ആറളം വില്ലേജിലെ റീസർവേ; വിദഗ്ധസംഘമെത്തും
text_fieldsഇരിട്ടി: ആറളം വില്ലേജ് പരിധിയിൽപെട്ട എടൂരിൽ മരാമത്ത് റോഡും ജനവാസ കേന്ദ്രങ്ങളും കടന്ന് അതിർത്തി കല്ലുകൾ സ്ഥാപിച്ചതിനെ തുടർന്നുണ്ടായ പ്രശ്നം പഠിച്ച് പരിഹാരം ഉണ്ടാക്കാൻ സർവേ ഡയറക്ടർ, ലാൻഡ് റവന്യു അസിസ്റ്റന്റ് കമീഷണർ എന്നിവരുടെ നേതൃത്വത്തിലുള്ള വിദ്ഗധ സംഘം ചൊവ്വാഴ്ച മേഖലയിൽ പരിശോധനക്കെത്തും. പ്രശ്നം പരിഹരിക്കുന്നതിന് റവന്യൂ മന്ത്രി നേരത്തേ സർവേ ഡയറക്ടറെ ചുമതലപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് പരിശോധ. അയ്യൻകുന്ന് വില്ലേജിൽ നടക്കുന്ന റീസർവേയുടെ ഭാഗമായി ആറളം വില്ലേജ് പരിധിയിൽപെട്ട എടൂരിൽ മരാമത്ത് റോഡും ജനവാസ കേന്ദ്രങ്ങളും കടന്ന് അതിർത്തി കല്ലുകൾ സ്ഥാപിച്ചതിനെ തുടർന്ന് രണ്ടു വർഷമായി നിലനിൽക്കുന്ന തർക്കത്തിന് പരിഹാരം ഉണ്ടാക്കണമെന്നാവശ്യം ശക്തമായിരുന്നു.
നാട്ടുകാർ കർമസമിതി രൂപവത്കരിച്ച് സണ്ണിജോസഫ് എം.എൽ.എയുടെയും ആറളം, അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്റുമാരും അടങ്ങിയ സംഘം റവന്യൂ മന്ത്രിയുമായി സംസാരിച്ചാണ് വിദഗ്ധ സംഘത്തിന്റെ പരിശോധനക്കുള്ള വഴിയുണ്ടാക്കിയത്. വെമ്പുഴ പുഴ തീരത്ത് എടൂർ മുതൽ വാളത്തോട് വരെ പുഴയുടെ ഇരു തീരത്തും താമസിക്കുന്ന 100 ഓളം കുടുംബങ്ങളെ പ്രതിസന്ധിയിലാക്കിയ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കാനാണ് ശ്രമം. 2020 നവംബറിലാണ് പ്രദേശവാസികളെ ഞെട്ടിച്ച് മുക്കാൽ നൂറ്റാണ്ട് പഴക്കമുള്ള മലയോര ഹൈവേ റോഡും എടൂർ സെന്റ് മേരീസ് പള്ളിയുടെ സെമിത്തേരിക്കുന്നിന്റെ ഭാഗവും പുഴയാണെന്ന നിലയിൽ കല്ലിട്ടത്. നിരവധി വീടുകളും ഏക്കർ കണക്കിന് കൃഷി ഭൂമിയും പുഴ പുറംപോക്കാണെന്ന നിലയിൽ സർവേ വിഭാഗം അതിർത്തിക്കല്ലുകൾ സ്ഥാപിച്ചതോടെ പ്രദേശവാസികൾ കടുത്ത ആശങ്കയിലായി. മുക്കാൽ നൂറ്റാണ്ടായി ആധാരവും പട്ടയവും സർവ രേഖകളുമായി നികുതിയടച്ച് കൈവശം വെച്ചിരിക്കുന്ന ഭൂമി പുഴ പുറംപോക്കാണെന്ന വിധത്തിലാണ് റീസർവേ വിഭാഗം അതിർത്തി നിർണയിച്ച് കല്ലിട്ടിട്ടുള്ളത്.
ശക്തമായ ജനരോഷമുയർന്നതോടെ ഈ കല്ലുകൾ പിഴുതുമാറ്റുകയും പുഴയുടെ ആറളം വില്ലേജിന്റെ ഭാഗം വരുന്ന കര നിലവിലുള്ള സ്ഥിതിയിൽ തുടരട്ടെയെന്നും പിന്നീട് ആറളം വില്ലേജ് റീസർവേ നടക്കുമ്പോൾ പ്രശ്നം പരിഹരിക്കാമെന്ന് സർവേ അസിസ്റ്റന്റ് ഡയറക്ടറും തഹസിൽദാരും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ തീരുമാനിച്ചിരുന്നു. രേഖാപരമായ നടപടിയുണ്ടാക്കാതെ നടത്തിയ ഈ തീരുമാനം നിലനിൽക്കില്ലെന്ന് വന്നതോടെ വീണ്ടും തർക്കമായി.
കർമസമിതിയുടെയും ആറളം, അയ്യൻകുന്ന് പഞ്ചായത്ത് അധികൃതരുടെയും നേതൃത്വത്തിൽ തുടർച്ചയായി നടത്തിയ നിവേദനങ്ങളും താലൂക്ക് സഭ പ്രമേയവും കണക്കിലെടുത്താണ് മന്ത്രി തല ഇടപെടലുണ്ടായിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.