കടല്‍ഭിത്തി നിർമാണം; വേഗത്തിലാക്കിയില്ലെങ്കിൽ നടപടി
text_fieldsകണ്ണൂർ: ജില്ലയിലെ കടല്‍ഭിത്തി നിർമാണ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ജില്ല വികസന സമിതി യോഗത്തില്‍ ആവശ്യപ്പെട്ടു. ഇത്തരം പ്രവൃത്തികള്‍ അനാവശ്യമായി വൈകിപ്പിക്കുന്ന കരാറുകാര്‍ക്കെതിരെ നടപടിയെടുക്കണം.
അതില്‍ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും ഇതിനായി വകുപ്പുകള്‍ ഏകോപനത്തോടെ പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു. മാടായി മാട്ടൂല്‍ കടല്‍ഭിത്തി നിർമാണം മന്ദഗതിയിലാണെന്ന എം. വിജിന് എം.എല്‍.എയുടെ നിര്‍ദേശം പരിഗണിക്കവെയായിരുന്നു മന്ത്രിയുടെ പ്രതികരണം. പ്രവൃത്തി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയതായി തലശ്ശേരി ഇറിഗേഷന്‍ സബ് ഡിവിഷന് എക്സിക്യൂട്ടിവ് എൻജിനീയര്‍ അറിയിച്ചു.
മാഹി പാലത്തിന്റെ അറ്റകുറ്റ പ്രവൃത്തിക്കായി അധികനിരക്കില്‍ 23.37 ലക്ഷം രൂപക്ക് കരാര്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും ദേശീയപാത അതോറിറ്റി അംഗീകരിക്കുന്ന മുറക്ക് എഗ്രിമെന്റ് വെച്ച് പ്രവൃത്തി തുടങ്ങുമെന്നും പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.
കാര്‍ഷികാവശ്യത്തിന് നേരത്തെ സൗജന്യമായി വൈദ്യുതി ലഭിച്ചിരുന്ന കര്‍ഷകരോട് ഇപ്പോള്‍ ബില്ല് അടക്കാന്‍ ആവശ്യപ്പെട്ട വിഷയം കൃഷി വകുപ്പ് ബില്ല് അടച്ച് പരിഹരിച്ചു. കാര്‍ഷികാവശ്യത്തിനുള്ള സൗജന്യ വൈദ്യുതി പദ്ധതിയില്‍ 20 ലക്ഷം രൂപ കൂടി അനുവദിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ആകെ ലഭിച്ച 35.96 ലക്ഷം രൂപയില്‍നിന്ന് 26.94 ലക്ഷം കെ.എസ്.ഇ.ബിക്ക് കൈമാറി. 7.21 ലക്ഷത്തിന്റെ ബില്ല് ട്രഷറിയില്‍ സമര്‍പ്പിച്ചെന്നും കൃഷി വകുപ്പ് അറിയിച്ചു.
കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പ്രീപെയ്ഡ് ഓട്ടോ സർവിസ് ഉടന്‍ ആരംഭിക്കാന്‍ കലക്ടര്‍ അരുണ്‍ കെ. വിജയന് നിര്‍ദേശിച്ചു. കേളകം, ഇരിട്ടി പ്രദേശങ്ങളിലെ വന്യമൃഗ ശല്യം പരിഹരിക്കാന്‍ രാത്രി പട്രോളിങ് ആരംഭിച്ചെന്ന് ഡി.എഫ്.ഒ പറഞ്ഞു. കൂത്തുപറമ്പ് നഗരസഭ സ്റ്റേഡിയം 100 വര്‍ഷത്തേക്ക് ലീസിന് ലഭിക്കാനുള്ള അപേക്ഷയില്‍ നടപടി വേഗത്തിലാക്കാന്‍ തലശ്ശേരി തഹസില്‍ദാര്‍ക്ക് സബ് കലക്ടര്‍ നിര്‍ദേശം നല്കി. ഈ വിഷയം കെ.പി. മോഹനന് എം.എല്‍.എ യോഗത്തില്‍ ഉന്നയിച്ചിരുന്നു.
കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ കലക്ടര്‍ അരുണ്‍ കെ. വിജയന് അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.