ജീവന് ഭീഷണിയായി കവർച്ച സംഘങ്ങൾ
text_fieldsകണ്ണൂർ: വീടുകളും കടകളും കുത്തിത്തുറന്നും വീട്ടുകാരെ ആക്രമിച്ചും ബന്ദിയാക്കിയും കവർച്ച നടത്തി മോഷ്ടാക്കൾ വിലസുന്നു. ബുധനാഴ്ച പുലർച്ച തലശ്ശേരി കെ.ടി.പി മുക്കിൽ വീട്ടമ്മയുടെ കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി 10,000 രൂപയും നാലുപവൻ സ്വർണവും മോഷ്ടാക്കൾ കവര്‍ന്നു.
കതകിൽ തട്ടുന്ന ശബ്ദം കേട്ട് എഴുന്നേറ്റ് വാതിൽ തുറന്ന അഫ്സത്തിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് കവർച്ച. രണ്ടര മാസത്തിനിടെ ചെറുതും വലുതുമായ നൂറ്റമ്പതോളം മോഷണങ്ങളാണ് ജില്ലയിൽ നടന്നത്.
വീട്ടുകാരെ ആക്രമിച്ച് ആഭരണങ്ങൾ കവരുന്ന സംഭവങ്ങൾ വർധിക്കുകയാണ്. പ്രഭാത നമസ്കാരത്തിന് അംഗശുദ്ധി വരുത്താൻ പുറത്തിറങ്ങിയപ്പോഴാണ് 2021 സെപ്റ്റംബറിൽ വാരം എളയാവൂരിലെ കെ.പി. ആയിഷയെ മോഷ്ടാവ് ആക്രമിച്ചത്. പൈപ്പ് ലൈൻ അടച്ചശേഷം ആയിഷ പുറത്തിറങ്ങുന്നത് കാത്തിരിക്കുകയായിരുന്നു പ്രതി. ആയിഷയുടെ ചെവി മുറിച്ചെടുത്താണ് സ്വര്‍ണക്കമ്മലുകള്‍ കവർന്നത്. അതിഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയവെയാണ് അവർ മരിച്ചത്. സംഭവത്തിൽ അസം സ്വദേശിയാണ് പിടിയിലായത്.
പരിയാരത്ത് വയോധികയെ കെട്ടിയിട്ട് വായില്‍ പ്ലാസ്റ്ററൊട്ടിച്ച് ഒമ്പതംഗ സംഘം കവര്‍ച്ച നടത്തിയിട്ട് അഞ്ചു മാസം പൂർത്തിയാവുന്നതേയുള്ളൂ. അമ്മാനപ്പാറയിൽ ഡോ. ഷക്കീറിന്റെ വീട്ടിൽ ഇവരുടെ ബന്ധുവായ വൃദ്ധയെ വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തി കെട്ടിയിട്ടാണ് പത്ത് പവൻ കവർന്നത്. ഡോക്ടറും ഭാര്യയും തിരുവനന്തപുരത്തേക്ക് പോയതിന് ശേഷമാണ് കവർച്ച.
നായ്ക്കൾ കുരക്കുന്ന ശബ്ദം കേട്ട് വീടിന്റെ മുകളിലെ നിലയിൽ കയറി നോക്കിയ ചെറുപുഴ തിമിരിയിലെ 70കാരിയും സമാനമായ കവർച്ചക്ക് ഇരയായിരുന്നു. കൈകാലുകൾ ബന്ധിച്ചാണ് ആഭരണവും പണവും കവർന്നത്.
വയോധികയെ കത്തിമുനയിൽ നിർത്തി സ്വർണവും പണവും കവർന്നു
തലശ്ശേരി: വീട്ടിനകത്ത് അതിക്രമിച്ചുകയറിയ മോഷ്ടാക്കൾ ഗൃഹനാഥയുടെ കഴുത്തിൽ കത്തിവെച്ചു ബന്ദിയാക്കി ആറരപ്പവൻ സ്വർണവും 10,000 രൂപയും കവർന്നു. ചിറക്കര കെ.ടി.പി മുക്കിലെ ഫിഫാസിൽ സി. അഫ്സത്തിനെ (67) ബന്ദിയാക്കിയാണ് കവർച്ച നടത്തിയത്. പ്രദേശത്തെ മറ്റ് മൂന്ന് വീടുകളിലും മോഷണശ്രമം നടന്നു. ബുധനാഴ്ച പുലർച്ച മൂന്നരയോടെയാണ് സംഭവം. വയോധികയായ അഫ്സത്തും മകളും കൊച്ചുമകളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീടിന്റെ ഗ്രില്ലിന്റെയും പ്രധാന വാതിലിന്റെയും പൂട്ടുകൾ തകർത്താണ് രണ്ടംഗ സംഘം അകത്തുകടന്നത്. കിടപ്പുമുറിയുടെ കതകിന് തട്ടുന്ന ശബ്ദം കേട്ട് എഴുന്നേറ്റ അഫ്സത്ത് മകളാണെന്നുകരുതി വാതിൽ തുറന്നപ്പോഴേക്കും മോഷ്ടാക്കൾ വയോധികയെ കത്തികാട്ടി ഭീഷണിപ്പെടുത്തി ദേഹത്തണിഞ്ഞ ആഭരണങ്ങളും അലമാരയിൽ സൂക്ഷിച്ച ആറര പ്പവനോളം സ്വർണവും 10,000 രൂപയും എ.ടി.എം കാർഡും കവരുകയായിരുന്നു.
കവർച്ചക്കിടയിൽ ബഹളംവെച്ചതോടെ മുകൾ നിലയിൽനിന്ന് മകൾ വാതിൽ തുറന്നു. ഈ ശബ്ദം കേട്ടതോടെയാണ് മോഷ്ടാക്കൾ വീട്ടിൽനിന്ന് രക്ഷപ്പെട്ടത്. ഇതിന് സമീപത്തെ ഹരി നമ്പ്യാർ, പി.വി. പ്രദീപ് കുമാർ, രാജേഷ് മാരാർ എന്നിവരുടെ വീട്ടിലും മോഷണശ്രമം നടന്നിരുന്നു. പ്രദീപ് കുമാറിന്റെ വീട്ടിനകത്തെ സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണ്. തലശ്ശേരി എ.എസ്.പി കെ.എസ്. ഷഹിൻഷായുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം തുടങ്ങി. കണ്ണൂരിൽനിന്ന് വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
പിന്നിൽ ഇതര സംസ്ഥാന മോഷണസംഘം
വീട്ടുകാരെ ആക്രമിച്ച് നടത്തുന്ന കവർച്ചക്ക് പിന്നിൽ പലപ്പോഴും ഇതരസംസ്ഥാന മോഷ്ടാക്കളാണെന്നാണ് കണ്ടെത്തൽ. വെള്ളമെടുക്കാനും അലക്കിയ വസ്ത്രങ്ങളെടുക്കാനും രാത്രി പുറത്തിറങ്ങുന്ന വീട്ടമ്മാരുടെ ആഭരണങ്ങൾ പിടിച്ചുപറിക്കുകയും പരിക്കേൽക്കുകയും ചെയ്ത സംഭവങ്ങൾ തലശ്ശേരിയിലും പന്തക്കലും പഴയങ്ങാടിയിലുമുണ്ടായി. പിടിച്ചുപറിക്കാരെ ഭയന്ന് പലരും രാത്രിയിൽ ആഭരണങ്ങൾ ഊരിവെക്കുകയാണ്.
2018ൽ മാതൃഭൂമി ന്യൂസ് എഡിറ്റര്‍ വിനോദ് ചന്ദ്രനെയും ഭാര്യയെയും വീട്ടില്‍ അതിക്രമിച്ചുകയറി കെട്ടിയിട്ടു ക്രൂരമായി മർദിച്ചതിനു ശേഷം അലമാര തകര്‍ത്ത് പണവും 25 പവനും മൂന്ന് മൊബൈല്‍ ഫോണും കവര്‍ന്നത് ബംഗ്ലാദേശ് സ്വദേശികളായിരുന്നു. ഒമ്പതു വര്‍ഷം കഠിന തടവും പിഴയും ശിക്ഷയാണ് ഇവർക്ക് വിധിച്ചത്. ആയുധം ഉപയോഗിച്ച് ഭീഷണിപ്പെടുത്തി കവർച്ച നടത്തുമ്പോൾ പ്രതികരിക്കാനോ ബഹളംവെക്കാനോ ശ്രമിച്ചാൽ ജീവനുതന്നെ ഭീഷണിയാവുകയാണ്. പരിയാരത്ത് വയോധികയെ ബന്ധിയാക്കി കവർച്ച നടത്തിയ സംഘത്തെ കോയമ്പത്തൂരിൽനിന്നും ആന്ധ്രയിൽനിന്നുമാണ് പൊലീസ് പിടികൂടിയത്.
ജാഗ്രത വേണം
ആളില്ലാത്ത വീടുകളും സ്ത്രീകളും പ്രായമായവരും താമസിക്കുന്നയിടങ്ങളും തേടിയാണ് മോഷണസംഘം പ്രധാനമായും എത്തുന്നത്. വീടുപൂട്ടി പോകുമ്പോൾ സമീപ പൊലീസ് സ്റ്റേഷനിലും വിശ്വസ്തരായ അയൽക്കാരെയും അറിയിക്കാം. വീടുകളിൽ സി.സി.ടി.വിയും സുരക്ഷ അലാറവും സജ്ജീകരിക്കുന്നത് നന്നാവും. അപരിചിതർ വീടിനുസമീപം ചുറ്റിത്തിരിയുന്നതു കണ്ടാൽ പൊലീസിൽ അറിയിക്കണം. വിൽപനക്കാരായും യാചകരായും മോഷ്ടാക്കളെത്തി വീടും പരിസരവും മനസ്സിലാക്കുന്ന സംഭവങ്ങളും ഏറെയാണ്. വീടുകളിൽ തനിച്ചുതാമസിക്കുന്നതും വീട്ടുകാരെ സംബന്ധിച്ച വിവരങ്ങളും അപരിചിതരുമായി പങ്കുവെക്കരുത്.
പത്രങ്ങളും മറ്റും മുറ്റത്ത് കൂടിക്കിടക്കുന്നതു വീട്ടിൽ ആരുമില്ലെന്ന സൂചന നൽകുന്നതിനാൽ ഈ സാഹചര്യവും ഒഴിവാക്കണം. കമ്പിപ്പാര, ഏണി, മഴു തുടങ്ങി മോഷണത്തിന് സഹായമാകുന്ന വീടിന് സമീപം ഇടാതിരിക്കുക. വീട്ടിൽനിന്ന് മാറിനിൽക്കുമ്പോൾ രാത്രിയിൽ ലൈറ്റിടാനും പകൽ ഓഫ് ചെയ്യാനും ബന്ധുക്കളെയോ അയൽക്കാരെയോ ചുമതലപ്പെടുത്തണം. അസ്വാഭാവികമായി എന്തെങ്കിലും അനുഭവപ്പെട്ടാൽ സമീപത്തെ ബന്ധുക്കളെയോ അയൽക്കാരെയോ പൊലീസിനെയോ അറിയിക്കണം. കട്ടിലിനരികിൽ മൊബൈൽഫോൺ കരുതാനും മറക്കരുത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.