥികളെയും ഇവരുടെ രക്ഷിതാക്കളെയും പരാതിയെ തുടർന്ന് പൊലീസ് വിളിപ്പിച്ച് താക്കീത് ചെയ്ത് വിട്ടയച്ചതും അടുത്തിടെയാണ്. തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ സർക്കാർ വിദ്യാലയത്തിലാണ് ഹയർ സെക്കൻഡറി വിഭാഗത്തിൽ റാഗിങ് നടന്നതായി പരാതി ഉയർന്നത്.
കൂത്തുപറമ്പ് മലബാർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥികളെ റാഗ് ചെയ്ത സംഭവത്തിൽ 10 പ്ലസ്ടു വിദ്യാർഥികളുടെ പേരിൽ കൂത്തുപറമ്പ് പൊലീസ് കേസെടുത്തതും അടുത്തിടെയാണ്. കോളജുകളിലും സ്കൂളുകളിലും ആന്റി റാഗിങ് സ്ക്വാഡുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും നിർജീവമാണെന്നതാണ് കുറ്റക്കാർക്ക് സൗകര്യമാവുന്നത്. രണ്ടുവർഷം വരെ തടവും 10,000 രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ് റാഗിങ്. സ്കൂളുകളിൽനിന്ന് പുറത്താവുകയും ചെയ്യും. റാഗിങ് കേസിൽ ഉൾപ്പെട്ട വിദ്യാർഥിക്ക് തുടർ പഠനവും മുടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.