നിർമാണ മേഖലക്ക് ഇരട്ടപ്രഹരം
text_fieldsകണ്ണൂർ: കെട്ടിട നിർമാണ പെർമിറ്റിന് സർക്കാർ പത്തിരട്ടി വർധിപ്പിച്ച് ജനം നട്ടം തിരിയുന്നതിനിടെ ക്രഷർ ഉൽപന്നങ്ങളുടെയും വില ഉടമകൾ വർധിപ്പിച്ചു. ഇതോടെ വീട് നിർമിക്കാൻ പാടുപെടുന്ന സാധാരണക്കാരും കോൺട്രാക്ടേഴ്സും വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്.
ജില്ലയിൽ രണ്ടുഘട്ടമായി ഒരാഴ്ച്ചക്കിടെ ഒരു അടിക്ക് 15രൂപയാണ് ക്രഷർ ഉടമകൾ വർധിപ്പിച്ചിരിക്കുന്നത്. നിർമാണ മേഖല പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന കാലയളവിലാണ് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത നിലയിൽ ക്വാറി ഉൽപന്നങ്ങൾക്ക് വില കൂട്ടിയത്. കൂടാതെ സിമന്റ് ഒരു ചാക്കിന് 40 രൂപയും വർധിപ്പിച്ചു.
ഇതോടെ സാധാരണക്കാരായവരും നിർമാണ മേഖലയിൽ പ്രവർത്തിക്കുന്ന കരാറുകാരും പ്രയാസത്തിലായി. കഴിഞ്ഞ മാർച്ചിൽ ഒരു മുന്നറിയിപ്പും നൽകാതെ ക്രഷർ ഉൽപന്നങ്ങൾ നിർത്തിവെച്ച് ഉടമകൾ സമരം നടത്തിയിരുന്നു. തുടർന്ന് ഏപ്രിൽ ആറിന് എല്ലാ ഉൽപന്നങ്ങൾക്കും 10 രൂപ വർധിപ്പിക്കുകയുമായിരുന്നു.
എന്നാൽ സംസ്ഥാനത്താകെ കഴിഞ്ഞദിവസം പത്ത് രൂപ കൂട്ടാൻ തീരുമാനിച്ചു. ഇതോടെ ജില്ലയിൽ 10 രൂപ കൂട്ടിയത് അഞ്ച് രൂപ കുറച്ചു. ആകെ മൊത്തം 15 രൂപയുടെ വർധനവാണ് ക്രഷർ ഉൽപന്നങ്ങളിൽ ജില്ലയിലുണ്ടായത്. സംസ്ഥാന ബജറ്റിൽ റോയൽറ്റി നിരക്കിൽ വർധന ഉണ്ടായതാണ് ഉൽപ്പന്നങ്ങൾക്ക് വില കൂട്ടാൻ കാരണമെന്നാണ് ഉടമകളുടെ ന്യായം. ഈ വിഷയം സർക്കാറിന്റെ ശ്രദ്ധയിൽപെടുത്തി പരിഹരിക്കുന്നതിന് പകരം ഏകപക്ഷീ യമായി വർധിപ്പിച്ച് ജനങ്ങൾക്ക് അമിതഭാരം അടിച്ചേൽപിക്കുകയാണ് ഉടമകൾ.
ജില്ലയിൽ പൊതുമരാമത്ത് പ്രവൃത്തികൾ ഏറ്റെടുത്ത കരാറുകാർക്ക് പ്രവൃത്തിക്കാവശ്യമായ മെറ്റീരിയൽ മുമ്പ് നൽകിയ വിലക്ക് നൽകണമെന്നും അല്ലെങ്കിൽ നിർമാണ മേഖല സ്തംഭിപ്പിക്കുന്ന സമരപരിപാടികൾ നടത്തുമെന്നും കേരള ഗവ. കോൺട്രാക്ടേഴ്സ് ഫെഡറേഷൻ ജില്ല കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.