കണ്ണൂരിലെ റോഡ് നവീകരണം; കലക്ടർ നിരീക്ഷിക്കണമെന്ന് ഹൈകോടതി
text_fieldsകണ്ണൂർ : കണ്ണൂർ നഗരത്തിൽ പൈപ്പ് ലൈനുകൾ സ്ഥാപിക്കാൻ വെട്ടിപ്പൊളിച്ച റോഡുകളുടെ അറ്റകുറ്റപ്പണികൾ കലക്ടർ നിരീക്ഷിക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്യണമെന്ന് ഹൈകോടതി ഉത്തരവിട്ടു.
ജസ്റ്റിസ് അനു ശിവരാമന്റേതാണ് ഉത്തരവ്. ജില്ല മർച്ചന്റ്സ് ചേംബർ പ്രസിഡന്റ് വി. മുഹമ്മദ് അഷ്റഫ്, ജനറൽ സെക്രട്ടറി കെ. സാജിദ് എന്നിവർ സമർപ്പിച്ച റിട്ട് ഹരജി പരിഗണിക്കവെയാണ് ഹൈകോടതിയുടെ സുപ്രധാന ഇടക്കാല ഉത്തരവ്.
നഗരത്തിലെ 24 റോഡുകളുടെ അറ്റകുറ്റപ്പണികൾ നടന്നുവെന്ന് കോർപറേഷനുവേണ്ടി ഹാജരായ ഗവ. പ്ലീഡർ അഡ്വക്കേറ്റ് മീന ജോൺ കോടതിയെ ധരിപ്പിച്ചു.
റോഡുകളുടെ അറ്റകുറ്റ നിർമാണത്തിൽ കാലതാമസം സംഭവിച്ചിട്ടുണ്ടെന്നും സമ്മതിച്ചു. എന്നാൽ ജില്ല മർച്ചന്റ്സ് ചേംബറിനുവേണ്ടി ഹാജരായ അഭിഭാഷകൻ കോർപറേഷൻ അറ്റകുറ്റപ്പണികൾ നടത്തുന്നതിൽ മനപൂർവം കാലതാമസം വരുത്തുകയാണെന്നും കുറ്റപ്പെടുത്തി. ഒരു റോഡിന്റെ പ്രവൃത്തി തുടങ്ങിയാൽ കുറേ ദിവസങ്ങൾ കഴിഞ്ഞാണ് ഇതു പൂർത്തിയാക്കുന്നത്.
പ്രധാന റോഡുകൾ ഇപ്പോഴും തകർന്നു തന്നെ കിടക്കുന്നു. പൊടി പടലത്തിൽ വ്യാപാരികളും പൊതുജനങ്ങളും പൊറുതിമുട്ടുകയാണ്. പുനർനിർമാണത്തിൽ കോർപറേഷൻ ഗുരുതരമായ അനാസ്ഥയാണ് കാണിക്കുന്നത്. അറ്റകുറ്റപ്പണികൾ അടിയന്തരമായി ചെയ്ത് തീർക്കുന്നത്തിനു ഹൈകോടതി ഉത്തരവ് അനിവാര്യമാണെന്ന് ചേംബറിന്റെ അഭിഭാഷകർ ധരിപ്പിച്ചു.
തുടർന്നാണ് കലക്ടർ അറ്റകുറ്റ പ്രവൃത്തികൾ നിരീക്ഷിക്കണമെന്നും കലക്ടർ തന്നെ മേൽനോട്ടം വഹിക്കണമെന്നും ഹൈകോടതി ഉത്തരവ് പുറപ്പെടുവിച്ചത്. കേസ് ഏപ്രിൽ 25ന് വീണ്ടും പരിഗണിക്കും. അന്ന് കലക്ടർ പ്രവൃത്തി റിപ്പോർട്ട് സമർപ്പിക്കണം. 25നകം അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കണമെന്നും ഹൈകോടതി കോർപറേഷന് നിർദേശംനൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.