മഴ: കണ്ണൂർ നഗരത്തിൽ വ്യാപകനാശം
text_fieldsകണ്ണൂർ: രണ്ടു ദിവസത്തിനിടെയുണ്ടായ ശക്തമായ ശക്തമായ മഴയിൽ കണ്ണൂർ നഗരത്തിലെയും പരിസരപ്രദേശങ്ങളിലെയും താഴ്ന്നഭാഗങ്ങളിൽ വെള്ളംകയറി. കക്കാട് പുഴ കരകവിഞ്ഞു. റോഡിലേക്ക് വെള്ളം കയറിയതിനാൽ പള്ളിപ്രം റോഡിലൂടെയുള്ള ഗതാഗതം നിലച്ചു. ഭാരതീയ വിദ്യാഭവന് സമീപത്തെ ഏതാനും വീടുകളിലേക്കും വെള്ളം കയറി.
മഞ്ചപ്പാലത്തെ പി.എം. സാജിദിന്റെയും പടന്നപ്പാലം പാസ്പോർട്ട് ഓഫിസിന് സമീപത്തെ ലൈൻമുറിയിലെ താമസക്കാരെയും വീടുകളിലേക്ക് വെള്ളം കയറിയതിനെ തുടർന്ന് മാറ്റി പാർപ്പിച്ചു. കണ്ണൂർ പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ അണ്ടർപാസിൽ വെള്ളക്കെട്ടുണ്ടായതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. മരംവീണ് അഴീക്കോട് സൗത്തിലെ കെ.പി. മാലതിയുടെ വീട് ഭാഗികമായി തകർന്നു.
സുരക്ഷാ ഭിത്തി തകർന്നു വീണ് അഴീക്കോട് സൗത്ത് വെള്ളുവപ്പാറയിൽ സാജിദയുടെ വീടിനു കേടുപാട് സംഭവിച്ചു. പാപ്പിനിശ്ശേരി പഞ്ചായത്ത് അഞ്ചാം വാർഡിലെ ആരാധന കോൺവെന്റിന് മുകളിൽ തെങ്ങുവീണ് അപകടമുണ്ടായി. എടക്കാട് പൊലിസ് സ്റ്റേഷന് സമീപത്തെ 10 വീടുകളുടെ മുറ്റത്ത് വെള്ളംകയറി. മുഴപ്പിലങ്ങാട് വില്ലേജ് ഓഫിസർ സ്ഥലം സന്ദർശിച്ചു. ചേലോറയിലെ വി.പി. ഹൗസിൽ അശോകന്റെ വീടിന് മുകളിൽ മരം വീണ് കുളിമുറിക്കും കിണറിനും നാശനഷ്ടം ഉണ്ടായി. കണ്ണൂർസിറ്റി അഞ്ചുകണ്ടിയിലെ മുത്തുവീട്ടിൽ താഹിറയുടെ വീട്ടുമതിൽ തകർന്ന് അയൽവാസിയുടെ വീട്ടുമതിലും പൈപ്പുകളും തകർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.