ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ പരിശോധന ശക്തം
text_fieldsകണ്ണൂർ: ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളിലും ജോലിയിടങ്ങളിലും എക്സൈസ് നടത്തിയ പരിശോധനയിൽ കുടുങ്ങിയത് 40 പേർ. നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്ത എക്സൈസ് ഇവർക്കെതിരെ കേസെടുത്ത് പിഴ ചുമത്തി. 20 ക്യാമ്പുകൾ തിങ്കളാഴ്ച പരിശോധിച്ചു. രാവിലെ തുടങ്ങിയ പരിശോധന രാത്രി വൈകുംവരെ നീണ്ടു. കണ്ണൂർ, കൂത്തുപറമ്പ്, തളിപ്പറമ്പ്, ഇരിട്ടി, ശ്രീകണ്ഠപുരം, ആലക്കോട് റേഞ്ചുകളിൽ നടന്ന പരിശോധനയിലാണ് ലഹരി വസ്തുക്കൾ പിടികൂടിയത്.
ആലുവയിൽ ബിഹാർ സ്വദേശിയുടെ മകൾ പീഡനത്തിനിരയായി കൊല്ലപ്പെട്ട സാഹചര്യത്തിലും അതിഥി തൊഴിലാളികൾക്കെതിരെ ലഹരി കടത്തും ഉപയോഗവും വ്യാപകമാണെന്ന പരാതികളെ തുടർന്നുമാണ് പരിശോധന നടത്തിയത്. ജില്ലയിൽ 12 റേഞ്ച് പരിധികളിലും റേഞ്ച്, സർക്കിൾ ഇൻസ്പെക്ടർമാരുടെയും റൂറൽ പൊലീസിന്റെയും നേതൃത്വത്തിലായിരുന്നു പരിശോധന. നാട്ടിൽപോയി മടങ്ങി വരുമ്പോൾ ഇതര സംസ്ഥാന തൊഴിലാളികൾ കഞ്ചാവും പുകയില ഉൽപന്നങ്ങളും അടക്കം ലഹരി വസ്തുക്കൾ കടത്തിക്കൊണ്ടുവരുന്നതായും വിൽപന നടത്തുന്നതായും നിരവധി പരാതികളുണ്ടായിരുന്നു. പരിശോധനക്കിടെ ആലക്കോട് പരിധിയിൽ 10 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.
തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സുകളിലും ലോഡ്ജുകളിലും വീടുകളിലും തൊഴിലിടങ്ങളിലും എക്സൈസ് വിദഗ്ധ പരിശോധന നടത്തി. വസ്ത്രങ്ങളും പണിയായുധങ്ങളും പരിശോധിച്ചു. നാട്ടിൽപോയി വരുമ്പോൾ വസ്ത്രക്കെട്ടുകൾക്കിടയിലും പണിയായുധങ്ങളിലും ഒളിപ്പിച്ച് കൊണ്ടുവരുന്ന ലഹരി വസ്തുക്കൾ തൊഴിലാളികൾക്കിടയിൽ വിൽപന നടത്തുന്നതായി എക്സൈസിന് വിവരമുണ്ട്. വരും ദിവസങ്ങളിലും പരിശോധനയുണ്ടാകുമെന്ന് എക്സൈസ് അസി. കമീഷണർ പി.എൽ. ഷിബു ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.