റെയിൽവേ നടപ്പാലം പുനർനിർമാണം രണ്ടുമാസത്തിനകം
text_fieldsകണ്ണൂർ: കാലപ്പഴക്കത്താൽ പുതുക്കിപ്പണിയാനായി അടച്ച കണ്ണൂർ പഴയ ബസ് സ്റ്റാൻഡിലെ റെയിൽവേ നടപ്പാലം പ്രവൃത്തി രണ്ടുമാസത്തിനുള്ളിൽ തുടങ്ങാനാവുമെന്ന് പ്രതീക്ഷ. മുനീശ്വരൻ കോവിലിന് എതിർവശത്തെ റെയിൽവേ മേൽപാലം ഒരുമാസത്തോളമായി അടച്ചിട്ട നിലയിലാണ്.
30 വർഷത്തോളം പഴക്കമുള്ള നടപ്പാലം അറ്റകുറ്റപ്പണി നടത്താനാണ് അടച്ചിട്ടത്. ഇതിനായി കരാറും നൽകിയിരുന്നു. എന്നാൽ, വിദഗ്ധ പരിശോധനയിൽ പാലത്തിന് കാലപ്പഴക്കത്തെ തുടർന്ന് ബലക്ഷയമുള്ളതായി കണ്ടെത്തി. സുരക്ഷാകാരണങ്ങളാൽ പാലം ഉപയോഗിക്കാനാവില്ലെന്നും റെയിൽവേ എൻജിനീയർമാർ കണ്ടെത്തി. സ്ലാബുകൾ ദ്രവിച്ച നിലയിലായിരുന്നു. ഇതോടെയാണ് പാലം പൊളിച്ചുമാറ്റി പകരം പുതിയത് നിർമിക്കാൻ തീരുമാനിച്ചത്.
പാലക്കാട് റെയിൽവേ ഡിവിഷന് കീഴിലെ എൻജീനിയറിങ് വിഭാഗത്തിന്റെ മേൽനോട്ടത്തിലാവും നിർമാണം. പ്രധാനപാതയിലെ നടപ്പാലമായതിനാൽ ട്രെയിൻ ഗതാഗതത്തെ ബാധിക്കാതെ വേണം പൊളിച്ചുമാറ്റാൻ. ഇതിനായി പുതിയ ടെൻഡർ വിളിക്കേണ്ടതുണ്ട്. അടുത്തമാസത്തോടെ ടെൻഡർ നടപടികൾ തുടങ്ങാനാവുമെന്നാണ് കരുതുന്നത്. ടെൻഡർ പൂർത്തിയാക്കി രണ്ട് മാസത്തിനകം പ്രവൃത്തി തുടങ്ങാനാവുമെന്നാണ് പ്രതീക്ഷ. മൂന്നുമാസത്തിനകം പൂർത്തിയാക്കാനാണ് ശ്രമം.
പരമാവധി ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്താതെ വലിയ ക്രെയിനുകൾ ഉപയോഗിച്ച് പാലം പൊളിച്ചുമാറ്റാനാണ് തീരുമാനം. നടപ്പാലം അടച്ചിട്ടതോടെ കാൽനടയാത്രക്കാർ ദുരിതത്തിലായി. പഴയ ബസ് സ്റ്റാൻഡ് പരിസരത്തുനിന്നും മുനീശ്വരൻ കോവിൽ ഭാഗത്തേക്ക് പോകേണ്ട യാത്രക്കാർ ഏറെ കറങ്ങിവേണം ലക്ഷ്യസ്ഥാനത്തെത്താൻ.
വിദ്യാർഥികളും തൊഴിലാളികളുമടക്കം നിരവധി പേരാണ് നടപ്പാലം ഉപയോഗിച്ചിരുന്നത്. നടപ്പാലം അടച്ചതോടെ സമീപത്തെ വഴിയോര കച്ചവടക്കാരും ദുരിതത്തിലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.