ചെള്ളുപനി: പ്രതിരോധ പ്രവർത്തനങ്ങളുമായി ആരോഗ്യവകുപ്പ്
text_fieldsകണ്ണൂർ: ചെള്ളുപനി റിപ്പോർട്ട് ചെയ്ത മാലൂർ പഞ്ചായത്തിലെ ഒമ്പതാം വാർഡ് പുരളിമല ട്രൈബൽ നഗറിൽ ആരോഗ്യവകുപ്പ് സംഘം സന്ദർശിച്ചു. ആരോഗ്യവകുപ്പിന്റെ കീഴിലെ ജില്ല വെക്ടർ കൺട്രോൾ സംഘം സ്ഥലത്ത് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി. ജില്ല സർവൈലൻസ് ഓഫിസർ ഇൻ ചാർജ് ഡോ. അനീറ്റ കെ. ജോസി, ജില്ല വെക്ടർ ബോർഡ് കൺട്രോൾ ഡിസീസ് ഓഫിസർ ഡോ. കെ.കെ. ഷിനി, ജില്ല എപിഡമോളജിസ്റ്റ് ജി.എസ്. അഭിഷേക്, ബയോളജിസ്റ്റ് രമേശൻ, അസിസ്റ്റന്റ് എന്റമോളാജിസ്റ്റ് കെ. സതീഷ് കുമാർ, ഇൻസെക്ട് കലക്ടർ പ്രദോഷ്, ശ്രീഭ, ഡി.വി.സി യൂനിറ്റ് അംഗങ്ങളായ ശൈലജ, സീന, രാജൻ എന്നിവർ അടങ്ങുന്ന സംഘമാണ് സന്ദർശനം നടത്തിയത്.
ചെള്ളുപനി റിപ്പോർട്ടുചെയ്ത പരിസര പ്രദേശങ്ങളിൽ ഫോഗിങ് നടത്തി സാമ്പിളുകൾ ശേഖരിച്ചു. ചെള്ള് നിയന്ത്രണത്തിന്റെ ഭാഗമായി ഡെസ്റ്റിങ് നടത്തി. ചെള്ളുപനി പടരുന്ന സാഹചര്യം പ്രതിരോധിക്കുന്നതിനായി തൊഴിലുറപ്പുതൊഴിലാളികൾ, കർഷകർ, റബർ ടാപ്പിങ് തൊഴിലാളികൾ തുടങ്ങിയവർക്ക് ബോധവത്കരണവും രോഗപ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ വിതരണവും നടത്തി. കൈയുറകളും ബൂട്സും ധരിക്കണമെന്നും വീട്ടുപരിസരങ്ങളിലെ കുറ്റിക്കാടുകൾ വെട്ടിത്തെളിച്ച് കത്തിക്കണമെന്നും അറിയിപ്പുനൽകി. പനി, ചെള്ളുകടിച്ച ചുവന്ന പാടുകൾ എന്നീ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ വൈദ്യസഹായം തേടണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ അറിയിച്ചു. മാലൂർ പ്രാഥമികരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. സിബീഷ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സുബൻ, ആശവർക്കർ ഷിംന, വാർഡ് അംഗം ശ്രീകല, പി. രാഖി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.