വെറുപ്പിന്‍റെ വേരറുക്കാൻ കൈകോർത്ത് സുഹൃദ്സംഗമം
text_fieldsകണ്ണൂർ: അകലുന്ന മനസ്സുകളെ അടുപ്പിച്ച് വെറുപ്പിന്‍റെ രാഷ്ട്രീയത്തിന്‍റെ വേരറുക്കാൻ മുസ്ലിംലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ പരിശ്രമങ്ങൾക്ക് കണ്ണൂർ പൗരാവലിയുടെ പിന്തുണ. മതസാഹോദര്യ പൈതൃകം സംരക്ഷിക്കാനും ജനവിഭാഗങ്ങൾ തമ്മിൽ പരസ്പര വിശ്വാസവും ഐക്യവും ഊട്ടിയുറപ്പിക്കാനുമുള്ള എല്ലാപരിപാടികളിലും കൂടെയുണ്ടാകുമെന്ന് റോയൽ ഒമേഴ്സിൽ നടന്ന സുഹൃദ്സംഗമം ഉറപ്പുനൽകി.
വൈകാരിക വിഷയങ്ങളിൽ ജനങ്ങളെ തമ്മിലടിപ്പിക്കാൻ സമൂഹ മാധ്യമങ്ങളിലും മറ്റും നടക്കുന്ന നീക്കങ്ങളിൽ യോഗം ആശങ്ക രേഖപ്പെടുത്തി. ഇത്തരം നീക്കങ്ങൾക്കെതിരെ ഒറ്റക്കെട്ടായി നിൽക്കാനും ആഹ്വാനം ചെയ്തു. മുസ്ലിം ലീഗിന്‍റെ സംസ്ഥാന കാമ്പയിന്‍റെ ഭാഗമായി സംഘടിപ്പിച്ച സുഹൃദ്സംഗമത്തിൽ ജില്ലയിലെ മത, സാമൂഹിക, സാംസ്കാരിക, വ്യാവസായിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. സുഹൃദ്സംഗമം സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. വിവിധ മതവിഭാഗങ്ങൾ പരസ്പരം അറിയാൻ ശ്രമിക്കണമെന്നും ഇതര വിഭാഗങ്ങളെക്കുറിച്ചുള്ള ശരിയായ അറിവില്ലാത്തതാണ് വെറുപ്പിന്‍റെ പ്രചാരകർക്ക് ഇടം നൽകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്‍.എ അധ്യക്ഷത വഹിച്ചു.
ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം, സെക്രട്ടറിമാരായ അബ്ദുറഹ്മാന്‍ കല്ലായി, കെ.എം. ഷാജി, എം.എൽ.എമാരായ പ്രഫ. ആബിദ് ഹുസൈന്‍ തങ്ങള്‍, എന്‍. ശംസുദ്ദീന്‍, ജില്ല പ്രസിഡന്‍റ് പി. കുഞ്ഞിമുഹമ്മദ്, ജനറല്‍ സെക്രട്ടറി അബ്ദുല്‍ കരീം ചേലേരി, കണ്ണൂര്‍ കോർപറേഷന്‍ മേയര്‍ ടി.ഒ. മോഹനന്‍, ഡി.സി.സി പ്രസിഡന്‍റ് മാര്‍ട്ടിന്‍ ജോര്‍ജ്, കണ്ണൂര്‍ ബിഷപ് ഹൗസ് വികാരി ജനറല്‍ ഫാ. ജോണ്‍സണ്‍ ജോ ക്ലാരന്‍സ് പാലിയത്ത്, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി പി.പി. ഉമര്‍ മുസ്‌ലിയാര്‍, തലശ്ശേരി ആര്‍ച്ച് ബിഷപ്പിന്‍റെ പ്രതിനിധി ഫാ. സെബാസ്റ്റ്യന്‍ പാലക്കുഴി, പോത്താംകണ്ടം ആനന്ദഭവനത്തിലെ സ്വാമി കേശവാനന്ദ ഭാരതി, തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിലെ സ്വാമി പ്രേമാനന്ദ, ജമാഅത്തെ ഇസ്‌ലാമി മേഖല നാസിം യു.പി. സിദ്ദീഖ്, ജില്ല പ്രസിഡന്‍റ് സാജിദ് നദ്‌വി, സെക്രട്ടറി സി.കെ.എ. ജബ്ബാര്‍, ഖ്വിൽ ഫൗണ്ടേഷൻ ഡയറക്ടർ കെ.കെ. സുഹൈൽ, കെ.എന്‍.എം നേതാവ് ഡോ. സുല്‍ഫിക്കര്‍ അലി, കെ.എന്‍.എം മര്‍ക്കസ് ദഅ് വ പ്രതിനിധികളായ ഷക്കീര്‍ ഫാറൂഖി, ശംസുദ്ദീന്‍ പാലക്കോട്, കേരള മുസ്‌ലിം ജമാഅത്ത് പ്രതിനിധി എം.കെ. ഹാമിദ്, കേരള ക്ഷേത്രകല അക്കാദമി ചെയര്‍മാന്‍ ഡോ. കെ.എച്ച്. സുബ്രഹ്മണ്യന്‍, ആയുര്‍വേദ മാനേജ്‌മെന്‍റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഡോ. ഇടൂഴി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡന്‍റ് ദേവസ്യ മേച്ചേരി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.