കുഴിയില്ലാത്ത റോഡിൽ കുഴിയടക്കൽ വിജിലൻസ് അന്വേഷിക്കും
text_fieldsകണ്ണൂർ: മേലെ ചൊവ്വ-മട്ടന്നൂർ റോഡിൽ അറ്റകുറ്റപ്പണി ആവശ്യമില്ലാത്ത ഭാഗങ്ങളിൽ അടക്കം ടാറിങ് നടത്തിയ സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്. ആവശ്യമില്ലാത്ത ഭാഗങ്ങളിൽ ടാറിങ് നടത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പൊതുമരാമത്ത് വിജിലൻസ് വിഭാഗത്തിനോട് ഈ വിഷയം അന്വേഷിച്ച് അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി പി.എ. മുഹമ്മദ് റിയാസാണ് ഉത്തരവിട്ടത്.
മേലെ ചൊവ്വ ജങ്ഷൻ മുതൽ വാരം വരെയുള്ള ഭാഗത്താണ് അറ്റകുറ്റപ്പണി നടത്തിയത്. കുഴിയില്ലാത്ത സ്ഥലങ്ങളിൽ 'കുഴിയടക്കൽ' പ്രഹസനവും റീ ടാറിങ്ങും ശ്രദ്ധയിൽപെട്ടതോടെ നാട്ടുകാർ പ്രതിഷേധവുമായി എത്തുകയും പ്രവൃത്തി തടയുകയും ചെയ്തിരുന്നു. ഇതുസംബന്ധിച്ച ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
അനാവശ്യമായി ടാറിടുന്നത് എന്തിനാണെന്ന് തൊഴിലാളികളോട് ചോദിച്ചപ്പോൾ കരാറുകാരൻ പറഞ്ഞിട്ടാണെന്നായിരുന്നു മറുപടി. പ്രതിഷേധമുണ്ടായതോടെ കരാറുകാരൻ സ്ഥലംവിട്ടെന്നും നാട്ടുകാർ പറയുന്നു. 17 ലക്ഷം രൂപക്കാണ് പ്രവൃത്തി ഏറ്റെടുത്തത്. മരാമത്ത് അധികൃതരുടെ അസാന്നിധ്യത്തിലായിരുന്നു പ്രവൃത്തിയെന്നും പരാതിയുണ്ട്.
മേലെ ചൊവ്വ ജങ്ഷൻ മുതൽ വാരം വരെയുള്ള ഭാഗങ്ങളിൽ തകരാത്ത റോഡിലും റീ ടാറിങ് നടത്തിയതിന് പിന്നിൽ വൻ ക്രമക്കേടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. കുഴികളില്ലാത്ത ഭാഗത്ത് റീടാറിങ് നടത്തിയപ്പോൾ തകർന്ന ഭാഗങ്ങൾ ഒന്നും ചെയ്തില്ലെന്നും നാട്ടുകാർ പറയുന്നു. അതേസമയം, ജനപ്രതിനിധികൾ ആവശ്യപ്പെട്ടതനുസരിച്ച് റോഡ് തകർന്ന മുണ്ടയാട് സ്റ്റേഡിയം പരിസരം, എളയാവൂർ അമ്പലം റോഡ് ജങ്ഷൻ, റേഷൻ കടക്ക് സമീപം തുടങ്ങിയ ഭാഗങ്ങളിൽ റീടാറിങ് നടത്തിയിട്ടുണ്ട്. ഈ ഭാഗങ്ങളിൽ സ്ഥിരമായി കുടിവെള്ള പൈപ്പ് പൊട്ടുന്നതിനാൽ റോഡിൽ കുഴി നിറഞ്ഞ നിലയിലായിരുന്നു.
കണ്ണൂർ വിമാനത്താവളം റോഡായതിനാൽ നിരവധി വാഹനങ്ങളാണ് ദിവസേന ഇതുവഴി പോകുന്നത്. റോഡിൽ കുഴികളുള്ള ഭാഗങ്ങൾ ഫോട്ടോ എടുത്ത് സൂക്ഷിച്ചിട്ടുണ്ടെന്നും ഇത് പരിശോധിച്ചശേഷമേ കരാറുകാരന് ബില്ല് തുക കൈമാറുകയുള്ളൂവെന്നും മരാമത്ത് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.