നിലക്കാതെ മഴ; വ്യാപക നാശം
text_fieldsചാമ്പാട്-കല്ലിക്കുന്ന് ഭാഗങ്ങളിലെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നു
ചക്കരക്കല്ല്: കലി തുള്ളി പെയ്ത മഴയിൽ പ്രദേശങ്ങളിൽ വ്യാപക നാശനഷ്ടം. ചക്കരക്കൽ നാലാം പീടികയിൽ കൂറ്റൻമരങ്ങൾ റോഡിലേക്ക് കടപുഴകി ഗതാഗതം തടസ്സപ്പെട്ടു. ചൊവ്വാഴ്ച രാവിലെ 10.30ഓടെയാണ് സംഭവം. അഞ്ചരക്കണ്ടി-ചക്കരക്കൽ പ്രധാന പാതയിലെ നാലാം പീടികയിലെ റോഡരികിലെ കൂറ്റൻ മരങ്ങൾ റോഡിലേക്ക് വീഴുകയായിരുന്നു. ഇതോടെ അഞ്ചരക്കണ്ടി-ചക്കരക്കൽ-കണ്ണൂർ റൂട്ടിലെ ഗതാഗതം പൂർണമായും നിലച്ചു.
ബസുകൾ പൂർണമായും ഓട്ടം നിർത്തുകയും ചെയ്തു. വൈകീട്ടോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. കൂറ്റൻ മരങ്ങൾ വീണ് വൈദ്യുതിത്തൂണുകൾക്ക് കേടുപാടുകൾ പറ്റുകയും വൈദ്യുതിബന്ധം നിലക്കുകയും ചെയ്തു. റോഡിനോട് ചേർന്നുള്ള മൂന്ന് വീടുകളിലും റോഡിലുമായാണ് മരം കടപുഴകിയത്. ചക്കരക്കൽ പൊലീസും അഞ്ചരക്കണ്ടി പഞ്ചായത്ത് അധികൃതരും നാട്ടുകാരും ചേർന്നാണ് മരങ്ങൾ മുറിച്ചുമാറ്റിയത്.
അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂളിന് പിൻവശം കാവിന്മൂല ഉപ്പോട്ട് ഹൗസിൽ ദേവിയുടെ വീട് മഴയിൽ തകർന്നു. വീടിന്റെ അടുക്കള ഭാഗവും ടോയ് ലറ്റും പൂർണമായും തകർന്നു. അപകടസമയം വീട്ടുകാർ വീട്ടിനകത്ത് ഉണ്ടായിരുന്നു. വലിയ ദുരന്തമാണ് ഒഴിവായത്.
കീഴല്ലൂരിലെ ശശിയുടെ വീട്ടിൽ വെള്ളം കയറിയപ്പോൾ
ജില്ല പഞ്ചായത്തംഗം ചന്ദ്രൻ കല്ലാട്ട് വീട് സന്ദർശിച്ചു. അഞ്ചരക്കണ്ടി ചിറമ്മലിൽ ശ്രദ്ധ നിവാസിൽ സഹിനയുടെ വീട്ടുമതിൽ തകർന്നു. തട്ടാരി ടൗണിലെ വ്യാപാരി ചിറമ്മൽ മോഹനന്റെ കടയുടെ ഷട്ടറുകൾ തകർന്നു. സമീപത്തുള്ള കടയിലുണ്ടായിരുന്ന മരത്തടികൾ വെള്ളത്തിൽ നശിച്ചു.
ചാലിപറമ്പ് കുയ്യാലിൽ മറിയുവിന്റെ വീടിന് പിറകിൽ കൂറ്റൻ പാറക്കല്ലുകൾ വീണ് കേടുപാടുകൾ പറ്റി. അടുക്കളയോട് ചേർന്നുള്ള ഭാഗത്തും റൂമിനുമാണ് കേടുപാടുകൾ ഉണ്ടായത്. ചാമ്പാട്, ഊർപ്പള്ളി, പടുവിലായി ഭാഗങ്ങളിലുള്ള 30ഓളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.
തോണിയുപയോഗിച്ചാണ് കുടുംബങ്ങളെ വീടുകളിൽ മാറ്റി ബന്ധുവീടുകളിലും മറ്റും പാർപ്പിച്ചത്. അഞ്ചരക്കണ്ടി ചിറമ്മൽ പീടിക ഭാഗത്തെ നാല് വീടുകളിലുള്ളവരെ മാറ്റിപ്പാർപ്പിച്ചു. കീഴല്ലൂർ ഡാമിനു പരിസരങ്ങളിലുള്ള ഏഴോളം കുടുംബങ്ങളെയും മാറ്റിപ്പാർപ്പിച്ചു.
പടന്നപ്പാലം പാസ്പോർട്ട് ഓഫിസിന് സമീപത്തെ വീരാസ്വാമിയുടെ വീട്ടിൽ വെള്ളം കയറിയപ്പോൾ
ചാലിപറമ്പിലുള്ള കടകളിലെല്ലാം പൂർണമായും വെള്ളം കയറിയ നിലയിലാണ്. കീഴല്ലൂരിനടുത്ത വളയാൽ, പാലയോട്, അഞ്ചാം മൈൽ, പേരാവൂർ പ്രദേശങ്ങളിൽ നിരവധി വീടുകളിൽ വെള്ളം കയറി. ഇവിടങ്ങളിൽ നിന്നായി 16 കുടുംബങ്ങളെ മാറ്റി. ഇവിടങ്ങളിൽ വലിയ രീതിയിലാണ് വെള്ളം കയറിയിരിക്കുന്നത്. കുറുവാത്തൂർ ഭാഗങ്ങളിലുള്ള പുഴയോടുചേർന്ന് താമസിക്കുന്ന കുറച്ച് കുടുംബങ്ങളെയും മാറ്റിപ്പാർപ്പിച്ചിരിക്കയാണ്.
തട്ടാരി പാളയം റോഡിലെ മൂന്ന് കുടുംബങ്ങളെയും ചെറിയവളപ്പ് കല്ലാപ്പള്ളി റോഡിലെ രണ്ടു കുടുംബങ്ങളെയും മാറ്റിപ്പാർപ്പിച്ചു. ചാലിപറമ്പ് രിഫാഇയ്യ മസ്ജിദിലും മദ്റസയിലും വെള്ളം കയറി. മദ്റസയിലെ കസേരകളും ബെഞ്ചുകളടക്കം പൂർണമായും വെള്ളത്തിനടിയിലായി. വേങ്ങാട് അങ്ങാടി വയൽ പ്രദേശത്തെ കുറച്ചു കുടുംബങ്ങളെയും മാറ്റിപ്പാർപ്പിച്ചു.
ചാമ്പാട്ക്കാവ്, പടുവിലായിക്കാവ് എന്നിവിടങ്ങളിലും വെള്ളം കയറി. വെൺമണൽ വയൽ റോഡിലെ വീടുകളിലും വെള്ളം കയറി. ചക്കരക്കല്ല് ചെമ്പിലോട് പഞ്ചായത്തിലെ നാലാംവാർഡിലെ കണയന്നൂരിലെ മഹാത്മ മന്ദിരം കിഴക്കേ ചാലിൽ രവീന്ദ്രന്റെ വീട്ടുമുറ്റത്തെ 24 കോൽ ആഴമുള്ള കിണർ ഇടിഞ്ഞു. കണയന്നൂര് മൂലേരി പൊയിൽ റഷീദയുടെ വീട്ടുമതിൽ കനത്ത മഴയിൽ ഇടിഞ്ഞുവീണു.
കിഴക്കേചാലിൽ രവീന്ദ്രന്റെ കിണർ ഇടിഞ്ഞ നിലയിൽ
പാളയം-അഞ്ചരക്കണ്ടി റോഡ്, അഞ്ചരക്കണ്ടി ചിറമ്മൽപീടിക-ചാലോട് റോഡ്, ചാമ്പാട്-കല്ലിക്കുന്ന് റോഡ്, ചാലിപറമ്പ്-മാവിലക്കൊവ്വൽ റോഡ്, വേങ്ങാട് അങ്ങാടി-കൂത്തുപറമ്പ് റോഡ് എന്നിവിടങ്ങളിലെല്ലാം വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതം പൂർണമായും തടസ്സപ്പെട്ടിരിക്കയാണ്.
അഞ്ചരക്കണ്ടി-തലശ്ശേരി റോഡിൽ ഓടക്കാടിൽ വെള്ളം കയറി ഇതു വഴിയുള്ള ബസ് ഗതാഗതം പൂർണമായും നിലച്ചു. ശക്തമായ കാറ്റിനെ തുടർന്ന് മിക്കയിടങ്ങളിലും വൈദ്യുതിത്തൂണുകൾ പൊട്ടിവീണ നിലയിലാണ്. ഇവിടങ്ങളിലൊന്നുംതന്നെ വൈദ്യുതിയില്ല.
പനയത്താംപറമ്പ് ടൗണിൽ കടകളിൽ വെള്ളം കയറി
ചക്കരക്കല്ല്: പനയത്താംപറമ്പ് ടൗണിൽ നിരവധി കടകളിൽ വെള്ളം കയറി. ദേവി, ചന്ദ്രൻ എന്നിവരുടെ കടയിലെ സാധനങ്ങൾ ഉപയോഗശൂന്യമായി. കോയ്യോട് തൈക്കണ്ടി മൂസയുടെ വീടിന്റെ മതിൽ കനത്ത മഴയിൽ തകർന്നുവീണു. കീഴല്ലൂർ ടൗണിൽ വെള്ളം കയറിയതിനെ തുടർന്ന് വിമാനത്താവളത്തിലേക്കുള്ള മിക്ക വാഹനങ്ങൾക്കും യാത്രാതടസ്സം നേരിട്ടു. ചൊവ്വാഴ്ച്ച വൈകുന്നേരത്തോടെയാണ് വെള്ളം ഉയർന്നത്.
കാവിന്മൂല ഉപ്പോട്ട് ഹൗസിലെ ദേവിയുടെ തകർന്ന വീട് ജില്ല പഞ്ചായത്തംഗം ചന്ദ്രൻ കല്ലാട്ട് സന്ദർശിക്കുന്നു
പാനൂർ: കനത്ത മഴയെ തുടർന്ന് പാനൂർ മേഖല വെള്ളത്തിനടിയിലായി. കടവത്തൂർ, പാറാട്, വിളക്കോട്ടൂർ, കായലോട്ട് താഴെ, കായ പൊനിച്ചി, ചെറ്റക്കണ്ടി, കിടഞ്ഞി, കരിയാട്, വടക്കെ പൊയിലൂർ അരയാക്കൂൽ, ചമ്പാട് മനയത്തുവയൽ, ചെണ്ടയാട് തുടങ്ങി നിരവധി പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി. പാനൂരിൽനിന്നും വിവിധ പ്രദേശങ്ങളിലേക്ക് ബസടക്കമുള്ള ഗതാഗതം തടസ്സപ്പെട്ടു.
പാറാട് കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്ത് ഓഫിസിനകത്ത് വെള്ളം കയറി. നരിക്കോട് മലയിൽ വലിയ തോതിൽ മണ്ണിടിഞ്ഞ് റോഡിൽ വീണ് ഗതാഗതം തടസ്സപ്പെട്ടു. കടവത്തൂർ ടൗണിൽ വെള്ളം കയറി കടകൾക്കുള്ളിൽ വരെയെത്തി. ശക്തമായ ഒഴുക്കുള്ളതിനാൽ റോഡിൽ തോണിയടക്കം ഇറക്കി ആളുകളെ കരക്കെത്തിച്ചു.
കടവത്തൂർ, ചെറുപുല്ലൂക്കര, പടന്നക്കര, കരിയാട് പ്രദേശങ്ങളിലെ 82 കുടുംബങ്ങളെ ബന്ധുവീടുകളിൽ മാറ്റിപ്പാർപ്പിച്ചു. നരിക്കോട് മലയിൽ സാംസ്കാരിക കേന്ദ്രത്തിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. 10 കുടുംബങ്ങളെ ഇവിടേക്ക് മാറ്റി. പെരിങ്ങത്തൂരിൽ ബോട്ട് ജെട്ടി വെള്ളത്തിനടിയിലായി.
കൈവേലിക്കൽ എം.ഇ.എസ് സ്കൂളിന് സമീപം കുന്നത്ത് ആയിശയുടെ വീടിന്റെ പിറകുവശത്തെ മതിലിടിഞ്ഞ് വീടിന് മുകളിൽ വീണു. ചൊവ്വാഴ്ച പുലർച്ച മൂന്നുമണിയോടെയാണ് സംഭവം. കൂറ്റേരി ചാലുപറമ്പത്ത് അക്ഷയുടെ വീടിന്റെ കിണർ കനത്ത മഴയെ തുടർന്ന് ഇടിഞ്ഞുതാഴ്ന്നു. മൊകേരി പാത്തിപ്പാലത്ത് ആയുഷ് ആയുർവേദ ആശുപത്രിക്ക് സമീപം കുന്നത്ത് മീത്തൽ പവിത്രന്റെ വീട്ടുമതിൽ തകർന്നു.
വടക്കെ പൊയിലൂരിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കുഴിക്കൽ ക്വാറിക്ക് സമീപം ശക്തമായ കുത്തൊഴുക്കുണ്ടായി. കായലോട് താഴെ ഒറ്റപ്പെട്ടുപോയവരെ സുരക്ഷിതയിടങ്ങളിലേക്ക് മാറ്റി. വാഴമല, നരിക്കോട് മല ഭാഗങ്ങൾ ഉരുൾപൊട്ടൽ ഭീഷണിയിലായതിനാൽ പ്രദേശത്തുകാർ ആശങ്കയിലാണ്.
കൂത്തുപറമ്പ് മേഖലയിൽ വ്യാപക നാശം
കൂത്തുപറമ്പ്: ശക്തമായ മഴയിൽ മാങ്ങാട്ടിടം, ചിറ്റാരിപ്പറമ്പ് മേഖലയിൽ വ്യാപക നാശം. പുഴകൾ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നു. വിവിധ പ്രദേശങ്ങളിലായി നൂറുകണക്കിന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.
നീർവേലി, മെരുവമ്പായി, കണ്ണവം ടൗണുകളിലെ വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി. കണ്ണവം വനമേഖലയിലെ ചെമ്പുകാവ് കൊളപ്പ എന്നിവിടങ്ങളിൽ ഉരുൾപൊട്ടലുണ്ടായതാണ് പുഴകൾ കരകവിഞ്ഞ് പല പ്രദേശങ്ങളും വെള്ളത്തിനടിയിലായത്.
ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ ഇടുമ്പ, കണ്ണവം, വട്ടോളി, ചൂണ്ടയിൽ തുടങ്ങിയ പ്രദേശങ്ങളിലും വെള്ളം കയറി നിരവധി വീടുകളാണ് വെള്ളത്തിൽ മുങ്ങിയത്. മുയ്യാരത്തെ വെള്ളവക്കണ്ടി ചാത്തുക്കുട്ടിയുടെ വീടിന് കേടുപറ്റി. മാങ്ങാട്ടിടം പഞ്ചായത്തിലെ കണ്ടംകുന്ന്, നീർവേലി, മെരുവമ്പായി, ആയിത്തര, മാണിക്കോത്ത് വയൽ ഭാഗങ്ങളിൽ നിരവധി വീട്ടുകാരെ മാറ്റിപ്പാർപ്പിച്ചു. പാലോട്ടുകുന്നിലെ നിരവധി കുടുംബങ്ങളെ ഫയർഫോഴ്സിന്റെ സ്കൂബ ബോട്ട് എത്തിയാണ് രക്ഷപ്പെടുത്തിയത്.
പാട്യം പഞ്ചായത്തിലെ മുതിയങ്ങ, വേളായി, കാര്യാട്ടുപുറം ഭാഗത്തും നിരവധി വീടുകളിലാണ് വെള്ളം കയറിയത്. പുതിയങ്ങ ഭാഗത്തെ ഏതാനും കുടുംബങ്ങളെയും മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. നരവൂർ, തൃക്കണ്ണാപുരത്തും വൻതോതിൽ വെള്ളം കയറി. പല പ്രദേശങ്ങളിലും പഞ്ചായത്തിന്റെയും റവന്യൂ വകുപ്പിന്റെയും നേതൃത്വത്തിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നാണ് ആളുകളെ മാറ്റിപ്പാർപ്പിച്ചിട്ടുള്ളത്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായി.
കടകളിൽ വെള്ളം കയറി
കൂത്തുപറമ്പ്: കനത്ത മഴയിൽ കൂത്തുപറമ്പ് മാർക്കറ്റിന് സമീപത്തെ നാല് കടകളിൽ വെള്ളം കയറി വൻനഷ്ടം. ചൊവ്വാഴ്ച പുലർച്ചയോടെ ഉണ്ടായ കനത്ത മഴയിലാണ് സംഭവം. മാർക്കറ്റിന് സമീപത്തെ രാജേഷിന്റെ ഉടമസ്ഥതയിലുള്ള ക്ലീൻ ക്യാപിറ്റൽ ഹോൾസെയിൽസ്, ഷിമോജിന്റെ ഹരിശ്രീ ലോട്ടറി സ്റ്റാൾ, അബ്ദുല്ലയുടെ കട, ഫനാസിന്റെ മൊബൈൽ കട എന്നിവിടങ്ങളിലാണ് വെള്ളം കയറിയത്. ചളിയും വെള്ളവും കയറി സാധനങ്ങൾ നശിച്ചതിനാൽ ലക്ഷങ്ങളുടെ നഷ്ടമാണ് വ്യാപാരികൾക്കുണ്ടായത്.
നഗരസഭ ചെയർപേഴ്സൻ വി. സുജാത, കൗൺസിലർമാരായ മുഹമ്മദ് റാഫി, കെ.കെ. ഷമീർ, വി.എൻ. അബ്ദുറഹ്മാൻ, വ്യാപാരി വ്യവസായി ഏകോപന സമിതി മേഖല പ്രസിഡൻറ് വി. ഹരീന്ദ്രൻ, പി.സി. പോക്കുഹാജി, കെ. രാഘവൻ, എ.ടി. അബ്ദുൽ അസീസ് ഹാജി, എം.പി. പ്രകാശൻ തുടങ്ങിയവർ വ്യാപാരസ്ഥാപനങ്ങൾ സന്ദർശിച്ചു. കണ്ണവം ടൗണിലും 15ഓളം വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി നാശനഷ്ടമുണ്ടായിട്ടുണ്ട്.
ന്യൂമാഹിയിൽ രണ്ട് വീടുകൾ തകർന്നു
തലശ്ശേരി: ശക്തമായ മഴയിൽ നഗരത്തിലും സമീപ പഞ്ചായത്തുകളിലും വ്യാപക നാശനഷ്ടം. ന്യൂമാഹിയിൽ രണ്ട് വീടുകൾ പൂർണമായും തകർന്നു. താഴ്ന്ന പ്രദേശങ്ങളിൽ പലതും വെള്ളത്തിനടിയിലായി.
ന്യൂമാഹി ഗ്രാമപഞ്ചായത്തിലെ പള്ളിപ്പുറം എൽ.പി സ്കൂളിന് സമീപം ഉത്തംകണ്ടിയിൽ പാർഥൻ, ഗോപി എന്നിവരുടെ വീട് കനത്ത മഴയിൽ പൂർണമായി തകർന്നു. ശബ്ദം കേട്ട് ഉറക്കത്തിലായിരുന്ന വീട്ടുകാർ എഴുന്നേറ്റ് പുറത്തേക്ക് ഇറങ്ങിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. കൊടുവള്ളി പഴയപാലത്തിന് സമീപം റംഷീന മൻസിലിൽ പി.പി. ഷറഫുവിന്റെ വീടിന്റെ പിറക് വശത്ത് മണ്ണിടിഞ്ഞുവീണു.
തലശ്ശരി: തലായി ചക്യത്ത്മുക്ക് ഫിഷർമാൻ കോളനി റോഡിൽ സ്വകാര്യവ്യക്തിയുടെ പറമ്പിലെ മണ്ണിടിഞ്ഞ് റോഡിലേക്ക് വീണു. സമീപത്തെ രണ്ട് തെങ്ങുകൾ ഏതു നിമിഷവും അടുത്തുള്ള വീടിന് മുകളിലേക്ക് വീഴാവുന്ന അവസ്ഥയിലാണ്.
തലശ്ശേരി കോടതി വാർഡിൽ കുഞ്ഞിരാമൻ വക്കീൽ റോഡിലേക്ക് മരം കടപുഴകി. മാമൂട്ടിക്കാവ് എന്ന വീട്ടിലെ റോഡിനോട് ചേർന്ന മരമാണ് കടപുഴകിയത്. ഇതുവഴി പോവുകയായിരുന്ന കാർ യാത്രികൻ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. വാർഡ് കൗൺസിലറുടെയും അഗ്നിരക്ഷാ സേനയുടെയും നേതൃത്വത്തിൽ മരം മുറിച്ചുമാറ്റി. മണിക്കൂറുകളോളം ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു.
ഗതാഗതം താളംതെറ്റി
കൂത്തുപറമ്പ്: അഞ്ചരക്കണ്ടി പുഴ കരകവിഞ്ഞൊഴുകി വെള്ളം പ്രധാന പാതകളിലേക്ക് ഇരച്ചെത്തിയതോടെ പല ഭാഗങ്ങളിലും ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. തലശ്ശേരി-മൈസൂരു അന്തർസംസ്ഥാന പാതയിലെ മെരുവമ്പായി നീർവേലി ഭാഗങ്ങൾ പൂർണമായും വെള്ളത്തിൽ മുങ്ങിയതോടെ ഇതുവഴിയുള്ള വാഹനഗതാഗതം പൂർണമായും തടസ്സപ്പെട്ടു. പുലർച്ച നിർവേലി ടൗണിൽ മാത്രമായിരുന്നു വെള്ളം കയറിയതെങ്കിൽ പിന്നീട് മെരുവമ്പായി ടൗണും വെള്ളത്തിൽ മുങ്ങി.
കൂത്തുപറമ്പ് പൊലീസ് മൂന്നാം പീടികയിൽ നിന്നും വാഹനങ്ങളെ വഴിതിരിച്ച് വിട്ടു. അയ്യപ്പൻതോട്, വേങ്ങാട്, ഉരുവച്ചാൽ വഴിയാണ് ബസുകൾ ഉൾപ്പെടെ കടന്നുപോയത്. കണ്ണവം ടൗൺ, ചൂണ്ടയിൽ എന്നിവിടങ്ങളിൽ വെള്ളം കയറിയതിനെത്തുടർന്ന് കൂത്തുപറമ്പ്-വയനാട് റോഡിലും വാഹന ഗതാഗതം തടസ്സപ്പെട്ടു. ഓടക്കടവ്, ചാമ്പാട് മേഖലകളിൽ വെള്ളം കയറിയതിനെ തുടർന്ന് മമ്പറം അഞ്ചരക്കണ്ടി റൂട്ടിലും വാഹനഗതാഗതം തടസ്സപ്പെട്ടു.
പെരിങ്ങത്തൂരിൽ വെള്ളം കയറി
പെരിങ്ങത്തൂർ: മയ്യഴിപ്പുഴയിലെ ശക്തമായ നീരൊഴുക്കിനെതുടർന്ന് പാനൂർ നഗരസഭയിലെ പെരിങ്ങത്തൂർ ഭാഗങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലും തൃപ്രങ്ങോട്ടൂരിൽ എലിത്തോട് വഴിയും വെള്ളം കയറി.
കടവത്തൂർ ഭാഗത്തെ വയലുകൾ, എളമ്പ്രഞ്ചേരി, കൊല്ലക്കൽ ഭാഗം, പുല്ലൂക്കര ഓച്ചിറക്കൽ, താക്കൊന്റവിട അവയാട്ട് ഭാഗംവയൽ, പുല്ലൂക്കര വരപ്രത്ത് ഭാഗത്തേക്കുള്ള റോഡ്, വണ്ണാത്തി തോട് വഴി പുല്ലൂക്കര നല്ലൂർ താഴെ വയൽ, പുളിയനമ്പ്രം യു.പി സ്കൂൾ ഭാഗം, കിടഞ്ഞി, കാത്തിരക്കടവ് മുക്കാളിക്കര ഭാഗങ്ങളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്കത്തിലാണ്.
കുന്നുമ്മൽപ്പുഴ കരകവിഞ്ഞു
മാഹി: മഴ കനത്തതോടെ കോപ്പാലം-പാനൂർ റോഡിലെ മാക്കുനിയിൽ റോഡിൽ ചൊവ്വാഴ്ച ഉച്ചയോടെ വീണ്ടും വെള്ളം കയറി. 10 നാൾ മുമ്പ് 21നും തുടർച്ചയായി പെയ്ത മഴയിൽ ഇതേ റോഡിൽ വെള്ളം കയറിയിരുന്നു. പൊന്ന്യം പുഴ കരകവിഞ്ഞതോടെയാണ് വെള്ളം ഒഴുകിയെത്തിയത്. പാനൂർ, തലശ്ശേരി ഭാഗങ്ങളിൽനിന്ന് അനുനിമിഷം വാഹനങ്ങൾ കൂട്ടമായി എത്തിയതോടെ നാട്ടുകാർ ഗതാഗതം നിയന്ത്രിച്ചു.
മൂലക്കടവ് മിനി സ്റ്റേഡിയത്തിലും വെള്ളം കയറി. ഇതിന് സമീപം താമസിക്കുന്ന രണ്ട് കുടുംബങ്ങൾ ബന്ധുവീട്ടിലേക്ക് മാറി. മൂലക്കടവ് കവലയിലും വെള്ളം കയറിത്തുടങ്ങി. കുന്നുമ്മൽ പാലം പരിസരത്ത് വി.പി. വത്സരാജിന്റെ വീട്ടുമുറ്റത്തും വെള്ളമെത്തി.
കിണർ ഇടിഞ്ഞുതാഴ്ന്നു
പാനൂർ: വള്ള്യായിൽ കിണർ ഇടിഞ്ഞുതാഴ്ന്നു. ഈസ്റ്റ് വള്ള്യായിയിലെ കെ.പി. സുരേഷ് ബാബുവിന്റെ വീട്ടിലെ 17 അടി ആഴമുള്ള കിണറാണ് ചൊവ്വാഴ്ച രാവിലെ 6.15ഓടെ ഇടിഞ്ഞുതാഴ്ന്നത്.
പാനൂർ മേഖല വെള്ളത്തിനടിയിലായി
പാനൂർ: കനത്ത മഴയെ തുടർന്ന് പാനൂർ മേഖല വെള്ളത്തിനടിയിലായി. കടവത്തൂർ, പാറാട്, വിളക്കോട്ടൂർ, കായലോട്ട് താഴെ, കായ പൊനിച്ചി, ചെറ്റക്കണ്ടി, കിടഞ്ഞി, കരിയാട്, വടക്കെ പൊയിലൂർ അരയാക്കൂൽ, ചമ്പാട് മനയത്തുവയൽ, ചെണ്ടയാട് തുടങ്ങി നിരവധി പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി. പാനൂരിൽനിന്നും വിവിധ പ്രദേശങ്ങളിലേക്ക് ബസടക്കമുള്ള ഗതാഗതം തടസ്സപ്പെട്ടു.
പാറാട് കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്ത് ഓഫിസിനകത്ത് വെള്ളം കയറി. നരിക്കോട് മലയിൽ വലിയ തോതിൽ മണ്ണിടിഞ്ഞ് റോഡിൽ വീണ് ഗതാഗതം തടസ്സപ്പെട്ടു. കടവത്തൂർ ടൗണിൽ വെള്ളം കയറി കടകൾക്കുള്ളിൽ വരെയെത്തി. ശക്തമായ ഒഴുക്കുള്ളതിനാൽ റോഡിൽ തോണിയടക്കം ഇറക്കി ആളുകളെ കരക്കെത്തിച്ചു.
കടവത്തൂർ, ചെറുപുല്ലൂക്കര, പടന്നക്കര, കരിയാട് പ്രദേശങ്ങളിലെ 82 കുടുംബങ്ങളെ ബന്ധുവീടുകളിൽ മാറ്റിപ്പാർപ്പിച്ചു. നരിക്കോട് മലയിൽ സാംസ്കാരിക കേന്ദ്രത്തിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. 10 കുടുംബങ്ങളെ ഇവിടേക്ക് മാറ്റി. പെരിങ്ങത്തൂരിൽ ബോട്ട് ജെട്ടി വെള്ളത്തിനടിയിലായി.
കൈവേലിക്കൽ എം.ഇ.എസ് സ്കൂളിന് സമീപം കുന്നത്ത് ആയിശയുടെ വീടിന്റെ പിറകുവശത്തെ മതിലിടിഞ്ഞ് വീടിന് മുകളിൽ വീണു. ചൊവ്വാഴ്ച പുലർച്ച മൂന്നുമണിയോടെയാണ് സംഭവം. കൂറ്റേരി ചാലുപറമ്പത്ത് അക്ഷയുടെ വീടിന്റെ കിണർ കനത്ത മഴയെ തുടർന്ന് ഇടിഞ്ഞുതാഴ്ന്നു. മൊകേരി പാത്തിപ്പാലത്ത് ആയുഷ് ആയുർവേദ ആശുപത്രിക്ക് സമീപം കുന്നത്ത് മീത്തൽ പവിത്രന്റെ വീട്ടുമതിൽ തകർന്നു.
വടക്കെ പൊയിലൂരിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കുഴിക്കൽ ക്വാറിക്ക് സമീപം ശക്തമായ കുത്തൊഴുക്കുണ്ടായി. കായലോട് താഴെ ഒറ്റപ്പെട്ടുപോയവരെ സുരക്ഷിതയിടങ്ങളിലേക്ക് മാറ്റി. നിരവധി ക്വാറികൾ പ്രവർത്തിക്കുന്ന വാഴമല, നരിക്കോട് മല ഭാഗങ്ങൾ ഉരുൾപൊട്ടൽ ഭീഷണിയിലായതിനാൽ പ്രദേശത്തുകാർ ആശങ്കയിലാണ്

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.