അക്ഷര മധുരം നുകരാൻ പൂമ്പാറ്റകളെത്തി
text_fieldsകണ്ണൂർ: ആദ്യക്ഷര മധുരം നുകരാൻ പുത്തനുടുപ്പും ബാഗുകളുമായി കുരുന്നുകൾ സ്കൂളുകളിലെത്തി. ജില്ലയിലെ സ്കൂളുകളിൽ വിപുല രീതിയിലാണ് പ്രവേശനോത്സവം നടത്തിയത്. സ്കൂളുകൾ തോരണികൾ കൊണ്ട് അലങ്കരിച്ചാണ് അധ്യാപകർ കുരുന്നുകളെ സ്വീകരിച്ചത്. പതിവിലും വ്യത്യസ്തമായി ഉത്സവാന്തരീക്ഷമായിരുന്നു ജില്ലതല ഉദ്ഘാടനം നടന്ന ആറളം ഫാം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ. ആദിവാസി മേഖലയിലെ ഏക ഹയർ സെക്കൻഡറി വിദ്യാലയമായ ആറളം ഫാം ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിലൂടെ വിവിധ വർണങ്ങളിലുള്ള ബലൂണുകളും കൈയ്യിലേന്തി കളിയും ചിരിയുമായാണ് എത്തിയത്.
ആറളം ഫാം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഒന്ന് മുതൽ 10 വരെയുള്ള ക്ലാസ്സുകളിൽ ആറളം പുനരധിവാസ മേഖലയിലുള്ള കുട്ടികൾ മാത്രമാണ് പഠിക്കുന്നത്. 656 പേർ. കഴിഞ്ഞ വർഷം 36 കുട്ടികൾ പ്രവേശനം നേടിയിരുന്നു. ഇക്കുറി 73 കുട്ടികളാണ് ഒന്നാം ക്ലാസിൽ പ്രവേശനം നേടിയത്. പേരെഴുതിയ നക്ഷത്രങ്ങളും ആശംസ കാർഡുകളും കളർ പെൻസിലുകളും പഠനോപകരണങ്ങളുമായാണ് അധ്യാപകർ കുരുന്നുകളെ വരവേറ്റത്. അവർക്കുള്ള ബാഗുകളും നൽകി.
ഡോ. വി. ശിവദാസൻ എം.പി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ അധ്യക്ഷത വഹിച്ചു. റിയാലിറ്റി ഷോ ഫെയിം ഹിതൈഷിണി ബിനീഷ് വിശിഷ്ടാതിഥിയായി. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, സ്ഥിരംസമിതി അധ്യക്ഷ കെ.കെ രത്നകുമാരി, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ, ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.