കുട്ടികളെ വരവേൽക്കാൻ വിദ്യാലയങ്ങൾ ഒരുങ്ങി
text_fieldsഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സ്കൂൾ ശുചീകരണത്തിന്റെ ജില്ലതല ഉദ്ഘാടനം സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജൻ നിർവഹിക്കുന്നു
കണ്ണൂർ: വേനലവധിക്കാലത്തിന്റെ ആലസ്യംവിട്ട് മഴയുടെ താളത്തിനൊപ്പം കുട്ടികൾ അക്ഷര മുറ്റത്തേക്ക് എത്താൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി. ജൂൺ മൂന്നിന് എത്തുന്ന നവാഗതർ ഉൾപ്പെടെയുള്ള കുട്ടികളെ വരവേൽക്കാൻ വിദ്യാലയങ്ങൾ അണിഞ്ഞൊരുങ്ങി.
അൺഎയ്ഡഡ് വിദ്യാലയങ്ങൾ ഉൾപ്പെടെ ജില്ലയില്‍ 1687 വിദ്യാലയങ്ങളാണുള്ളത്. 1285 പൊതുവിദ്യാലയങ്ങളും. കുട്ടികള്‍ക്ക് സുരക്ഷിതമായ അധ്യയന വര്‍ഷം ഒരുക്കുന്നതിനുവേണ്ടിയുള്ള നടപടികളാണ് പൂർത്തിയാവുന്നത്. ബന്ധപ്പെട്ട വകുപ്പുകൾ കൈകോർത്താണ് വിദ്യാലയങ്ങളിൽ ഒരുക്കം നടത്തിവരുന്നത്. സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്കം ഏറെക്കുറെ പൂർത്തിയായി.
വിദ്യാലയങ്ങളുടെ അറ്റകുറ്റപ്പണി നേരത്തെതന്നെ പൂർത്തിയായിട്ടുണ്ട്. പെയിന്റടിച്ചും ചിത്രങ്ങൾ വരച്ചും വിദ്യാലയ ചുമരുകളും മനോഹരമാക്കി. പക്ഷികളും മരങ്ങളും പൂന്തോട്ടങ്ങളും ജീവൻ തുടിക്കുന്ന ചിത്രങ്ങളായപ്പോൾ വിദ്യാലയ ചുമരുകൾ പ്രകൃതിക്ക് ഇണങ്ങും വിധമായി.
നവാഗതരെ വരവേൽക്കാനായി കളിപ്പാട്ടങ്ങൾ ഒക്കെ ഒരുക്കിയാണ് വിദ്യാലയങ്ങൾ കാത്തിരിക്കുന്നത്. വിദ്യാഭ്യാസവും വിദ്യാലയങ്ങളും ആകർഷകമാക്കാൻ വേറിട്ട ലോകം തന്നെ സൃഷ്ടിക്കുകയാണ് പ്രൈമറി വിദ്യാലയങ്ങൾ. ജില്ലതല പ്രവേശനോത്സവം ചിറ്റാരിപ്പറമ്പ് ഗവ. ഹയര്‍ സെക്കൻഡറി സ്കൂളില്‍ ജൂണ്‍ മൂന്നിന് നടക്കും.
വിദ്യാലയങ്ങളിലെ ശുചീകരണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്. സ്കൂൾ ബസുകളുടെ ഫിറ്റ്നസ് പരിശോധന ബുധനാഴ്ച തുടങ്ങും. കെട്ടിടങ്ങളുടെ സുരക്ഷ പരിശോധന പുരോഗമിക്കുന്നുണ്ട്. കുടിവെള്ളത്തിന്റെ പരിശോധനയും നടക്കുന്നു. മഴ തുടങ്ങിയതിനാൽ എവിടെയും കുടിവെള്ള പ്രശ്നങ്ങളില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.