കണ്ണൂരിൽ റോഡപകടങ്ങൾ കൂടുന്നു
text_fieldsകണ്ണൂർ: ജില്ലയിൽ റോഡപകടങ്ങൾ കുതിക്കുന്നതായി കണക്കുകൾ. പയ്യന്നൂർ-തലശ്ശേരി ദേശീയ പാതയിലെ കണ്ണപുരം -കണ്ണൂർ ഭാഗം, കണ്ണൂർ മുഴപ്പിലങ്ങാട് ഭാഗം, തലശ്ശേരി കൂത്തുപറമ്പ് റോഡ്, കണ്ണൂർ -മട്ടന്നൂർ എയർപോർട്ട് റോഡ് എന്നിവിടങ്ങളിൽ റോഡപകടങ്ങളും മരണങ്ങളും വ്യാപകമായെന്നാണ് കണക്കുകൾ.
ഈ സാഹചര്യത്തിൽ വിദഗ്ധ സമിതിയെക്കൊണ്ട് പരിശോധന നടത്തണമെന്ന് ജില്ല റോഡ് സുരക്ഷ സമിതിയിൽ നിർദേശം. സമിതി അംഗവും സിറ്റി കമീഷണറുമായ അജിത് കുമാറാണ് നിർദേശമുന്നയിച്ചത്. കഴിഞ്ഞ ഒരു കൊല്ലത്തിനിടെ അപകടങ്ങളും അപകടമരണങ്ങളും ഈ ഭാഗങ്ങളിൽ പതിവായ സാഹചര്യത്തിലാണിത്.
കണ്ണൂർ ടൗൺ ബി.എസ്.എൻ.എൽ സർക്കിളിൽ വേഗനിയന്ത്രണത്തിനായി റംപിൾ സ്ട്രിപ്പുകൾ സ്ഥാപിക്കുന്നതിനുള്ള ടെൻഡർ നടപടികൾ പുരോഗമിക്കുന്നുവെന്ന് കോർപറേഷൻ സെക്രട്ടറി യോഗത്തിൽ അറിയിച്ചു. മട്ടന്നൂർ നഗരസഭയിലെ പാലോട്ട് പള്ളിയിൽ സുരക്ഷാ ബോർഡുകൾ, സ്റ്റഡുകൾ, സീബ്ര ലൈൻ തുടങ്ങിയവ സ്ഥാപിക്കുന്നതിന് എസ്റ്റിമേറ്റ് തയാറാക്കി ആർ.ടി.ഒ എൻഫോഴ്സ്മെന്റിന് സമർപ്പിച്ചതായി കെ.എസ്.ടി.പി എക്സി.എൻജിനീയർ അറിയിച്ചു. ദേശീയ പാതയിലെ പൊടിക്കുണ്ട് - മിൽമ ജങ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് ഫൗണ്ടേഷൻ അവശിഷ്ടങ്ങൾ 15 ദിവസത്തിനകം നീക്കി പുതിയ സ്ലാബിടുമെന്ന് എൻ.എച്ച്.എ.ഐക്ക് വേണ്ടി നിർമ്മാണ കരാറുകാരായ വിശ്വ സമുദ്ര കണ്ണൂർ എക്സ്പ്രസ് വേ ലിമിറ്റഡ് പ്രതിനിധി അറിയിച്ചു.
പാനൂർ ടൗണിലെ ട്രാഫിക് സിഗ്നൽ ലൈറ്റ് സമയക്രമ പ്രശ്നം പരിഹരിച്ചതായും ഗതാഗത നിയന്ത്രണത്തിന് ഹോം ഗാർഡിനെ നിയോഗിച്ചതായും പാനൂർ എസ്.എച്ച്.ഒ അറിയിച്ചു. കണ്ണൂർ കോടതി കോംപ്ലക്സിന് മുമ്പിൽ ഒരാഴ്ചയ്ക്കകം സീബ്രാലൈനും സ്പീഡ് ബ്രേക്കറും സ്ഥാപിക്കുമെന്ന് പൊതുമരാമത്ത് റോഡ്സ് വിഭാഗം യോഗത്തെ അറിയിച്ചു.
യോഗത്തിൽ ജില്ല കലക്ടർ അരുൺ കെ. വിജയൻ അധ്യക്ഷത വഹിച്ചു. മെംബർ സെക്രട്ടറിയും എൻഫോഴ്സ്മെന്റ് ആർ.ടി.ഒയുമായ സി.യു മുജീബ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.