അധ്യാപകരായി വിരമിച്ചവർക്ക് പുനർനിയമനം; പ്രതിഷേധക്കളമായി മാഹി
text_fields1. യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഗവ. ഹൗസിന് മുന്നിൽ നടത്തിയ കുത്തിയിരിപ്പ് സമരം പി.പി. വിനോദൻ ഉദ്ഘാടനം ചെയ്യുന്നു.മാഹി: വിരമിച്ച അധ്യാപകരെ മാഹി വിദ്യാഭ്യാസ മേഖലയിലെ വിവിധ വിദ്യാലയങ്ങളിൽ താൽക്കാലികമായി നിയമിക്കാനുള്ള നീക്കത്തിനെതിരെ വിവിധ യുവജനപ്രസ്ഥാനങ്ങളും സംഘടനകളും മാഹി ഗവ. ഹൗസിന് മുന്നിൽ നടത്തിയ പ്രതിഷേധത്തിൽ സംഘർഷം. ഡി.വൈ.എഫ്.ഐ മാഹി മേഖല കമ്മിറ്റി ഗവ. ഹൗസിലേക്ക് നടത്തിയ മാർച്ചിൽ രണ്ട് പ്രവർത്തകർക്ക് പരിക്കേറ്റു. പൊലീസ് ബാരിക്കേഡ് മറികടന്ന് ഗവ. ഹൗസിലേക്ക് സമരക്കാർ തള്ളിക്കയറാൻ ശ്രമിച്ചപ്പോഴാണ് സംഘർഷമുണ്ടായത്.
പൊലീസും സമരക്കാരും തമ്മിലുള്ള ബലപ്രയോഗത്തിലും ഉന്തിലും തള്ളിലുംപെട്ട് മുൻ സെക്രട്ടറി കെ. റോഷിത്ത് പള്ളൂരിന് കാൽമുട്ടിന് പരിക്കേറ്റു. ഡി.വൈ.എഫ്.ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കുന്നതിനിടെ പൊലീസ് പ്രവർത്തകനെ പരിക്കേല്പിച്ചതായി പരാതിയുണ്ടായി. ബ്ലോക്ക് പ്രസിഡന്റ് സച്ചിന് വാരിഭാഗത്താണ് പരിക്കേറ്റത്. പരിക്കേറ്റവരെ പിന്നീട് തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വനിത പ്രവർത്തകരടക്കം മുപ്പതോളം പേരെയാണ് പൊലീസ് അറസ്റ്റ്ചെയ്ത് നീക്കിയത്.
യൂത്ത്കോൺഗ്രസ് നടത്തിയ സമരം ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് പി.പി. വിനോദൻ ഉദ്ഘാടനം ചെയ്തു. കെ.പി. രെജിലേഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അലി അക്ബർ ഹാഷിം, സത്യൻ കേളോത്ത് തുടങ്ങിയവർ സംസാരിച്ചു.
മാഹി മേഖല സംയുക്ത റസിഡൻസ് അസോസിയേഷൻ നടത്തിയ നിൽപുസമരം പ്രസിഡന്റ് എം.പി. ശിവദാസ് ഉദ്ഘാടനം ചെയ്തു. എം. ശ്രീജയൻ അധ്യക്ഷത വഹിച്ചു. ജനശബ്ദം മാഹിയുടെ ആഭിമുഖ്യത്തിൽ നടന്ന ധർണ ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്തു. ഇ.കെ. റഫീഖ് അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.