താമസം കാലിത്തൊഴുത്തിൽ; പട്ടികവർഗ കുടുംബത്തിന് ഉടൻ വീട് അനുവദിക്കണം -മനുഷ്യാവകാശ കമീഷൻ
text_fieldsകണ്ണൂർ: ആലക്കോട് കാവുകുടിയിൽ പഴയ കാലിത്തൊഴുത്തിൽ പ്ലാസ്റ്റിക് ഷീറ്റ് മറച്ച് താമസിക്കുന്ന പട്ടികവർഗ വിഭാഗം കുടുംബത്തിന് അടിയന്തരമായി വീട് അനുവദിക്കാൻ തളിപ്പറമ്പ് ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസർ നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ.
ഭവന നിർമാണ ആനുകൂല്യം ലഭിക്കുന്നതിനായി പരാതിക്കാരി ആവശ്യമായ രേഖകൾ തളിപ്പറമ്പ് ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസർക്ക് നൽകണമെന്നും കമീഷൻ ആക്ടിങ് ചെയർപേഴ്സനും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. ഭർത്താവിനും രണ്ടു മക്കൾക്കുമൊപ്പം കഴിയുന്ന ആലക്കോട് വെള്ളാട് കാവുംകുടി പുലിക്കിരി വീട്ടിൽ പി.കെ. നിഷയുടെ പരാതിയിലാണ് നടപടി. വീടിന് വേണ്ടി നിരവധി തവണ അപേക്ഷ നൽകിയെങ്കിലും പഞ്ചായത്ത് അധികൃതരുടെ ജാഗ്രതക്കുറവ് കാരണം വീട് അനുവദിച്ചിട്ടില്ലെന്നാണ് പരാതി.
പരാതിക്കാരിയുടെ കുടുംബം ഷെഡിലാണ് താമസിക്കുന്നതെന്നും ഇവർ ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെട്ടിട്ടില്ലെന്നും ആലക്കോട് പഞ്ചായത്ത് സെക്രട്ടറി കമീഷനെ അറിയിച്ചു. ലൈഫ് പദ്ധതിയിൽ ആനുകൂല്യം ലഭിക്കുന്നതിനായി പരാതിക്കാരി അപേക്ഷ നൽകിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. തളിപ്പറമ്പ് ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസറുടെ ശിപാർശയിൽ പട്ടികവർഗ ജില്ല ഓഫിസിൽനിന്ന് വീട് അനുവദിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
ഇതിനാവശ്യമായ രേഖകളും പഞ്ചായത്ത് എൻജിനീയർ തയാറാക്കുന്ന ആറ് ലക്ഷത്തിൽ കവിയാത്ത എസ്റ്റിമേറ്റും തയാറാക്കി നൽകാൻ ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസർക്ക് ജില്ല പട്ടികവർഗ വികസന പ്രോജക്ട് ഓഫിസർ നിർദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ പഞ്ചായത്തോ എസ്.ടി പ്രമോട്ടറോ കൃത്യമായ മാർഗനിർദേശം നൽകാത്തതുകാരണമാണ് ഭവന നിർമാണ ധനസഹായം ലഭിക്കാത്തതെന്ന് പരാതിക്കാരി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.