ചൂട് ഇനിയും കൂടും; കണ്ണൂരിൽ റെക്കോഡ് ചൂട്
text_fieldsകണ്ണൂർ: ജില്ലയിൽ ഇനിയും ചൂട് കൂടാൻ സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റിപ്പോർട്ട് പ്രകാരം തിങ്കളാഴ്ച കണ്ണൂർ വിമാനത്താവളത്തിൽ 40.4 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. കണ്ണൂർ സിറ്റിയിൽ 39 ഡിഗ്രിയാണ് ചൂട്. ചൊവ്വ, ബുധൻ ദിവസങ്ങളിൽ സാധാരണയെക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള അന്തരീക്ഷ സ്ഥിതിക്ക് സാധ്യതയുണ്ട്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. പകൽ 11 മുതല്‍ മൂന്നു വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു. പരമാവധി ശുദ്ധവെള്ളം കുടിക്കണം. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് പതിവാക്കണം. നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.