ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
text_fieldsകണ്ണൂർ: കണ്ണൂരിൽ വീണ്ടും ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു. ഡ്രൈവർ ഇറങ്ങിയോടിയതിനാൽ ആളപായമില്ല. കാൾടെക്സ് ചേംബർ ഹാളിന് മുൻവശത്ത് ചൊവ്വാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. കണ്ണൂരിൽനിന്ന് കക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറിന് തീപിടിക്കുകയായിരുന്നു. കക്കാട് കോർജാൻ സ്കൂളിന് സമീപത്തെ സ്പെയർപാർട്സ് കടയിലെ വാഹനമാണ് കത്തിയത്. ബോണറ്റിൽ തീ ഉയരുന്നത് കണ്ട ഡ്രൈവർ അർജുൻ കാർ നിർത്തി ഇറങ്ങിയോടുകയായിരുന്നു. ബാങ്കിൽ പോയശേഷം കടയിലേക്ക് തിരിച്ചുവരുന്നതിനിടയിലാണ് അപകടം.
നിമിഷനേരത്തിനകം കാർ മുഴുവൻ തീപടർന്നു. കണ്ണൂരിൽനിന്ന് അഗ്നിരക്ഷാസേനയെത്തിയാണ് തീ അണച്ചത്. കാർ മുഴുവനായും കത്തിനശിച്ചു. തീപിടിത്ത കാരണം വ്യക്തമായില്ല. ഇതേതുടർന്ന് റോഡിൽ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. രണ്ടാഴ്ച മുമ്പും കണ്ണൂരിൽ ഓടിക്കൊണ്ടിരിക്കെ കാര്‍ കത്തി നശിച്ചിരുന്നു. നഗരത്തിൽ ഓടിക്കൊണ്ടിരിക്കെയാണ് കാറിന് തീപിടിച്ചത്. താണ ട്രാഫിക് സിഗ്നലിന് സമീപം തീപിടിച്ച കാറിൽനിന്ന് ഡ്രൈവറും കാഴ്ചപരിമിതിയുള്ള യാത്രക്കാരനും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. കഴിഞ്ഞവർഷം ജില്ല ആശുപത്രിക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി ഗര്‍ഭിണിയും ഭർത്താവും മരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.