കവർച്ചയുടെ ഞെട്ടലിൽ വളപട്ടണം
text_fieldsവളപട്ടണം: മന്നയിൽ അരി മൊത്ത വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് വൻ കവർച്ച. ഒരു കോടി രൂപയും 300 പവനും മോഷണം പോയ സംഭവത്തിന്റെ ഞെട്ടലിൽ നാട്. മന്ന കെ.എസ്.ഇ.ബി ഓഫിസിന് സമീപത്തെ കെ.പി. അഷ്റഫിന്റെ വീട്ടിലാണ് കഴിഞ്ഞ ബുധനാഴ്ച മോഷണം നടന്നത്. അഷ്റഫും കുടുംബവും വീടുപൂട്ടി മധുരയിൽ കല്യാണത്തിന് പോയ ദിവസം രാത്രി തന്നെ മോഷ്ടാക്കളെത്തിയതാണ് നാട്ടുകാരെ ഞെട്ടിച്ചത്.
ഞായറാഴ്ച രാത്രി വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് വീട്ടിൽ മോഷണം നടന്നതായി ശ്രദ്ധയിൽപെട്ടത്. പ്രത്യേകം ലോക്കറിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവുമാണ് നഷ്ടമായത്. ലോക്കറിന്റെ താക്കോൽ സൂക്ഷിച്ച അലമാരയും അതിന്റെ താക്കോൽ വെച്ച മറ്റൊരു മുറിയിലെ അലമാരയും മോഷ്ടാക്കൾ കൃത്യമായി തുറന്നത് വീട്ടുകാരെയും നാട്ടുകാരെയും ഒരുപോലെ ഞെട്ടിക്കുന്നതാണ്. മറ്റൊരു മുറിയിലും കവർച്ച നടക്കാത്തതിനാൽ സംഭവം ആസൂത്രിതമാണെന്ന സംശയവും ശക്തമാണ്. അരി വ്യാപാരിയായ അഷ്റഫിന് കലക്ഷനായി ലഭിച്ച പണമാണ് കവർന്നത്. മധുരയിൽ പോകുന്നതിനാൽ ഈ തുക ബാങ്കിൽ നിക്ഷേപിക്കാനായില്ലെന്ന് ബന്ധുക്കൾ പറയുന്നു.
ആദ്യശ്രമം വാതിൽ തകർക്കാൻ
വീടിന്റെ മതിൽചാടി കടന്ന മോഷണസംഘം ആദ്യം വാതിലുകൾ തകർത്ത് അകത്തുകയറാനാണ് ശ്രമിച്ചത്. ഇത് പരാജയപ്പെട്ടതോടെയാണ് അടുക്കള ഭാഗത്തെ ജനൽ ലക്ഷ്യമിട്ടത്. അടുക്കള ഭാഗത്തെ ജനലിന്റെ ഗ്രില്ല് തകർത്ത് വീടിനകത്തുകടന്ന സംഘം ലോക്കറിൽ സൂക്ഷിച്ചിരുന്ന മുറിയിലേക്കാണ് പോയത്.
വീടും പരിസരവും കൃത്യമായി മനസ്സിലാക്കിയവരാണ് മോഷണത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അഷറഫിന്റെ വീട്ടിലെ കിടപ്പുമുറിയിൽ സൂക്ഷിച്ചിരുന്ന ലോക്കറിലുണ്ടായിരുന്ന പണവും സ്വർണവുമാണ് കവന്നത്. വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് കിടപ്പുമുറി അലങ്കോലമായി കിടക്കുന്നത് കണ്ടത്.
കാമറ തിരിച്ചുവെച്ചു
ഉയരം കുറഞ്ഞ മതിൽ വഴിയാണ് മോഷ്ടാക്കൾ വീട്ടുപറമ്പിലേക്ക് കടന്നത്. ദൃശ്യങ്ങൾ പതിയാതിരിക്കാൻ സി.സി.ടി.വി കാമറകൾ മോഷ്ടാക്കൾ സ്ഥാനംമാറ്റിയ നിലയിലാണ്. മോഷ്ടാക്കൾ മതിൽ ചാടി കടക്കുന്നത് സി.സി.ടി.വി ദൃശ്യത്തിൽ പതിഞ്ഞിട്ടുണ്ട്. എന്നാൽ മുഖം വ്യക്തമല്ല.
മുഖം മറച്ചനിലയിലാണ് മോഷ്ടാക്കളെത്തിയത്. വീടിനെ കുറിച്ചും സി.സി.ടി.വിയെ കുറിച്ചും കൃത്യമായ ധാരണയുള്ളവരാണ് കൃത്യത്തിന് പിന്നിലെന്നും സംശയമുണ്ട്. മൂന്നംഗ സംഘമാണ് കവർച്ചക്ക് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. ഇത് കേന്ദ്രീകരിച്ചാണ് കൂടുതൽ അന്വേഷണം.
റെയിൽവേ പാളത്തിലൂടെ രക്ഷപ്പെട്ടു?
കവർച്ചക്കുശേഷം മോഷ്ടാക്കൾ വളപട്ടണം റെയിൽവേ പാളം വഴി രക്ഷപ്പെട്ടതായി സംശയിക്കുന്നു. വീട്ടിലെത്തിയ പൊലീസ് നായ മണംപിടിച്ച ശേഷം നേരേ ഓടിയത് സമീപത്തെ റെയിൽവേ ട്രാക്കിലേക്കായിരുന്നു. തുടർന്ന് വളപട്ടണം റെയിൽവേ സ്റ്റേഷനിലാണ് നായ ഓട്ടം നിർത്തിയത്. ഒരു കിലോമീറ്ററോളം ട്രാക്കിലൂടെ ഓടി. അതിനാൽതന്നെ മോഷ്ടാക്കൾ കവർച്ചക്കുശേഷം റെയിൽമാർഗം രക്ഷപ്പെട്ടിരിക്കാമെന്നാണ് പൊലീസിന്റെ സംശയം.
എന്നാൽ, വളപട്ടണം സ്റ്റേഷനിൽ 10 ട്രെയിനുകൾ മാത്രമാണ് നിർത്തുന്നത്. രാവിലെ 6.40നാണ് ആദ്യ ട്രെയിൻ. റെയിൽവേ പാളത്തിനോട് ചേർന്ന് ആളൊഴിഞ്ഞ പ്രദേശങ്ങളായതിനാൽ ഇവിടെ വാഹനം നിർത്തിയിട്ട് രക്ഷപ്പെട്ടതാകാനും സാധ്യതയുണ്ട്. റെയിൽവേ സ്റ്റേഷനിൽ സി.സി.ടി.വി കാമറകൾ ഇല്ലാത്തതിനാൽ പ്രതികളുടെ നീക്കം വ്യക്തമല്ല.
ലോക്കറായിരുന്നു ലക്ഷ്യം -ബന്ധു
ലോക്കറുള്ള സ്ഥലംവരെ കൃത്യമായി മനസിലാക്കിയ ആളുകളാണ് മോഷണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി വീട്ടുടമ അഷ്റഫിന്റെ ഭാര്യാ സഹോദരൻ ജാബിർ. സ്വർണവും പണവും സൂക്ഷിച്ചിരുന്ന ലോക്കർ പൂട്ടി അതിന്റെ താക്കോൽ വേറെ അലമാരയിലാണ് സൂക്ഷിച്ചിരുന്നത്. ആ അലമാരയുടെ താക്കോൽ മറ്റൊരു മുറിയിലും സൂക്ഷിച്ചു. അതും കൃത്യമായി പൂട്ടിയിരുന്നു. മറ്റ് മുറികളിൽനിന്ന് വേറൊന്നും നഷ്ടപ്പെട്ടിട്ടില്ല. ലോക്കർ മാത്രം ലക്ഷ്യമിട്ടാണ് മോഷ്ടാക്കൾ വന്നതെന്നാണ് കരുതുന്നതെന്നും ജാബിർ പറഞ്ഞു.
യാത്രക്ക് മുമ്പ് പൊലീസിൽ അറിയിച്ചില്ല
പണവും സ്വർണവും വീട്ടിൽ സൂക്ഷിച്ചെങ്കിലും മധുര യാത്രക്ക് മുമ്പ് കുടുംബം പൊലീസ് സ്റ്റേഷനിൽ അറിയിച്ചിരുന്നില്ല. വീട്ടുകാർ ദുബൈയിലും ബംഗളൂരുവിലുമെല്ലാം സാധാരണയായി പോകുന്നവരാണെന്നും ജാബിർ പറഞ്ഞു. 30 വർഷത്തോളമായി ഇവിടെ താമസിക്കുന്നുണ്ട്. ഇതുവരെ ഇങ്ങനെ ഒരു അനുഭവമുണ്ടായിട്ടില്ല. വീട്ടിൽ തന്നെ ലോക്കർ ഉണ്ടായിരുന്നത് കൊണ്ട് സ്വർണവും പണവും ബാങ്കിൽ സൂക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.