യാത്രക്കാരെ വെയ്റ്റിങ് ലിസ്റ്റിലാക്കാൻ റെയിൽവേ
text_fieldsകണ്ണൂർ: മലബാറുകാരെ തലസ്ഥാനവുമായി ബന്ധിപ്പിക്കുന്ന പ്രധാന ട്രെയിനുകളായ മലബാർ, മാവേലി എക്സ്പ്രസുകളിൽ അടക്കം സ്ലീപ്പർ കോച്ചുകൾ വെട്ടിക്കുറച്ച് റെയിൽവേ. മംഗളൂരു - തിരുവനന്തപുരം, തിരുവനന്തപുരം - മംഗളൂരു മാവേലി എക്സ്പ്രസ് (16603, 16604), മംഗളൂരു - തിരുവനന്തപുരം, തിരുവനന്തപുരം - മംഗളൂരു മലബാർ എക്സ്പ്രസ് (16630, 166290), മംഗളൂരു - ചെന്നൈ, ചെന്നൈ - മംഗളൂരു സൂപ്പർഫാസ്റ്റ് മെയിൽ (12602, 12601), ചെന്നൈ - മംഗളൂരു, മംഗളൂരു- ചെന്നൈ വെസ്റ്റ്കോസ്റ്റ് എക്സ്പ്രസ് (22637, 22638), എന്നിവയുടെ സ്ലീപ്പർ കോച്ചാണ് വെട്ടിക്കുറച്ചത്.
ഇതോടെ തിരുവനന്തപുരം, ചെന്നൈ ഭാഗങ്ങളിലേക്ക് യാത്രചെയ്യുന്നവരെ ആഴ്ചകളോളം റെയിൽവേ വെയ്റ്റിങ് ലിസ്റ്റിലാക്കും. മലബാർ, മാവേലി, ചെന്നൈ വണ്ടികൾക്ക് സ്ലീപ്പർ ടിക്കറ്റ് ലഭിക്കണമെങ്കിൽ മൂന്നാഴ്ച മുമ്പെങ്കിലും ബുക്ക് ചെയ്യേണ്ട അവസ്ഥയാണ് നിലവിൽ. അവധി, ഉത്സവ, ആഘോഷ ദിവസങ്ങളിൽ യാത്രക്കാരുടെ തിരക്ക് വർധിക്കുന്നതിനാൽ ഒരുമാസത്തിലേറെയാവും കാത്തിരിപ്പ്. വെട്ടിക്കുറച്ച സ്ലീപ്പറുകൾക്ക് പകരം തേർഡ് എ.സി കോച്ചുകൾ ചേർക്കാനാണ് റെയിൽവേയുടെ തീരുമാനം. മാവേലിയിൽ തിങ്കൾ മുതൽ തീരുമാനം നടപ്പാകും. മംഗളൂരു - ചെന്നൈ സൂപ്പർഫാസ്റ്റിൽ സെപ്റ്റംബർ 13, 14 തീയതികളിലും വെസ്റ്റ് കോസ്റ്റിൽ 15, 16 തീയതികളിലും മലബാറിൽ 17, 18 തീയതികളിലും മാറ്റം പ്രാബല്യത്തിൽ വരും.
ചെലവേറും യാത്ര
ചെലവേറും യാത്ര
സാധാരണക്കാർക്ക് ഇരുട്ടടിയായാണ് റെയിൽവേ ജനപ്രിയ ട്രെയിനുകളിൽ സ്ലീപ്പർ കോച്ചുകൾ കുറച്ചത്. പകരമെത്തുന്ന തേർഡ് എ.സി കോച്ചിൽ സ്ലീപ്പറിന്റെ ഇരട്ടിയിലേറെയാണ് ടിക്കറ്റ് നിരക്ക്. കണ്ണൂരിൽനിന്ന് തിരുവനന്തപുരത്തേക്ക് സ്ലീപ്പർ കോച്ചിൽ യാത്രചെയ്യാൻ 290 രൂപയാണ് ടിക്കറ്റ് നിരക്ക്. എന്നാൽ തേർഡ് എ.സി ടിക്കറ്റിന് 775 രൂപ വേണം. ചെന്നൈ സൂപ്പർഫാസ്റ്റ് മെയിലിൽ 430 രൂപയാണ് കണ്ണൂരിൽനിന്ന് ചെന്നൈയിലേക്കുള്ള സ്ലീപ്പർ നിരക്ക്. തേർഡ് എ.സിയാകുമ്പോൾ 1140 രൂപയാണ്. ഓൺലൈനായി ടിക്കറ്റെടുക്കുമ്പോൾ കമീഷൻ അടക്കം തുക ഇനിയും കൂടും. മാവേലി, മലബാർ എക്സ്പ്രസുകളിൽ സ്ലീപ്പർ കോച്ച് കുറയുമ്പോൾ 144 സീറ്റുകൾ വീതമാണ് നഷ്ടമാകുക. കുടിയേറ്റ ജനതയുടെ പ്രിയ ട്രെയിനായ മലബാറിൽ കയറി നിരവധിപേരാണ് കോട്ടയത്തും ചങ്ങനാശ്ശേരിയിലും തിരുവല്ലയിലും ചെങ്ങന്നൂരുമൊക്കെ എത്തുന്നത്. സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ സ്ലീപ്പർ യാത്രക്കുള്ള അവസരത്തിലാണ് റെയിൽവേ കത്തിവെക്കുന്നത്. മലയാളികൾ ഏറെയുള്ള ചെന്നൈയിലേക്കുള്ള ട്രെയിനുകളിലും റിസർവേഷന് ഏറെ കാത്തിരിക്കണം. ചെന്നൈ സൂപ്പർഫാസ്റ്റിലും വെസ്റ്റ് കോസ്റ്റിലും ഒന്നുവീതം സ്ലീപ്പർ കോച്ചുകൾ എടുത്തുകളയുമ്പോൾ മലയാളി യാത്രക്കാർക്കൊപ്പം ബുദ്ധിമുട്ടിലാവുന്നത് അന്തർ സംസ്ഥാന തൊഴിലാളികൾ കൂടിയാണ്.
മാവേലി, മലബാർ, ചെന്നൈ വണ്ടികളിലെ ജനറൽ കമ്പാർട്ട്മെന്റിൽ കാലുകുത്താനാവാത്ത അവസ്ഥയാണ്. ആളുകൾക്ക് കുറഞ്ഞ നിരക്കിൽ റിസർവ് ചെയ്ത് യാത്രചെയ്യാനാവുന്നത് സ്ലീപ്പർ ക്ലാസിലാണ്. കോച്ചുകളുടെ എണ്ണം കുറക്കുന്നതോടെ യാത്ര ദുഷ്കരമാകും. പുതിയ സ്ലീപ്പർ കോച്ചുകൾ അനുവദിക്കണമെന്ന് കാലങ്ങളായുള്ള ആവശ്യമാണ്. പകരം നിലവിലുള്ള കോച്ചുകൾ എടുത്തുകളയുകയാണ്. നേരത്തേ മംഗളൂരു-തിരുവനന്തപുരം-മംഗളൂരു എക്സ്പ്രസിൽ (16347/16348) ജൂലൈയിൽ ഒരു തേഡ് എ.സി കോച്ച് വർധിപ്പിച്ചത് ജനറൽ കോച്ച് കുറച്ചാണ്. കണ്ണൂർ-യശ്വന്ത്പുരിൽ രണ്ട് സ്ലീപ്പർ കോച്ചുകൾ മാറ്റി തേഡ് എ.സി ആക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.