മഴ: ശക്തി കുറഞ്ഞു, ആശങ്ക ഒഴിഞ്ഞില്ല
text_fieldsകണ്ണൂർ: നിർത്താതെ പെയ്യുന്ന മഴയുടെ ശക്തി അൽപം കുറഞ്ഞുവെങ്കിലും ആശങ്ക ഒഴിഞ്ഞില്ല. ജില്ലയിലെ മലയോര മേഖലകളിൽ കനത്ത മഴയാണ് വെള്ളിയാഴ്ചയും ഉണ്ടായത്. തളിപ്പറമ്പിൽ സംസ്ഥാന പാതയോരം ഇടിഞ്ഞു. അയ്യൻകുന്നിൽ മണ്ണിടിച്ചിലുമുണ്ടായി. ഇന്നലെ വെള്ളപ്പൊക്കമുണ്ടായ പലയിടത്തും വെള്ളം ഇറങ്ങിയിട്ടുണ്ട്. എന്നാൽ, ഇടവിട്ടുണ്ടാവുന്ന കനത്ത മഴ ആശങ്ക വർധിപ്പിക്കുകയാണ്.
മഴയുടെ ശക്തി കുറഞ്ഞ് വരികയാണെങ്കിലും ശക്തമായ ജാഗ്രത തുടരണമെന്ന് ജില്ല ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയ കലക്ടർ അരുൺ കെ. വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ജില്ലയിൽ കണ്ണൂർ, തലശ്ശേരി താലൂക്കുകളിലെ ഏഴ് ദുരിതാശ്വാസ ക്യാമ്പിലായി 76 പേരാണ് കഴിയുന്നത്. മറ്റ് താലൂക്കുകളിൽ ക്യാമ്പുകൾ ആരംഭിച്ചിട്ടില്ല.
കണ്ണൂർ താലൂക്കിൽ 23 പേർ
കണ്ണൂർ താലൂക്കിൽ മൂന്ന് ക്യാമ്പിലായി എട്ട് കുടുംബങ്ങളിലെ 23 പേരാണ് കഴിയുന്നത്. ഇവിടെ 61 കുടുംബങ്ങളെ ബന്ധു വീട്ടുകളിലേക്കും മാറ്റി. കണ്ണൂര്‍ കോര്‍പറേഷനിലെ കീഴ്ത്തള്ളി വെല്‍നെസ് സെന്റര്‍, ഉരുവച്ചാൽ മദ്റസ, പള്ളിക്കുന്ന് സൈക്ലോണ്‍ ഷെല്‍ട്ടര്‍, തലശ്ശേരി കതിരൂര്‍ സൈക്ലോണ്‍ ഷെല്‍ട്ടര്‍, തുപ്പങ്ങോട്ടൂര്‍ പഞ്ചായത്തിലെ നരിക്കോട്ട്മല സാംസ്കാരിക കേന്ദ്രം, കീഴല്ലൂർ കുടുംബക്ഷേമ ഉപകേന്ദ്രം, കീഴല്ലൂർ ശിശു മന്ദിരം എന്നിവടങ്ങളിലാണ് ക്യാമ്പുകള്‍ ആരംഭിച്ചത്.
തലശ്ശേരിയിൽ 53 പേർ
തലശ്ശേരിയിൽ 53 പേരെ നാല് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. ഇവിടെ 119 കുടുംബങ്ങളെ ബന്ധു വീടുകളിലേക്ക് മാറ്റി താമസിപ്പിച്ചിട്ടുണ്ട്. ഇരിട്ടി താലൂക്കിൽ നാല് കുടുംബങ്ങളെ ബന്ധു വീടുകളിലേക്കും വാടക വീടുകളിലേക്കുമായി മാറ്റി. പയ്യന്നൂർ താലൂക്കിൽ 11 കുടുംബങ്ങളെയും തളിപ്പറമ്പിൽ 10 കുടുംബങ്ങളെയും വീതം ബന്ധു വീടുകളിലേക്ക് മാറ്റി.
പേരാവൂർ: എടൂർ - ആറളം മലയോര ഹൈവേയിൽ ചെന്തോട് പാലത്തിന്റെ സമാന്തര റോഡ് വെള്ളത്തിൽ മുങ്ങി വെള്ളക്കുത്തിൽ തകർന്നതിനെത്തുടർന്ന് ഉണ്ടായ ഗതാഗത സ്തംഭനം വെള്ളിയാഴ്ചയും തുടർന്നു.
അയ്യൻകുന്ന് പാറയ്ക്കാമലയിൽ വന്‍ മണ്ണിടിച്ചിൽ; റോഡ് തകർന്നു
ഇരിട്ടി: കനത്ത മഴയിൽ അയ്യന്‍കുന്ന് പഞ്ചായത്തിലെ പാറയ്ക്കാമലയില്‍ വന്‍ മണ്ണിടിച്ചിൽ. വെള്ളിയാഴ്ച വൈകീട്ട് ആറോടെയായിരുന്നു സംഭവം. ശക്തമായ മഴയില്‍ പാറയ്ക്കാമല സ്വകാര്യ റിസോർട്ടിനു സമീപത്തെ തെക്കേടത്ത് റെജിസക്കറിയയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ മണ്ണാണ് ഇടിഞ്ഞു നിരങ്ങിയത്. കൂട്ടിയിട്ട മണ്ണിൽ ഉണ്ടായ ശക്തമായ മഴവെള്ളപ്പാച്ചലിൽ രണ്ടേക്കർ സ്ഥലത്തെ കാർഷിക വിളകളടക്കം താഴെയുള്ള തോടിലും റോഡിലുമായി പതിച്ചു. പാറയ്ക്കമല-മുടിക്കയം റോഡ് അമ്പത് മീറ്ററോളം തകർന്നിട്ടുണ്ട്. ഈ സമയം വാഹനങ്ങളോ യാത്രക്കാരോ ഇല്ലാതിരുന്നത് വൻ അപകടം ഒഴിവാക്കി. സമീപത്തെ എട്ട് വൈദ്യുതി തൂണും തകർന്നു. പ്രദേശത്തെ വൈദ്യുതി ബന്ധം അവതാളത്തിലായി. സമീപത്തെ താമസക്കാരായ ജോയ് വാളിമല, ബേബി എണ്ണശ്ശേരി, സുലോചന കരോട്ട്, ജോമോൻ എന്നീ കുടുംബങ്ങളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിപ്പാർപ്പിച്ചു.
തോട് കലങ്ങിമറിഞ്ഞ നിലയിൽ കണ്ടതിനെ തുടർന്ന് ഉരുൾപൊട്ടിയതാണെന്ന സംശയത്തിൽ നടത്തിയ അന്വേഷണത്തിലാണ് മണ്ണിടിച്ചിലാണെന്ന് മനസ്സിലായത്. സംഭവമറിഞ്ഞ് ഇരിട്ടി തഹസിൽദാർ ലാലിമോൾ, പഞ്ചായത്ത് പ്രസിഡന്റ് കുര്യച്ചൻ പൈമ്പള്ളിക്കുന്നേൽ, നാട്ടുകാരും, കരിക്കോട്ടക്കരി പോലിസും, കരിക്കോട്ടക്കരി വില്ലേജ് അധികൃതരും ജനപ്രതിനിധികളും സ്ഥലത്തെത്തി.
ഇരിക്കൂർ പാലത്തിനു സമീപം കുന്നിടിഞ്ഞു
ഇരിക്കൂര്‍: തളിപ്പറമ്പ- ഇരിട്ടി സംസ്ഥാന പാതയില്‍ ഇരിക്കൂര്‍ പാലം പെട്രോൾ പമ്പിനു സമീപം കുന്നിടിഞ്ഞു. തലനാരിഴക്ക് വൻ ദുരന്തം വഴിമാറി. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം. ഇതേത്തുടര്‍ന്ന് ഇതുവഴിയുള്ള വാഹന ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. 40 മീറ്റര്‍ ഉയരമുള്ള കുന്നാണ് ഇടിഞ്ഞത്. ഏറെ വൈകിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. വെള്ളിയാഴ്ച ദിവസങ്ങളില്‍ മാമാനം അമ്പലത്തിലും നിലാമുറ്റം മഖാമിലേക്കും പള്ളിയിലേക്കും നിരവധി പേരെത്താറുണ്ട്. അവര്‍ ഇതുവഴിയാണ് പോകാറുള്ളത്. പുലർച്ചയായതിനാൽ മണ്ണിടിയുമ്പോൾ യാത്രക്കാരും വണ്ടികളും കുറവായതിനാൽ വലിയ അപകടം ഒഴിവായി.
വിവരമറിഞ്ഞ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.പി. ഫാത്തിമയും ഇരിക്കൂർ പൊലീസ് ഇൻസ്പെക്ടർ രാജേഷ് അയോടനും സ്ഥലത്തെത്തി. എട്ട് വര്‍ഷം മുമ്പും ഇതേ സ്ഥലത്ത് മണ്ണിടിഞ്ഞ് കാൽ നടയാത്രക്കാരായ ഊരത്തൂരിലെ രണ്ടുപേര്‍ മണ്ണിനടിയിലായിരുന്നു. ഒരാളുടെ കാൽ പുറത്ത് കണ്ടതിനാൽ അതിവേഗം നടത്തിയ തെരച്ചിലിലാണ് ഇരുവരെയും രക്ഷിക്കാനായത്. അതിവേഗം മണ്ണ് നീക്കി കോൺക്രീറ്റ് ഭിത്തി കെട്ടിയില്ലെങ്കിൽ ഇനിയും ഇവിടെ മണ്ണിടിയാനുള്ള സാധ്യതയുണ്ടെന്നാണ് അധികൃതർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.