തെളിനീരൊഴുകി കാനാമ്പുഴ
text_fieldsകണ്ണൂർ: കാനാമ്പുഴയിലെ പ്ലാസ്റ്റിക്കും കുപ്പികളും നീക്കം ചെയ്ത് മൊഞ്ചാക്കി വിദ്യാർഥികളും യുവജനങ്ങളും. സംരക്ഷണഭിത്തികെട്ടിയും നവീകരിച്ചും ഉദ്ഘാടനത്തിനൊരുങ്ങിയ കാനാമ്പുഴയിൽ നിറഞ്ഞ മാലിന്യങ്ങളാണ് നീക്കിയത്. കണ്ണൂർ എസ്.എൻ കോളജിലെ എൻ.എസ്.എസ് വിദ്യാർഥികളും യുവജനക്ഷേമ ബോർഡ് വളന്റിയർമാരും നാട്ടുകാരും ചേർന്ന് ഹരിതകേരളം ജില്ല മിഷൻ നേതൃത്വത്തിലായിരുന്നു ശുചീകരണം. നാലര കിലോമീറ്ററോളം ദൂരമാണ് വൃത്തിയാക്കിയത്.
മുണ്ടേരി പഞ്ചായത്തിലെ അയ്യപ്പൻ മലയിൽനിന്ന് തുടങ്ങി 10 കിലോമീറ്റർ സഞ്ചരിച്ച് കടലായി അറബിക്കടലിൽ ചേരുന്ന കാനാമ്പുഴയെ വീണ്ടെടുക്കാൻ 8.40 കോടി രൂപയുടെ പദ്ധതികളാണ് നടക്കുന്നത്. അഞ്ചുവർഷമായി നടപ്പാക്കിയ കർമ പദ്ധതി പൂർത്തീകരണ ഘട്ടത്തിലാണ്.
രണ്ടു കോടി രൂപ ചെലവിൽ മണ്ണ്, ജലസംരക്ഷണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. പുഴയിലേക്ക് വെള്ളമെത്തിക്കാൻ അരുവികളുടെ സംരക്ഷണമടക്കം ഇതിന്റെ ഭാഗമായി നടത്തുന്നുണ്ട്. സംരക്ഷണ ഭിത്തികെട്ടൽ, അണക്കെട്ടുകളുടെ നവീകരണം, നടപ്പാത നിർമാണം, സൗന്ദര്യവത്കരണം തുടങ്ങിയവക്കാണ് ആറുകോടി രൂപ. പദ്ധതിയുടെ ആദ്യഘട്ടം 90 ശതമാനം പൂർത്തിയായി. പുഴയുടെ ഇരുകരകളിലെ പാടശേഖരങ്ങൾ നെൽകൃഷിക്കായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ശുചീകരണ പ്രവർത്തനങ്ങൾക്ക് ഹരിതകേരളം ജില്ല കോഓഡിനേറ്റർ ഇ.കെ. സോമശേഖരൻ, എസ്.എൻ കോളജ് എൻ.എസ്.എസ് പ്രോഗ്രം ഓഫിസർ പി.സി. സുമേഷ്, കാനാമ്പുഴ പുനരുജ്ജീവന സമിതി അംഗം എം.വി. ജനാർദനൻ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.