സെക്കൻഡറി വിഭാഗം ബെസ്റ്റ് പി.ടി.എ അവാർഡ്; സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനം കതിരൂർ ജി.വി.എച്ച്.എസ്.എസിന്
text_fieldsതലശ്ശേരി: അംഗീകാരത്തിളക്കത്തിൽ കതിരൂർ ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ. സംസ്ഥാന തലത്തിൽ മികച്ച സ്കൂൾ പി.ടി.എക്കുള്ള രണ്ടാം സ്ഥാനമാണ് ഈ വിദ്യാലയത്തെ തേടിയെത്തിയത്. നാടിനെ ചേർത്തുനിർത്തിയുള്ള പ്രവർത്തനമാണ് വിദ്യാലയത്തിന്റെ അംഗീകാരത്തിന് നിദാനമായത്.
2022-23 വർഷം വേറിട്ട പ്രവർത്തനങ്ങളാണ് രക്ഷാകർതൃ സമിതി കാഴ്ചവെച്ചത്. നാല് ലക്ഷം രൂപ അവാർഡ് തുകയായി ലഭിക്കും. വിദ്യാർഥികൾ, പൂർവ അധ്യാപക-വിദ്യാർഥി സംഘടനകൾ, രക്ഷാകർത്താക്കൾ, നാട്ടുകാർ തുടങ്ങിയവർ ഒരുമിച്ച് ചേർന്ന് ധാരാളം പ്രവർത്തനങ്ങൾ സ്കൂളിൽ നടപ്പിലാക്കുന്നുണ്ട്.
ശതാബ്ദിയോടനുബന്ധിച്ച് വിദ്യാലയത്തിലെ 2091 വിദ്യാർഥികളെ ഒരുമിച്ചിരുത്തി ഒരു മണിക്കൂർ കൊണ്ട് ഗാന്ധിജിയുടെ മുഖംവരച്ച് ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്ത് ലോക റെക്കോർഡ് നേടിയിരുന്നു.
സാമൂഹിക പ്രതിബദ്ധതയും ജീവകാരുണ്യ പ്രവർത്തനത്തിന്റെ മഹത്വവും വിദ്യാർഥികളുടെ മനസ്സിൽ ഉറപ്പിക്കാൻ രണ്ട് വിദ്യാർഥികൾക്ക് പി.ടി.എ നേതൃത്വത്തിൽ വീട് നിർമിച്ചു നൽകി.
പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാനതലത്തിൽ നടത്തിയ ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ സ്കൂളിന് സാധിച്ചു. പൊൻമീൻ -മത്സ്യകൃഷി പരിപാലനം, നീന്തൽ, ഫുട്ബാൾ-കളരി-കരാട്ടെ പരിശീലനം, ഓപ്പൺ ജിം, മലയാള ഭാഷാ പഠനത്തിൽ മികവ് ലക്ഷ്യംവെച്ചുള്ള അക്ഷരക്കതിർ പദ്ധതി, സബ്ജക്റ്റ് ക്ലിനിക് തുടങ്ങിയ വ്യത്യസ്തങ്ങളായ പരിപാടികൾ നടപ്പിലാക്കാൻ സാധിച്ചു.
പ്രസിഡൻറ് ശ്രീജേഷ് പടന്നക്കണ്ടിയുടെ നേതൃത്വത്തിൽ പ്രിൻസിപ്പൽ ഡോ.എസ്. അനിത, മുൻ ഹെഡ്മാസ്റ്റർ പ്രകാശൻ കർത്ത, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ ചന്ദ്രൻ കക്കോത്ത്, ഹെഡ്മാസ്റ്റർ എ. പ്രശാന്ത്, എ.കെ. പ്രജോഷ് എന്നിവരാണ് സ്കൂൾ വികസന പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. ബെസ്റ്റ് പി.ടി.എ അവാർഡ് നേടുന്നതിനായി സഹകരിച്ചവർക്ക് പ്രസിഡൻറ് ശ്രീജേഷ് പടന്നക്കണ്ടി, പ്രിൻസിപ്പൽ ഡോ.എസ്. അനിത, ഹെഡ്മാസ്റ്റർ എ. പ്രശാന്ത്, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ കെ. പ്രിയ എന്നിവർ നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.