കണ്ണൂരിൽ കടൽക്ഷോഭം, കാറ്റ്, മഴ; വ്യാപക നാശം
text_fieldsകണ്ണൂർ: ജില്ലയിൽ രണ്ട് ദിവസമുണ്ടായ കനത്ത കാറ്റിലും മഴയിലും വ്യാപക നാശം. വിവിധ ഭാഗങ്ങളിൽ ശക്തമായ കടൽക്ഷോഭവും അനുഭവപ്പെട്ടു. മുഴപ്പിലങ്ങാട് ബീച്ചിലാണ് രൂക്ഷമായ കടൽക്ഷോഭം അനുഭവപ്പെട്ടത്. ന്യൂമാഹിയിലും അഴിയൂരിലുമുണ്ടായ കടൽക്ഷോഭത്തിൽ 10 തോണികൾക്ക് കേടുപാടുപറ്റി. മുഴപ്പിലങ്ങാട് ഏഴരയിൽ കടലാക്രമണത്തിൽ റോഡ് ഇടിഞ്ഞു. ശക്തമായ മിന്നലിൽ നിരവധി വീടുകൾക്കും വാഹനങ്ങൾക്കും ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്കും കേടുപാടുപറ്റി. മലയോരത്ത് ശക്തമായ കാറ്റിൽ ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശമുണ്ടായി.
കനത്ത മഴയെ തുടർന്ന് താഴെചൊവ്വ റെയിൽവേ ഗേറ്റിന് സമീപം നിയന്ത്രണം വിട്ട ലോറി ട്രാൻസ്ഫോർമറിൽ ഇടിച്ചുകയറി. വെള്ളിയാഴ്ച വൈകീട്ട് പെയ്ത മഴയെ തുടർന്നാണ് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച് പ്രദേശത്ത് ആറ് കിലോമീറ്റർ നീളത്തിലാണ് കടൽ കവിഞ്ഞൊഴുകിയത്. പടിഞ്ഞാറ് തെറിമ്മൽ മുതൽ എടക്കാട് ചിൽഡ്രൻസ് പാർക്ക് വരെയും ഏഴര ഹാർബർ ഉൾപ്പെടുന്ന പ്രദേശത്തും കടൽ കവിഞ്ഞൊഴുകിയത് ജനങ്ങളിൽ ആശങ്ക പടർത്തി. മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ചിൽ വാഹനങ്ങൾ ബീച്ചിലേക്ക് കടന്നുപോകുന്നതിന് കടൽഭിത്തി മുറിച്ചിട്ട ഭാഗങ്ങളിലൂടെയാണ് തിരയോടുകൂടിയ കടൽവെള്ളം കൂടുതൽ കരയിലേക്ക് കയറിയത്.
ഇവിടെ കരക്ക് നിർത്തിയിട്ട മത്സ്യത്തൊഴിലാളികളുടെ ഏതാനും തോണികൾക്ക് കേടുപാടുപറ്റി. കടലാക്രമണത്തിൽ ഏഴര ഹാർബറിന് സമീപത്തെ ബീച്ചിലേക്കിറങ്ങുന്ന റോഡ് ഭാഗികമായി തകർന്നു. മുഴപ്പിലങ്ങാട് മുതൽ എടക്കാട് വരെയുള്ള കടലാക്രമണ പ്രദേശം തഹസിൽദാറുടെ നേതൃത്വത്തിൽ പൊലീസും ജനപ്രതിനിധികളും സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. നിലവിൽ തീരപ്രദേശത്ത് താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കൽ ഉൾപ്പെടെ നടപടികളെടുക്കാൻ മാത്രം ആശങ്കപ്പെടേണ്ടതില്ലെന്ന് തഹസിൽദാർ പറഞ്ഞു. കണ്ണൂർ പയ്യാമ്പലത്തും കടൽ കവിഞ്ഞൊഴുകി.
കണ്ണൂർ തളാപ്പ് തുളിച്ചേരി ലെനിൻ നഗർ ഹൗസിങ് കോളനിയിൽ കനത്ത മഴയിൽ വീടിന് മുകളിൽ മതിൽ വീണ് നാശനഷ്ടമുണ്ടായി. വിമുക്തഭടൻ മുരളീധരെൻറ വീടിന് മുകളിലാണ് മതിൽ വീണത്. ജനൽ ഗ്ലാസുകൾ, കാർ എന്നിവ പൂർണമായും തകർന്നു. വാരം പുതുക്കുടിയിൽ നാരായണിയുടെ വീട് മിന്നലിൽ തകർന്നു. വീട്ടുപകരണങ്ങളടക്കം നശിച്ചു. മേയർ ടി.ഒ. മോഹനൻ നാശനഷ്ടം സംഭവിച്ച വീടുകളിൽ സന്ദർശനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.