രാഹുൽ ഗാന്ധി പറഞ്ഞത് സഭയിൽനിന്നേ നീക്കാനാവൂ- കെ.സി. വേണുഗോപാൽ
text_fieldsകണ്ണൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും വ്യവസായി അദാനിക്കുമെതിരെ രാഹുൽ ഗാന്ധി പാർലമെന്റിൽ പറഞ്ഞ കാര്യങ്ങൾ സഭയുടെ രേഖകളിൽനിന്നു മാത്രമേ നീക്കാൻ കഴിയൂ എന്നും ജനമനസ്സുകളിൽനിന്ന് മായ്ക്കാൻ കഴിയില്ലെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. ഡി.സി.സിയുടെ ആഭിമുഖ്യത്തില്‍ ഹാഥ് സെ ഹാഥ് അഭിയാന് കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് സ്വതന്ത്ര രാഷ്ട്രീയ പ്രവര്‍ത്തനം അസാധ്യമായി. പാര്‍ലമെന്റില്‍ പോലും ഒന്നും പറയാന്‍ അനുവദിക്കുന്നില്ല. രാഹുല്‍ ഗാന്ധി പാർലമെന്റിൽ നടത്തിയ വാക്കുകള്‍ ഒരു ദിവസം മുഴുവനും സമൂഹമാധ്യമങ്ങളിലും മറ്റും പ്രചരിച്ചശേഷമാണ് നീക്കിയതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ഫാഷിസം നടപ്പാക്കുന്ന ബി.ജെ.പി സര്‍ക്കാറിനെതിരെയും സംസ്ഥാനത്ത് രാഷ്ട്രീയ ഫാഷിസം നടത്തുന്ന പിണറായി സര്‍ക്കാറിനെതിരെയും കോൺഗ്രസ് ഒരുമിച്ച് പോരാട്ടം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഭാരത് ജോഡോ യാത്രയുടെ അമരക്കാരനായി രാഹുൽ ഗാന്ധിയോടൊപ്പം യാത്രചെയ്ത കെ.സി. വേണുഗോപാലിനുള്ള ഡി.സി.സിയുടെ ഉപഹാരം കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് എം.പി. സമ്മാനിച്ചു. ജോഡോയാത്രയിൽ പങ്കെടുത്ത നടുവില്‍ സര്‍ഗധാര ബാൻഡ് വാദ്യസംഘത്തെയും ആദരിച്ചു.
ഡി.സി.സി പ്രസിഡന്റ് അഡ്വ. മാര്ട്ടിന് ജോര്‍ജ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. സോണി സെബാസ്റ്റ്യന്‍, പി.എം. നിയാസ്, മേയര്‍ അഡ്വ. ടി.ഒ. മോഹനന്, സജീവ് ജോസഫ് എം.എല്‍.എ, വി.എ. നാരായണന്, സജ്ജീവ് മാറോളി, പി.ടി. മാത്യു, ചന്ദ്രന് തില്ലങ്കേരി, കെ.സി. മുഹമ്മദ് ഫൈസല്‍, ഷമാ മുഹമ്മദ്, എന്‍. പി. ശ്രീധരന്, എം. നാരായണൻ കുട്ടി, മുഹമ്മദ് ബ്ലാത്തൂര്‍, വി.വി. പുരുഷോത്തമന്, ടി. ജനാർദനൻ തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.