കണ്ണൂരിൽ വിമതർ വിക്കറ്റ് വീഴ്ത്തുമോ
text_fieldsകണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ ജയസാധ്യതക്ക് മങ്ങലേൽക്കുന്ന തരത്തിൽ ജില്ലയിൽ വിമതശല്യം രൂക്ഷം. പ്രശ്നം കൂടുതൽ പ്രതിസന്ധിയിലാഴ്ത്തുന്നത് യു.ഡി.എഫിനെയാണ്. കോർപറേഷൻ, നഗരസഭ, ജില്ല പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലെല്ലാം കോൺഗ്രസിന് വിമതശല്യം പ്രതിസന്ധി സൃഷ്ടിക്കുന്ന കാഴ്ചയാണ്.
വിമതശബ്ദത്തെ തുടർന്ന് യു.ഡി.എഫിൽ സ്ഥാനാർഥി നിർണയം വൈകിയാണ് പൂർത്തീകരിച്ചത്. യു.ഡി.എഫിെൻറ കൈവശമുള്ള തളിപ്പറമ്പ് നഗരസഭകളിലടക്കം ഇത്തരം സ്ഥാനാർഥികൾ കോൺഗ്രസിന് കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. ഇൗ നഗരസഭയിൽ കോൺഗ്രസ് കഴിഞ്ഞ തവണ ജയിച്ചിരുന്ന ഏഴ് വാർഡുകളിൽ മൂന്നിലും ജയസാധ്യത മുടക്കുന്ന രീതിയിലാണ് വിമത സ്ഥാനാർഥികൾ.
കണ്ണൂർ കോർപറേഷനിലും സ്ഥിതി വ്യത്യസ്തമല്ല. കോർപറേഷനിൽ അഞ്ച് ഡിവിഷനുകളിലാണ് വിമതർ ശക്തമായി രംഗത്തുള്ളത്. കാനത്തൂർ, തായത്തെരു, തെക്കിബസാർ, ആലിങ്കീൽ, ചാലാട് എന്നിവിടങ്ങളിലാണ് യു.ഡി.എഫിന് പ്രതിസന്ധി. കാനത്തൂരിൽ യു.ഡി.എഫിലെ കോൺഗ്രസ് സ്ഥാനാർഥിയായ ഷിബു ഫെർണാണ്ടസിനെതിരെ ഡി.സി.സി അംഗം കെ. സുരേഷാണ് മത്സരിക്കുന്നത്.
തായത്തെരുവിൽ ഡി.സി.സി സെക്രട്ടറി സുരേഷ് ബാബു എളയാവൂരിനെതിരെ കോൺഗ്രസിലെ തന്നെ പി. നൗഫലാണ് വിമതശല്യം ഉയർത്തുന്നത്. തെക്കിബസാറിൽ മുൻ നഗരസഭ കൗൺസിലർ പി.സി. അശോകൻ, ആലിങ്കീൽ ഡിവിഷനിൽ കെ. നിഷാന്ത് എന്നിവരാണ് ജനവിധി തേടുന്നത്.
വിമത സ്ഥാനാർഥികളായി മത്സരിക്കുന്ന ചിറക്കൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ട്രഷറർ സി.പി. മനോജ്കുമാർ, പള്ളിക്കുന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻൻറ് കെ. പ്രകാശൻ, ചിറക്കൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി പ്രേം പ്രകാശ്, എ.പി. നൗഫൽ എന്നിവരെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്നും ഡി.സി.സി നേരത്തെ പുറത്താക്കിയിരുന്നു.
ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തിെല നുച്യാട് ഡിവിഷനിൽ ഡി.സി.സി ജനറൽ സെക്രട്ടറി ജോർജ് ജോസഫ് തോലാനിക്ക് ഭീഷണിയായി കോൺഗ്രസിലെ ജോജി വർഗീസാണ് മത്സരിക്കുന്നത്. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് കോളയാട് ഡിവിഷനിൽ കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് എൻ.ജെ. പാപ്പച്ചനെതിരെ രാജൻ വാച്ചാലിയും രംഗത്തുണ്ട്. ഇതിന് പുറമെ പയ്യന്നൂർ നഗരസഭ, ചെറുപുഴ, പേരാവൂർ, കണിച്ചാർ, നടുവിൽ, കീഴല്ലൂർ പഞ്ചായത്തുകളിലും കോൺഗ്രസിന് വിമതശല്യം ജയസാധ്യതയിൽ മങ്ങലേൽപിക്കുകയാണ്.
വളപട്ടണം പഞ്ചായത്തിൽ യു.ഡി.എഫിൽ കോൺഗ്രസും ലീഗും പ്രത്യേകമായാണ് ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. തലശ്ശേരി നഗരസഭയിൽ േചറ്റംകുന്ന്, തിരുവങ്ങാട് വാർഡുകളിൽ വിമതർ യു.ഡി.എഫിന് ശക്തമായ വെല്ലുവിളിയാണ് ഉയർത്തുന്നത്.
ലീഗിെൻറ സിറ്റിങ് സീറ്റായ ചേറ്റംകുന്നിൽ വനിത ലീഗിെൻറ മുൻ ജില്ല ജോ. സെക്രട്ടറിയായ പി.പി. സാജിത സ്വതന്ത്രയായാണ് മത്സരിക്കുന്നത്. ഇവർക്ക് എൽ.ഡി.എഫ് പിന്തുണ പ്രഖ്യാപിച്ചിട്ടുമുണ്ട്. കെ.പി.സി.സിയും ഡി.സി.സിയും വ്യത്യസ്തമായി സ്ഥാനാർഥികളെ പ്രഖ്യാപിച്ച സംഭവവും ജില്ലയിൽ ഉണ്ടായിട്ടുണ്ട്.
തലശ്ശേരി നഗരസഭയിലെ തിരുവങ്ങാട് വാർഡ്, ഇരിക്കൂർ ബ്ലോക്കിലെ നുച്യാട് ഡിവിഷൻ, പയ്യാവൂർ പഞ്ചായത്തിലെ 10ാം വാർഡ് എന്നിവിടങ്ങളിലാണ് കോൺഗ്രസിന് ഒൗദ്യോഗികമായി രണ്ട് സ്ഥാനാർഥികൾ. എന്നാൽ, ഡി.സി.സി പ്രഖ്യാപിച്ച സ്ഥാനാർഥികൾക്കാണ് ഒൗദ്യോഗികമായ 'കൈ' തെരഞ്ഞെടുപ്പ് ചിഹ്നമായി ലഭിച്ചത്.
വിമതർക്കെതിരെ വടിയെടുത്ത് നേതൃത്വം; നാലുപേർക്ക് സസ്പെൻഷൻ
ശ്രീകണ്ഠപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ വിമതരായി മത്സരിക്കുന്നവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ച് കോൺഗ്രസും ലീഗും. ഔദ്യോഗിക സ്ഥാനാർഥികൾക്കെതിരെ മത്സരിക്കുന്ന ഏരുവേശ്ശി, ചെങ്ങളായി പഞ്ചായത്തുകളിലെ മൂന്ന് പേർക്കെതിരെയാണ് കോൺഗ്രസ് നടപടിയെടുത്തത്.
ഏരുവേശ്ശി പഞ്ചായത്തിലെ 10ാം വാർഡ് ഇടമനയിൽ ഔദ്യോഗിക സ്ഥാനാർഥിയായ ജസ്റ്റിസൻ ചാണ്ടിക്കൊല്ലിക്കെതിരെ മത്സരിക്കുന്ന പൗളിൻ തോമസിനെയാണ് ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തത്. നിലവിലെ ഏരുവേശ്ശി പഞ്ചായത്ത് വൈസ് പ്രസിഡൻറാണ് പൗളിൻ.
വനിത സംവരണ വാർഡുകളിലേതെങ്കിലും ഒന്നിൽ മത്സരിക്കാൻ പൗളിനോട് ആവശ്യപ്പെട്ടെങ്കിലും നേതാക്കളുടെ ആവശ്യം അവഗണിച്ച് 10ാം വാർഡിൽ നോമിനേഷൻ സമർപ്പിക്കുകയാണ് ചെയ്തതെന്ന് മണ്ഡലം പ്രസിഡൻറ് ജോസ് പരത്തിനാൽ അറിയിച്ചു. ചെങ്ങളായിയിൽ മൂന്നാം വാർഡായ പയറ്റ്യാലിലും നാലാം വാർഡായ ചാലിൽ വയലിലും എൽ.ഡി.എഫ് പിന്തുണയോടെ മത്സരിക്കുന്ന ടി.പി. രാജൻ, കെ.പി. അബൂബക്കർ എന്നിവരെയും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്തു.
ശ്രീകണ്ഠപുരം നഗരസഭയിലെ 26ാം വാർഡിൽ വിമതയായി മത്സരിക്കുന്ന വനിത ലീഗ് ശ്രീകണ്ഠപുരം ശാഖ സെക്രട്ടറി സി. സെമീനക്കെതിരെയാണ് മുസ്ലിം ലീഗ് നടപടിയെടുത്തത്. ഇവരെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി ലീഗ് നേതൃത്വം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.