കോർപറേഷൻ യോഗനടപടികൾക്ക് ഇനി "സകർമ'
text_fieldsകണ്ണൂർ: കോർപറേഷൻ കൗൺസിൽ യോഗ നടപടികൾ ഇനി തദ്ദേശ സ്വയംഭരണ വകുപ്പിന് കീഴിലെ 'സകർമ' പോർട്ടലിലൂടെ. കൗൺസിൽ യോഗ അറിയിപ്പുകൾ, അജണ്ട, മിനിറ്റ്സ്, തീരുമാനങ്ങൾ എന്നിവയെല്ലാം പോർട്ടലിൽ അപ്ഡേറ്റ് ചെയ്യും. കൗൺസിലർമാരുടെ ഹാജർനിലയടക്കം പോർട്ടലിലൂടെ പൊതുജനങ്ങൾക്കും അറിയാം. ഹാജർ നില മാത്രമല്ല, യോഗത്തിൽ വൈകിവരുന്നതും നേരത്തേ പോവുന്നതുമെല്ലാം സകർമയിൽ രേഖപ്പെടുത്തും. അറിയിപ്പുകളും മറ്റും പോർട്ടലിലൂടെ നൽകുമ്പോൾ ഫലത്തിൽ കോർപറേഷൻ പേപ്പർരഹിതമാവും. ജനുവരി മുതലാണ് കോർപറേഷന്റെ യോഗനടപടികൾ 'സകർമ' വഴിയാവുക.
സകർമ പോർട്ടൽ തുടങ്ങുന്നതിന് മുന്നോടിയായുള്ള നടപടിക്രമങ്ങൾ വെള്ളിയാഴ്ച ചേർന്ന കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്തു. പോർട്ടൽ പ്രവർത്തിപ്പിക്കുന്നതിന്റെ പരീക്ഷണവും നടന്നു. കോർപറേഷനിൽ നിന്നുള്ള അറിയിപ്പുകൾ ലഭിച്ചില്ലെന്ന പരാതി ഇനി കൗൺസിൽ അംഗങ്ങൾക്കും ഉദ്യോഗസ്ഥർക്കും ഉയർത്താനാവില്ല. കൗൺസിൽ യോഗവുമയി ബന്ധപ്പെട്ട മിനിറ്റ്സിൽ തിരുത്തൽ വരുത്താനുമാവില്ല. മിനിറ്റ്സ് തയാറാക്കിയ സമയവും ദിവസവും കൃത്യതയോടെ രേഖപ്പെട്ടു കിടക്കും. ഭരണസമിതി യോഗങ്ങളുടെ അജണ്ടയും അതിന്മേൽ സ്ഥാപനം കൈക്കൊള്ളുന്ന തീരുമാനങ്ങളും അറിയാൻ പൊതുജനങ്ങൾക്കുമാവും.
അജണ്ടയും തീരുമാനങ്ങളും കൗൺസിൽ യോഗത്തിന് മുമ്പാകെ അവതരിപ്പിച്ചാൽ അത് പോർട്ടലിലൂടെ അംഗങ്ങൾക്ക് ലഭിക്കും. ആകെ ചേർന്ന യോഗങ്ങൾ, ചേരാനിരിക്കുന്ന യോഗവും സമയവും, യോഗം റദ്ദാക്കിയത് എന്നിവയെല്ലാം സകർമയിൽ പൊതുജനങ്ങൾക്ക് കാണാം. 2017 മുതലാണ് ‘സകര്‍മ’ പോർട്ടലും സോഫ്റ്റ് വെയറും ആരംഭിച്ചത്.
ഗ്രാമപഞ്ചായത്തുകൾ മാത്രമാണ് ആദ്യഘട്ടത്തിൽ പോർട്ടലിൽ ഉണ്ടായിരുന്നത്. പഞ്ചായത്ത്, മുനിസിപ്പാലിറ്റി നിയമവും ചട്ടവും പാലിച്ച് ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണ് ‘സകര്‍മ’ തയാറാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.