ചാലയിൽ വീട്ടമ്മയെ കത്തികാണിച്ച് കവർച്ച; കുഞ്ഞുങ്ങളെ കൊല്ലുമെന്നും ഭീഷണി
text_fieldsകണ്ണൂർ: ചാലയിൽ വീട്ടമ്മയെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി രണ്ടു ലക്ഷത്തോളം രൂപയും സ്വർണാഭരണങ്ങളും കവർന്നു. ഞായറാഴ്ച പുലർച്ച ചാല മനയത്തുമൂലയിൽ സാധു പാർക്കിന് സമീപം ദാറുൽ അർബാറിൽ ജലാലുദ്ദീന്റെ വീട്ടിലാണ് സംഭവം. മുഖംമൂടി ധരിച്ചിരുന്നവരാണ് ബാൽക്കണി വഴി വീട്ടിനുള്ളിലെത്തി മുകളിലെ വാതിൽ കുത്തിത്തുറന്ന് അലമാരകളിൽ സൂക്ഷിച്ച പണം കവർന്നത്.
ഒച്ചകേട്ട് എഴുന്നേറ്റ സ്ത്രീകളുടെ കഴുത്തിൽ കത്തിവെച്ച് അലമാരയുടെ താക്കോലും വളകളും കമ്മലും അടക്കമുള്ള സ്വർണാഭരണങ്ങളും കൈക്കലാക്കി. കുഞ്ഞുങ്ങളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. ഇവരുടെ ശബ്ദം കേട്ടാണ് വീട്ടിലുള്ളവരും അയൽവാസികളും കവർച്ചവിവരം അറിയുന്നത്. ഉടൻ നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും കനത്ത മഴയായതിനാൽ മോഷ്ടാക്കളെ കണ്ടെത്താനായില്ല.
പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച രാത്രി 12 കഴിഞ്ഞാണ് വീട്ടുകാർ ഉറങ്ങിയത്. ഇതിന് പിന്നാലെയാണ് മോഷ്ടാക്കളെത്തിയത്. കണ്ണൂരിലെ കടകളിലും നഗരപ്രദേശത്തെ വീടുകളിലും മോഷണം രൂക്ഷമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.